സൂം മിറ്റിംഗ് ആപ്പ് അത്ര സുരക്ഷിതമല്ല! കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്‍കുന്ന മുന്നറിയിപ്പ് ഇതാണ്

Update: 2020-04-17 03:30 GMT

സൂം മീറ്റിംഗ് ആപ്പിനെതിരെ സുരക്ഷാ മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍. വീഡിയോ കോണ്‍ഫറന്‍സിംഗിനായി ഉപയോഗിക്കുന്ന സൂം ആപ്പ് സുരക്ഷിതമല്ലെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും കേന്ദ്രം സ്വകാര്യ ഉപയോക്താക്കള്‍ക്ക് നല്‍കിയിട്ടുണ്ട്. ഇ്ത്യയില്‍ പലരും ലോക്ഡൗണ്‍ മൂലം വര്‍ക്ക് ഫ്രം ഹോം സ്വീകരിക്കുകയും അതിനായി സൂം ആപ്പ് വന്‍ തോതില്‍ ഉപയോഗിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് മാര്‍ഗ്ഗനിര്‍ദേശങ്ങളുമായി സര്‍ക്കാര്‍ തന്നെ രംഗത്തെത്തിയിട്ടുള്ളത്. ആപ്പില്‍ നിന്നുള്ള സുരക്ഷാ വീഴ്ചകള്‍ നേരത്തെ കണ്ടെത്തിയിരുന്നു. ഇന്ത്യയില്‍ രാജ്യവ്യാപക ലോക്ക്‌ഡൌണ്‍ പ്രഖ്യാപിച്ചതോടെയാണ് ആളുകള്‍ നേരം പോക്കിനായി പോലും വ്യാപകമായി സൂം വിഡിയോ ആപ്പിനെ ആശ്രയിക്കുന്നുണ്ട്.

സുരക്ഷാ വീഴ്ച

സൂം ആപ്പ് സുരക്ഷിതമല്ലാത്തതുകൊണ്ട് തന്നെ സര്‍ക്കാര്‍ ഓഫീസുകളും സ്വകാര്യ വ്യക്തികളും ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ആപ്പ് ഉപയോഗിക്കരുതെന്നാണ് കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ്. ഉപയോഗിക്കുന്ന ഡിവൈസിന്റെ സുരക്ഷിതത്വത്തിനു പുറമെ സൂം മീറ്റിംഗുകളുടെ വിഡിയോ, സംഭാഷണങ്ങള്‍ തുടങ്ങിയവ ചോരാനിടയുണ്ടെന്നതാണ് മനസ്സിലായിട്ടുള്ളത്. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് കേന്ദ്രം മുന്നറിയിപ്പുമായി രംഗത്തെത്തിയിട്ടുള്ളത്.

Read More: വീട്ടിലിരുന്ന് ജോലി ചെയ്യുകയാണോ? സര്‍ക്കാരിന്റെ ഈ നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധിക്കൂ

വ്യക്തിഗത ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ തീരെ സുരക്ഷിതമായ ഇടമല്ല സൂം എന്ന് നേരത്തെ തന്നെ സിഇആര്‍ടി ഉപദേശം നല്‍കിയിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ നിര്‍ദേശത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

നിര്‍ദേശങ്ങള്‍

ഇതിനോടകം തന്നെ പല മന്ത്രാലയങ്ങളിലും സൂം ആപ്പ് ഉപയോഗപ്പെടുത്തിക്കഴിഞ്ഞിട്ടുണ്ട്. സൂമിലൂടെ നടത്തിയ ചര്‍ച്ചയുടെ പല സ്‌ക്രീന്‍ ഷോട്ടുകളും വിവിധ വകുപ്പ് മന്ത്രിമാര്‍ പങ്കുവെച്ചിരുന്നു. സിവില്‍ ഏവിയേഷന്‍, റോഡ് ട്രാന്‍സ്‌പോര്‍ട്ട്, സ്‌മോള്‍ ആന്‍ഡ് മീഡിയം ഇന്‍ഡസ്ട്രീസ്, സ്‌പോര്‍ട്‌സ്, ട്രൈബല്‍ അഫയേഴ്‌സ് തുടങ്ങി കഴിഞ്ഞ ലോക്ഡൗണ്‍ ദിനങ്ങളില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുമായി മന്ത്രിമാര്‍ നടത്തിയ ചര്‍ച്ചകള്‍ ഭൂരിഭാഗവും സൂം ആപ്പ് വഴി ആയിരുന്നു. ഇതെല്ലാം പരിമിതപ്പെടുത്താന്‍ തീരുമാനമായിട്ടുണ്ട്.

സൂം ആപ്പ് ഉപയോഗിക്കുന്ന സ്വകാര്യ വ്യക്തികള്‍ക്ക് ഒമ്പത് മാര്‍ഗ്ഗനിര്‍ദേശങ്ങളും ഇതിനൊടൊപ്പം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. ഓരോ തവണ സൂം ആപ്പ് ഉപയോഗിക്കുമ്പോഴും പുതിയ യൂസര്‍ ഐഡിയും പാസ് വേര്‍ഡും ഉപയോഗിക്കുക എന്നതാണ് ഇതില്‍ പ്രധാനപ്പെട്ടത്.

സ്വകാര്യ ആവശ്യങ്ങള്‍ക്കായി ആപ് ഉപയോഗിക്കുന്നവര്‍ നിര്‍ബന്ധമായും സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പാലിക്കേണ്ടതുണ്ട്. കോണ്‍ഫറന്‍സ് റൂമിലേക്ക് അംഗീകാരമില്ലാതെ പ്രവേശിക്കുന്നത് തടയുക. അംഗീകാരമുള്ള ഉപയോക്താക്കള്‍ കോണ്‍ഫറന്‍സില്‍ വിദ്വേഷ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് തടയുക.

ഡിഒഎസ് ആക്രമണങ്ങള്‍ ഒഴിവാക്കുന്നതിന് ഉപയോക്താക്കളുടെ പ്രവേശനം പാസ് വേര്‍ഡ് ഉപയോഗിച്ച് പരിമിതപ്പെടുത്തുക എന്ന നിര്‍ദേശവും കേന്ദ്രം മുന്നോട്ടുവെക്കുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News