വര്‍ക്ക് ഫ്രം ഹോം സ്വീകാര്യം; ഡാറ്റാ സുരക്ഷ വെല്ലുവിളി

Update: 2020-03-30 13:00 GMT

കൊറോണ വൈറസിനെ അകറ്റി നിര്‍ത്താന്‍ പരമാവധി ജീവനക്കാരെ വീട്ടിലിരുന്നു ജോലി ചെയ്യുന്നതിന് അനുവദിക്കുമ്പോള്‍ കമ്പനികള്‍ നേരിടുന്ന വെല്ലുവിളികളിലൊന്നായി മാറുന്നു ഡാറ്റാ സുരക്ഷ. ബിസിനസ്സ് തുടര്‍ച്ചയാണ് മിക്ക കോര്‍പ്പറേറ്റുകളുടെയും പ്രധാന ആശങ്കയെങ്കിലും,  ഡബ്ല്യുഎഫ്എച്ച് (വര്‍ക്ക് ഫ്രം ഹോം) സാഹചര്യത്തിലെ ക്ലയന്റ് ഡാറ്റയുടെ സുരക്ഷ ഉറപ്പാക്കേണ്ടതിന്റെ ആവശ്യക സങ്കീര്‍ണ്ണ വിഷയം തന്നെയാണെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

'മിഷന്‍-ക്രിട്ടിക്കല്‍ വര്‍ക്ക് ഉള്‍പ്പെടെ, വീട്ടില്‍ നിന്ന് ജോലി അനുവദിക്കുമ്പോള്‍, ജീവനക്കാര്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്റ്റ് 2000 പ്രകാരം ഇടനിലക്കാരായി മാറുന്നു. അതിനാല്‍, ഇന്ത്യന്‍ സൈബര്‍ നിയമ പ്രകാരമുള്ള ചട്ടങ്ങളും നിയന്ത്രണങ്ങളുമനുസരിച്ച് കൃത്യമായ  മാനദണ്ഡങ്ങള്‍ പാലിക്കാന്‍ അവര്‍ ബാധ്യസ്ഥരാണ്.'സൈബര്‍ നിയമ വിദഗ്ധന്‍ പവന്‍ ദുഗല്‍ പറയുന്നു.

അതേസമയം, ഇന്ത്യയ്ക്ക് സമഗ്രമായ ഒരു ഡാറ്റ പരിരക്ഷണ നിയമമോ സൈബര്‍ സുരക്ഷയെക്കുറിച്ചുള്ള സമര്‍പ്പിത നിയമമോ ഇല്ലാത്തത് പ്രശനം തന്നെയാണ്. കൂടാതെ, സ്വകാര്യതയുമായി ബന്ധപ്പെട്ടും പ്രത്യേക നിയമമില്ല. ഇത് ഡബ്ല്യുഎഫ്എച്ച് ബിസിനസുകളുടെ സാഹചര്യത്തെ സങ്കീര്‍ണ്ണമാക്കുന്നു. ചില തൊഴിലുടമകള്‍ക്ക് - കൂടുതലും ടെക് വിഭാഗത്തില്‍ - ഇതിനകം ഡബ്ല്യുഎഫ്എച്ച് പോളിസികള്‍ ഉണ്ടായിരുന്നു. ടെലികമ്മ്യൂട്ടിംഗ് കരാറുകളാണ് ചില കമ്പനികളിലേത്. പക്ഷേ, ഭൂരിഭാഗം ബിസിനസുകളിലും, ഓരോ കേസ് അനുസരിച്ച് അനൗപചാരിക ധാരണയിലാണ് ഡബ്ല്യുഎഫ്എച്ച് ഉണ്ടായിരുന്നതെന്ന് വിദഗ്ദ്ധര്‍ പറയുന്നു.

