ജിയോ ഫൈബർ ഓരോ വീട്ടിലും; പ്ലഗ് പോയ്ന്റും സ്വിച്ചും വരെ സ്മാർട്ട് ആകും

Update: 2018-07-06 06:22 GMT

എംബിപിഎസിന്റെ കാലം കഴിഞ്ഞു ഇനി ജിബിപിഎസിന്റെ കാലമാണെന്നാണ് ജിയോ ജിഗാ ഫൈബർ അവതരിപ്പിച്ചു കൊണ്ട് ഇഷ അംബാനി പറഞ്ഞത്. പേര് സൂചിപ്പിക്കുന്നത് പോലെ അതിവേഗ ഇന്റർനെറ്റാണ് റിലയൻസിന്റെ പുതിയ ഫൈബർ അധിഷ്ഠിത ബ്രോഡ്ബാൻഡ് സേവനം വാഗ്ദാനം ചെയ്യുന്നത്.

ഒരൊറ്റ ഫിക്സഡ് ഒപ്ടിക്കൽ ഫൈബർ കേബിൾ വഴി അതിവേഗ ഇന്റർനെറ്റ്, ടിവിയിൽ അൾട്രാ ഹൈ ഡെഫിനിഷൻ വിഡിയോ, വിഡിയോ കോൺഫറൻസിങ് സൗകര്യം, ശബ്ദാധിഷ്ഠിത വെർച്വൽ അസിസ്റ്റൻസ്, വെർച്വൽ റിയാലിറ്റി ഗെയിമിങ്, ഡിജിറ്റൽ ഷോപ്പിങ്, സ്മാർട് ഹോം കണക്ടിവിറ്റി എന്നിവയെല്ലാം ലഭ്യമാകും.

അതിവേഗ ഇന്റർനെറ്റ് ഉണ്ടെകിൽ ഐഒടി സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി ഗൃഹോപകരണങ്ങൾ പരസ്പരവും സ്മാർട്ട് ഫോണുമായും ബന്ധിപ്പിക്കാം. അങ്ങനെ വീട്ടിലെ സ്വിച്ചുകളും പ്ലഗ് പോയന്റ് വരെയും സ്മാർട്ട് ആക്കാം.

പുതിയ സേവനം 1100 നഗരങ്ങളിൽ ഉടൻ ലഭ്യമാകും. വ്യാപരികൾ, എസ്എംഇകൾ, വലിയ കോർപറേറ്റുകൾ എന്നിവർക്ക് ഫൈബർ മുഖേനയുള്ള ഇന്റർനെറ്റ് കണക്റ്റിവിറ്റി നല്കാൻ പോന്നതാണ് ജിയോ ജിഗാ-ഫൈബർ.

ആയിരക്കണക്കിന് വീടുകളിൽ ഇപ്പോൾ ജിയോ ജിഗാ ഫൈബറിന്റെ ബീറ്റ ട്രയലുകൾ നടന്നുകൊണ്ടിരിക്കുകയാണ്.

ജിയോ ജിഗാ ഫൈബർ ഉപയോഗിക്കാൻ താൽപര്യമുള്ളവർ ഓഗസ്റ്റ് 15 മുതൽ മൈ ജിയോ ആപ്പ് വഴിയോ Jio.com വഴിയോ രജിസ്റ്റർ ചെയ്യണം. മുൻഗണനാ ക്രമത്തിൽ അവർക്ക് ഫൈബർ കണക്ടിവിറ്റി നൽകും.

ജിയോ ഫൈബറിന്റെ നിരക്കുകൾ പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും റിലയൻസ് ജിയോയുടേത് പോലുള്ള ഡിസ്റപ്റ്റീവ് പ്രൈസിംഗ് ആയിരിക്കുമെന്നാണ് പ്രതീക്ഷ.

Similar News