ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കാറുണ്ടോ ഇക്കാര്യം? ഇല്ലെങ്കില്‍ പണികിട്ടും

പലരും എല്ലാം ഓകെ കൊടുത്ത് മുന്നോട്ടുപോകുകയാണ് ചെയ്യുന്നത്

Update:2022-07-15 15:30 IST

പല ഉപയോഗങ്ങള്‍ക്ക്, പലജാതി ആപ്പുകള്‍ ഒരു മടിയുമില്ലാതെ ഇന്‍സ്റ്റാള്‍ ചെയ്യുന്നവരാണ് മൊബീല്‍ ഉപയോക്താക്കളിള്‍ അധികം പേരും. ഒരൊറ്റയാവശ്യത്തിന് ഏതെങ്കിലുമൊരു ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാതെ അങ്ങനെ കിടക്കുന്നുണ്ടാവും പലരുടെയും ഫോണുകളില്‍.

എന്നാല്‍ നിങ്ങള്‍ ഉപയോഗിക്കുന്നില്ലെങ്കിലും, ആപ്പുകള്‍ നിങ്ങളുടെ മൊബൈലില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നുണ്ടെന്നതാണ് വാസ്തവം. ഓരോ ആപ്പുകളും ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ എന്തൊക്കെ അനുമതികള്‍ ചോദിക്കുന്നുണ്ടെന്ന് കൃത്യമായ ധാരണയോടെ വേണം അതൊക്കെ ഓകെ കൊടുക്കാന്‍.
ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നവേളയില്‍ പലതരത്തിലുള്ള പ്രവേശന അനുമതി (access permission) ആവശ്യപ്പെടാറുണ്ട്. ആപ്പുകളുടെ സേവനം ലഭിക്കാന്‍ അനുമതികള്‍ നാം നല്‍കേണ്ടതായി വരും. എന്നാല്‍, അല്‍പ്പം മുന്‍കരുതലോടെ ആപ്പുകളെ സമീപിച്ചാല്‍ സുരക്ഷാഭീഷണി കുറയ്ക്കാനാകും.
ജോലി ആവശ്യങ്ങള്‍ക്കും, വിനോദത്തിനും, സാമൂഹിക ഇടപെടലുകള്‍ക്കുമെല്ലാം വിവിധ തരം ആപ്പുകളാണ് നാം ഉപയോഗിക്കുന്നത്. ഇവ ഏതൊക്കെ തരത്തിലുള്ള അനുമതികളാണ് ചോദിക്കുന്നത് എന്നത് സംബന്ധിച്ച് കൃത്യമായ ധാരണ വേണം.
ഉദാഹരണത്തിന്, വീഡിയോ കോളുമായി ബന്ധപ്പെട്ട ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് മുമ്പ് ഫോണിലെ ക്യാമറയിലേക്കുള്ള പ്രവേശന അനുമതി ചോദിച്ചാല്‍ അതില്‍ കാര്യമുണ്ടെന്ന് മനസിലാക്കാം. അതേസമയം, നിങ്ങളുടെ മൈക്രോഫോണുമായി ബന്ധമുളള ഒരു സേവനവും നല്‍കാത്ത ആപ്പ് അതിലേക്കുള്ള അനുമതി ചോദിക്കുകയാണെങ്കില്‍ അനാവശ്യമായ ഒന്നാണിതെന്നും മനസിലാക്കാം. ഇതിനു സമാനമാണ് ചില ആപ്പുകള്‍ നമ്മുടെ ഗാലറിയുടെയും കോണ്ടാക്ട് വിവരങ്ങളുടെയും അക്സസും ആവശ്യപ്പെടുന്നത്.
ഇതൊക്കെ ആവശ്യമുള്ള ആപ്പുകളാണെങ്കില്‍ തന്നെയും നമ്മള്‍ ഉപയോഗിക്കുന്ന സമയത്ത് മാത്രം അനുമതി നല്‍കാനുള്ള ഓപ്ഷനും ഉപയോഗപ്പെടുത്തണം. അതായത്, ഗൂഗിള്‍ മാപ്പ് ഡൗണ്‍ലോഡ് ചെയ്യുകയാണെങ്കില്‍ നിങ്ങളോട് തീര്‍ച്ചയായും നിങ്ങളുടെ ലൊക്കേഷന്‍ ട്രാക്ക് ചെയ്യാനുള്ള അനുമതി ചോദിക്കും. ലൊക്കേഷന്‍ ട്രാക്കിംഗ് അനുവദിച്ചാല്‍ മാത്രമേ ആപ്പിന് കൃത്യമായി പ്രവര്‍ത്തിക്കാനാവൂ. അത് കൊടുക്കുകയും വേണം. എന്നാല്‍, എല്ലാ സമയത്തും ട്രാക്ക് ചെയ്‌തോളൂ എന്ന് അനുമതി കൊടുക്കുന്നതിനു പകരം ഉപയോഗിക്കുമ്പോള്‍ മാത്രം അനുമതി കൊടുക്കുന്നതാണ് നല്ലത്.
ഇങ്ങനെ ഓരോ ആപ്പുകളും ഉപയോഗ സമയത്തിന് മാത്രം, ആവശ്യത്തിനുള്ള അനുമതികള്‍ മാത്രം കൊടുത്താണ് ഉപയോഗിക്കുന്നതെങ്കില്‍ കൂടുതല്‍ സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കാം.


Tags:    

Similar News