ഇപ്പോള്‍ തൊഴിലുടമകള്‍ അവരുടെ നയങ്ങള്‍ അവലോകനം ചെയ്യാനും അവരുടെ രീതികള്‍ ഔപചാരികമാക്കാനും തുടങ്ങിയിട്ടുണ്ടെന്ന്  നിഷിത് ദേശായി അസോസിയേറ്റ്സിലെ എച്ച്ആര്‍ നിയമങ്ങളുടെ തലവന്‍ വിക്രം ഷ്രോഫ് പറഞ്ഞു. വ്യക്തി വീട്ടില്‍ നിന്ന് ജോലിചെയ്യുമ്പോഴും ഡാറ്റാ രഹസ്യാത്മക വ്യവസ്ഥകള്‍ പാലിക്കാന്‍ ബാധ്യതയുണ്ടെന്ന്് ട്രൈഗല്‍ പങ്കാളിയായ അതുല്‍ ഗുപ്ത ചൂണ്ടിക്കാട്ടി.പക്ഷേ, തൊഴിലുടമകള്‍ ഫലപ്രദമായ ബോധവല്‍ക്കരണം നടത്തേണ്ടതുണ്ട്. തൊഴില്‍ കരാറിന്റെയും ഡബ്ല്യുഎഫ്എച്ച് പോളിസി / ടെലികമ്മ്യൂട്ടിംഗ് ഡീല്‍ ലംഘനത്തിന്റെയും പേരില്‍ ജീവനക്കാരുടെ മേല്‍ തൊഴിലുടമയ്ക്ക് നിയമനടപടി സ്വീകരിക്കാമെന്ന് ഷ്രോഫ് പറഞ്ഞു.

വീട്ടിലിരുന്ന് ജോലി ചെയ്യവേ നിര്‍ണ്ണായക വിവരങ്ങള്‍ വിശ്വസിച്ചേല്‍പ്പിക്കുന്നുവെന്നതിനാല്‍ കൂടുതല്‍ അച്ചടക്കവും ഉത്തരവാദിത്തവുമാണ് ജീവനക്കാരനില്‍ നിന്ന് കമ്പനി ആവശ്യപ്പെടുന്നത്. അശ്രദ്ധയോടെ ഡാറ്റ കൈകാര്യം ചെയ്യുന്നതു ജീവനക്കാരനും കമ്പനിക്കും ദോഷകരമാകും.
ഓഫീസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വ്യക്തിഗത ഇമെയിലിലും ഗൂഗിള്‍ ഡ്രൈവിലും സേവ് ചെയ്യുന്നത് അബദ്ധത്തില്‍ ഡാറ്റ ചോരാന്‍ ഇടയാക്കാം.

വീട്ടിലെ ജോലിസ്ഥലത്തിന്റെ ഫോട്ടോ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കണം.ഇത്തരം ചിത്രങ്ങളിലെ ലാപ്ടോപ്പ് സ്‌ക്രീനിലൂടെ ചിലപ്പോള്‍ കമ്പനിയുമായി ബന്ധപ്പെട്ട നിര്‍ണ്ണായക വിവരം പരസ്യമായെന്നിരിക്കും. വീട്ടിലിരുന്നുള്ള ജോലിയുടെ വിശദാംശങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വെളിപ്പെടുത്തുന്നത് ദോഷകരമായി മാറിയേക്കാം.

ജോലിയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നവര്‍ വ്യക്തിഗത അക്കൗണ്ടുകളും വര്‍ക്ക് അക്കൗണ്ടുകളും  ഒരേ ബ്രൗസറില്‍ എടുക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ജീവനക്കാരുടെ വ്യക്തിഗത താത്പര്യങ്ങളും കമ്പനി താത്പര്യങ്ങളും ഒരേ ദിശയിലാകണമെന്നില്ല.ജോലിയുമായി ബന്ധപ്പെട്ട ഫോള്‍ഡറും വ്യക്തിഗത ഫോള്‍ഡറുകളും വേര്‍തിരിച്ചു മാറ്റിയിടുന്ന കാര്യത്തില്‍ ശ്രദ്ധ വേണം. വീട്ടിലെ ഓഫീസ് സിസ്റ്റത്തില്‍ വ്യക്തിപരമായ ഫയലുകള്‍ സൂക്ഷിക്കരുത്. കമ്പനിയുടെ ഐടി വകുപ്പിന് അവയെല്ലാം പ്രാപ്യമായേക്കാം.

