ഈ രാജ്യത്തേക്ക് ഇന്ത്യയില്‍ നിന്ന് വിസയില്ലാതെ പറക്കാം

യു.കെ, യു.എസ്, ചൈന, കാനഡ തുടങ്ങിയ രാജ്യങ്ങളിലെ പൗരന്മാർക്കും രാജ്യത്ത് വരാന്‍ വിസ ആവശ്യമില്ല

Update:2024-08-22 13:20 IST

Image Courtesy: Canva

ടൂറിസം വികസനം പ്രോല്‍സാഹിപ്പിക്കുന്നതിന് പല രാജ്യങ്ങളും നൂതനമായ പല പദ്ധതികളുമാണ് നടപ്പാക്കി കൊണ്ടിരിക്കുന്നത്. ഇന്ത്യയുടെ അടുത്ത് കിടക്കുന്ന മനോഹരമായ ദ്വീപ് രാഷ്ട്രമാണ് ശ്രീലങ്ക. ആഭ്യന്തര കലാപം രൂക്ഷമായതിനെ തുടര്‍ന്ന് ഒരു വര്‍ഷം മുമ്പ് വരെ ശ്രീലങ്കയില്‍ അരക്ഷിതമായ രാഷ്ട്രീയ കാലാവസ്ഥയായിരുന്നു നിലനിന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ സ്ഥിതി ആകെ മാറിയിരിക്കുകയാണ്.
ശ്രീലങ്കയുടെ വിനോദ സഞ്ചാര സാധ്യതകള്‍ വര്‍ധിപ്പിക്കാനുളള ശ്രമത്തിലാണ് റനിൽ വിക്രമസിംഗെ സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി 35 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് ആറു മാസത്തേക്ക് വിസ രഹിത പ്രവേശനം പ്രഖ്യാപിച്ചിരിക്കുകയാണ് ശ്രീലങ്കൻ സർക്കാർ.
ഇന്ത്യ, യു.കെ, യു.എസ് എന്നിവയുൾപ്പെടെയുളള രാജ്യങ്ങളിലെ പൗരന്മാർക്കാണ് വിസ രഹിത പ്രവേശനം അനുവദിച്ചിരിക്കുന്നത്. 2024 ഒക്‌ടോബർ 1 മുതലാണ് വിസ കൂടാതെയുളള പ്രവേശനം പ്രാബല്യത്തിൽ വരിക.

പട്ടികയിലുളള മറ്റു രാജ്യങ്ങള്‍

ചൈന, ജർമ്മനി, നെതർലാൻഡ്‌സ്, ബെൽജിയം, സ്പെയിൻ, ഓസ്‌ട്രേലിയ, ഡെൻമാർക്ക്, പോളണ്ട്, കസാക്കിസ്ഥാൻ, സൗദി അറേബ്യ, യുഎഇ, നേപ്പാൾ, ഇന്തോനേഷ്യ, റഷ്യ, തായ്‌ലൻഡ് എന്നിവയാണ് പട്ടികയിലുള്ള മറ്റു രാജ്യങ്ങൾ.
മലേഷ്യ, ജപ്പാൻ, ഫ്രാൻസ്, കാനഡ, ചെക്ക് റിപ്പബ്ലിക്, ഇറ്റലി, സ്വിറ്റ്സർലൻഡ്, ഓസ്ട്രിയ, ഇസ്രായേൽ, ബെലാറസ്, ഇറാൻ, സ്വീഡൻ, ദക്ഷിണ കൊറിയ, ഖത്തർ, ഒമാൻ, ബഹ്റൈൻ, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങളിലെ പൗരന്മാർക്കും വിസ രഹിത പ്രവേശനം സാധ്യമാണ്.
നേരത്തെ ശ്രീലങ്കയിലേക്കുളള ഓൺ അറൈവൽ വിസകളുടെ ഫീസ് വർദ്ധിപ്പിച്ചതിനെ തുടര്‍ന്ന് വിവാദങ്ങള്‍ ഉടലെടുത്തിരുന്നു. അതേസമയം ഇന്ത്യ, ചൈന, റഷ്യ, ജപ്പാൻ, മലേഷ്യ, തായ്‌ലൻഡ്, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള സന്ദർശകർക്ക് ശ്രീലങ്കയിലേക്ക് ടൂറിസ്റ്റ് വിസ സൗജന്യമായാണ് നല്‍കിയിരുന്നത്.
Tags:    

Similar News