ഓസ്‌ട്രേലിയയിലേക്കുള്ള വര്‍ക്ക് ആന്‍ഡ് ഹോളിഡേ വീസ ഇനി 'ബാലറ്റ്' വഴി, ഇന്ത്യക്കാര്‍ക്ക് എളുപ്പമായി

അവധിക്കാലം ആസ്വദിക്കാനും ആ കാലയളവില്‍ ജോലി ചെയ്ത് ചെലവുകള്‍ക്കുള്ള പണം കണ്ടെത്താനും സാധിക്കും

Update:2024-09-18 15:56 IST

ഇന്ത്യക്കാര്‍ക്ക് വര്‍ക്ക് ആന്‍ഡ് ഹോളിഡേ വീസയ്ക്ക് അപേക്ഷിക്കാന്‍ 'ബാലറ്റ്' എന്ന പുതിയ സംവിധാനം അവതരിപ്പിച്ച് ഓസ്‌ട്രേലിയ. ഇന്ത്യയെ കൂടാതെ ചൈന, വിയറ്റ്‌നാം എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കും ഈ സൗകര്യം ലഭ്യമാണ്. എളുപ്പത്തിലും സുതാര്യമായും വീസ ലഭ്യമാക്കാനാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.

വര്‍ക്ക് ആന്‍ഡ് ഹോളിഡേ വിസയ്ക്ക് യോഗ്യരായവരെ ബാലറ്റ് വഴിയാണ് തിരഞ്ഞെടുക്കുക. 25 ഓസ്‌ട്രേലിയന്‍ ഡോളറാണ് ഈ ബാലറ്റ് പ്രക്രിയയുടെ രജിസ്‌ട്രേഷന്‍ ഫീസ്. ബാലറ്റ് വഴി തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഓണ്‍ലൈനായി വര്‍ക്ക് ആന്‍ഡ് ഹോളിഡേ വീസയ്ക്ക് അപേക്ഷിക്കാം. നിലവില്‍ വര്‍ക്ക് ആന്‍ഡ് ഹോളിഡേ വീസ ഉള്ളവര്‍ക്കും ബാലറ്റ് വഴി അപേക്ഷിക്കാം. പരിമിതമായ എണ്ണം സ്പോട്ടുകള്‍ക്കായി ധാരാളം ആളുകള്‍ അപേക്ഷിക്കുമ്പോള്‍ ആര്‍ക്കൊക്കെ വിസ ലഭിക്കുമെന്ന് തിരഞ്ഞെടുക്കാന്‍ സഹായിക്കുന്നതാണ് ബാലറ്റ് സംവിധാനം.

പഠിക്കാനും ജോലി ചെയ്യാനും അവസരം

18 നും 30 നും ഇടയില്‍ പ്രായമുള്ള വ്യക്തികള്‍ക്കാണ് ആദ്യ വര്‍ക്ക് ആന്‍ഡ് ഹോളിഡേ വീസ (സബ്ക്ലാസ് 462) അനുവദിക്കുന്നത്. ഓസ്‌ട്രേലിയയില്‍ അവധിക്കാലം ആസ്വദിക്കാനും ആ കാലയളവില്‍ ജോലി ചെയ്ത് പണം സമ്പാദിക്കാനും സഞ്ചാരികളെ അനുവദിക്കുന്നതാണ് വര്‍ക്ക് ആന്‍ഡ് ഹോളിഡേ വീസ. നാല് മാസം വരെ പഠിക്കാനും ഓസ്ട്രേലിയയിലേക്ക് നിരവധി തവണ യാത്ര ചെയ്യാനും ഈ വീസ അനുവദിക്കും. വീസയ്ക്ക് 650 ഓസ്‌ട്രേലിയന്‍ ഡോളറാണ് (ഏകദേശം 36,748 രൂപ) ചെലവ് വരുന്നത്.
ആദ്യമായി അപേക്ഷിക്കുന്നവര്‍ക്ക് മാത്രമാണ് 2024-25 വര്‍ഷത്തേക്ക് നടപ്പാക്കിയിട്ടുള്ള പദ്ധതിയില്‍ പ്രവേശനം. ഇന്ത്യ, ചൈന, വിയ്റ്റാം എന്നിവിടങ്ങളില്‍ നിന്നുള്ള നിലവിലെ വിസ ഉടമകള്‍ക്കോ ഇതിനകം വര്‍ക്ക് ആന്റ് ഹോളിഡേ വിസ അനുവദിച്ചിട്ടുള്ളവര്‍ക്കോ ImmiAccount വഴി ഓണ്‍ലൈനായി രണ്ടാമത്തെയോ മൂന്നാമത്തെയോ വിസയ്ക്ക് അപേക്ഷിക്കുന്നത് തുടരാം. മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള അപേക്ഷകര്‍ക്കുള്ള നടപടികള്‍ നിലവിലേതു പോലെ തുടരും.
ഓസ്‌ട്രേലിയ-ഇന്ത്യ ഇക്കണോമിക് കോ-ഓപ്പറേഷന്‍ ആന്‍ഡ് ട്രേഡ് എഗ്രിമെന്റ് പ്രകാരം ഇന്ത്യന്‍ പൗരന്മാര്‍ക്കായി 1,000 വര്‍ക്ക് ആന്‍ഡ് ഹോളിഡേ വീസയാണ് വര്‍ഷം വാഗ്ദാനം ചെയ്തിരിക്കുന്നത്. രണ്ടു രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുന്നതിന്റെ ഭാഗമായി നടപ്പാക്കിയതാണ് ഈ കരാര്‍.
Tags:    

Similar News