ഹാക്കര്‍മാര്‍ റാന്‍സംവെയര്‍ ഉപയോഗിച്ച് ഓഫീസ് സിസ്റ്റങ്ങളെ ലോക്ക്ഡൗണ്‍ ചെയ്യാന്‍ ഇപ്പോള്‍ ലക്ഷ്യമിടുന്നത് ഹോം നെറ്റ് വര്‍ക്കുകളെയാണ്. ഇവയെ ഹാക്കര്‍മാരില്‍ നിന്നു സംരക്ഷിക്കാന്‍ ഒരു വിപിഎന്‍ സര്‍വീസ് ഉപയോഗിക്കുന്നത് നന്നായിരിക്കും. ഉപയോഗിക്കാത്തപ്പോള്‍ ഓഫീസ് ലാപ്ടോപ്പ് നിര്‍ബന്ധമായും ലോക്ക് ചെയ്യാന്‍ ഓര്‍മ്മിക്കണം.ഓഫീസ് ജോലിക്കും വ്യക്തിഗത ഇന്റര്‍നെറ്റ് ബ്രൗസിംഗിനും വ്യത്യസ്ത ബ്രൗസറുകള്‍ ആണ് ഉപയോഗിക്കേണ്ടത്.ജോലിക്കുപയോഗിക്കുന്ന ലാപ്ടോപ്പ് മറ്റാര്‍ക്കും കൊടുക്കതിരിക്കുക.

കമ്പനികള്‍ ആദ്യം വിശദമായ ഡബ്ല്യുഎഫ്എച്ച് നയം കൊണ്ടുവന്ന് വെബ്സൈറ്റുകളില്‍ സ്ഥാപിക്കുകയും ജീവനക്കാരില്‍ നിന്ന് ഇലക്ട്രോണിക് സമ്മതം നേടുകയും ചെയ്യണമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. അത്തരം നയങ്ങളുമായി യോജിക്കുന്ന ജീവനക്കാരെ മാത്രമേ വീട്ടില്‍ നിന്ന് ജോലി ചെയ്യാന്‍ അനുവദിക്കാവു.'വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്വര്‍ക്കുകളും ക്ലൗഡ് സൊല്യൂഷനുകളും ഉണ്ടെന്ന് കമ്പനി ഉറപ്പുവരുത്തണം. എങ്കില്‍ മാത്രമേ ഡബ്ല്യുഎഫ്എം പരിസ്ഥിതിയില്‍ അടിസ്ഥാന സുരക്ഷ പരിപാലിക്കാനാകൂ,'- ഷാര്‍ദുല്‍ അമര്‍ചന്ദ് മംഗല്‍ദാസ് ആന്‍ഡ് കമ്പനി പങ്കാളി ജി വി ആനന്ദ് ഭൂഷണ്‍ ചൂണ്ടിക്കാട്ടി.

പാസ്വേഡുകള്‍ പങ്കിടാതിരിക്കുക, പ്രിന്റൗട്ടുകള്‍ നശിപ്പിച്ചുകളയുക, ബാക്കപ്പുകള്‍ സൃഷ്ടിക്കാതിരിക്കുക, സുരക്ഷിതമല്ലാത്ത നെറ്റ്വര്‍ക്കുകള്‍ ഉപയോഗിക്കാതിരിക്കുക തുടങ്ങി ബന്ധപ്പെട്ട എല്ലാ സുരക്ഷാ പ്രോട്ടോക്കോളുകളും കര്‍ശനമായി പാലിക്കേണ്ടതുണ്ടെന്നും ആനന്ദ് ഭൂഷണ്‍ കൂട്ടിച്ചേര്‍ത്തു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News