സൂം ഇനി വീഡിയോ കോളിന് മാത്രമായിരിക്കല്ല, ഇമെയിലും കലണ്ടറും എത്തുന്നു
സൂം സ്‌പോട്‌സ് എന്ന പേരില്‍ ഒരു വിര്‍ച്വല്‍ ഇന്ററാക്ഷന്‍ പ്ലാറ്റ്‌ഫോമും കമ്പനി അവതരിപ്പിക്കും
പ്രമുഖ വീഡിയോ കോണ്‍ഫറന്‍സിംഗ് പ്ലാറ്റ്‌ഫോമായ സൂം (Zoom) സേവനങ്ങള്‍ വിപുലീകരിക്കുന്നു. സൂം മെയില്‍, കലണ്ടര്‍ എന്നീ സേവനങ്ങളാണ് കമ്പനി പുതുതായി അവതരിപ്പിക്കുന്നത്. നിലവില്‍ ഇവയുടെ ബീറ്റ വേര്‍ഷന്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. കോവിഡിനെ തുടര്‍ന്ന് വര്‍ക്ക് ഫ്രം ഹോം രീതി വ്യാപകമായതോടെ സൂം ഉപയോഗം കുത്തനെ ഉയര്‍ന്നിരുന്നു.
2021ന്റെ മൂന്നാം പാദത്തില്‍ 369 ശതമാനം വളര്‍ച്ചയാണ് കമ്പനി നേടിയത്. കോവിഡ് ശമിച്ചതോടെ 2023ന്റെ പകുതിയോടെ സൂമിന്റെ വളര്‍ച്ച 8 ശതമാനമായി കുറയുമെന്നാണ് വിലയിരുത്തല്‍. ഈ പശ്ചാത്തലത്തിലാണ് കമ്പനി പുതിയ സേവനങ്ങളുമായി എത്തുന്നത്. യുഎസിലും കാനഡയിലുമുള്ള സൂം വണ്‍ പ്രൊ, സൂം സ്റ്റാന്‍ഡേര്‍ഡ് പ്രൊ ഉപഭോക്താക്കള്‍ക്ക് അധികച്ചെലവ് ഇല്ലാതെ ഇമെയില്‍, കാലണ്ടര്‍ സേവനങ്ങള്‍ ഉപയോഗിക്കാം.
വിവിധ പ്ലാനുകള്‍ അനുസരിച്ച് ഉപഭോക്താക്കള്‍ക്ക് 15 ജിബി മുതല്‍ 100 ജിബി വരെയുള്ള സ്‌റ്റോറേജ് സൗകര്യവും സൂം മെയില്‍ നല്‍കും. സൂമിന്റെ ഇമെയില്‍ സേവനം എന്‍ട്-ടു-എന്‍ട് എന്‍ക്രിപ്റ്റഡ് ആയിരിക്കും. അതേ സമയം ഉപഭോക്താക്കള്‍ക്ക് മറ്റ് തേര്‍ഡ് പാര്‍ട്ടി ഇമെയിലുകള്‍ സൂം ആപ്ലിക്കേഷനുമായി ബന്ധിപ്പിക്കുന്നതിന് തടസമുണ്ടാകില്ല.
സൂം മീറ്റിംഗ്, ഷെഡ്യൂളിംഗ്, സൂം മീറ്റിംഗില്‍ ചേരുന്ന ആളുകളുടെ വിവരങ്ങള്‍ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ അറിയാനുള്ള സൗകര്യം കലണ്ടറില്‍ ഉണ്ടാവും. സൂം സ്‌പോട്‌സ് (Zoom Spots) എന്ന പേരില്‍ ഒരു വിര്‍ച്വല്‍ ഇന്ററാക്ഷന്‍ പ്ലാറ്റ്‌ഫോമും കമ്പനി പുതുതായി അവതരിപ്പിച്ചിട്ടുണ്ട്. സഹപ്രവര്‍ത്തകര്‍ക്ക് വീഡിയോയിലൂടെ ആശയവിനിമയം നടത്താനുള്ള അവസരമാണ് സൂം സ്‌പോട്‌സിലൂടെ ഒരുക്കുക. 2023ന്റെ തുടക്കത്തിലാവും സേവനം ഉപഭോക്താക്കള്‍ക്ക് ലഭിച്ച് തുടങ്ങുക.