സ്വര്‍ഗം ഭൂമിയെ തൊടുന്നത് കാണാന്‍ പോകാം: ദേവഭൂമിയിലേക്ക് യാത്രയൊരുക്കി ഇന്ത്യന്‍ റെയില്‍വേ

കൊച്ചുവേളിയില്‍ നിന്നാണ് ട്രെയിന്‍ പുറപ്പെടുന്നത്

Update:2024-07-15 16:58 IST

representational image . image credit : canva

സ്വര്‍ഗം ഭൂമിയെ തൊടുന്ന സ്ഥലം... ഇങ്ങനെയാണ് ഉത്തരാഖണ്ഡിനെ സഞ്ചാരികള്‍ വിശേഷിപ്പിക്കുന്നത്. ഹിമാലയത്തിന്റെ താഴ്‌വരയില്‍ ഇന്ത്യന്‍ സംസ്‌ക്കാരത്തെ വിളിച്ചോതുന്ന ക്ഷേത്രങ്ങളും നിരവധി പട്ടണങ്ങളുമുള്ള മനോഹരമായ ദേവഭൂമി. ഉത്തരാഖണ്ഡ് സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയമാണ് ജൂലൈ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലഘട്ടം.
ഈ സമയത്ത് തെക്കേയിന്ത്യ മുതല്‍ മഴക്കാഴ്ചകളും കണ്ട് ദേവഭൂമിയിലേക്ക് ട്രെയിനില്‍ യാത്ര പോകാന്‍ അവസരം ഒരുക്കിയിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ. ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്‍ ലിമിറ്റഡും ഉത്തരാഖണ്ഡ് ടൂറിസം ഡെവലപ്‌മെന്റ് ബോര്‍ഡും ചേര്‍ന്നാണ് ദേവ്ഭൂമി മാനസ്ഖണ്ഡ് യാത്ര ബൈ ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിന്‍ എന്ന പേരില്‍ ട്രെയിന്‍ യാത്ര ഒരുക്കിയിരിക്കുന്നത്.
10 പകലും 11 രാത്രിയും അടങ്ങിയ പാക്കേജിലുള്ള ട്രെയിന്‍ ജൂലൈ 26ന് കൊച്ചുവേളിയില്‍ നിന്നും തിരിക്കും. സ്റ്റാന്‍ഡേര്‍ഡ് ടിക്കറ്റിന് 28,020 രൂപയും ഡീലക്‌സിന് 35,340 രൂപയുമാണ് ഒരാള്‍ക്ക് ചെലവ് വരുന്നത്. നൈനിറ്റാള്‍, അല്‍മോറ, കൗസാനി, ഭിംതാല്‍ തുടങ്ങിയ നഗരങ്ങള്‍ സന്ദര്‍ശിക്കും. നൈന ദേവി ക്ഷേത്രം, നൈനി തടാകം, ബാബ നീം കരോലി ക്ഷ്രേത്രം, കസര്‍ ദേവി ക്ഷേത്രം, കതര്‍മാല്‍ സൂര്യക്ഷേത്രം, നന്ദ ദേവി ക്ഷേത്രം, ജഗേഷ്വര്‍ ഡാം തുടങ്ങിയ പ്രശസ്തമായ സ്ഥലങ്ങളും കാണാനുള്ള അവസരമുണ്ട്.
എസി ക്ലാസിലാണ് ട്രെയിന്‍ യാത്ര. ഭിംതാല്‍, അല്‍മോറ, കൗസാനി എന്നിവിടങ്ങളില്‍ രണ്ട് വീതം ആറ് ദിവസത്തെ താമസ സൗകര്യവും ഒരുക്കും. രാവിലത്തെ ചായ, പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം (എല്ലാം സസ്യാഹാരം) എന്നിവയും റെയില്‍വേ നല്‍കും. സ്റ്റാന്‍ഡേര്‍ഡ് പാക്കേജില്‍ ഉള്ളവര്‍ക്ക് നോണ്‍ എസിയും ഡീലക്‌സ് പാക്കേജിലുള്ളവര്‍ക്ക് എസി ബസുകളുമാണ് സ്ഥലങ്ങള്‍ കാണാനായി നല്‍കുക.
ലോക്കല്‍ ഗൈഡുമാരുടെ സേവനം, യാത്രാ ഇന്‍ഷുറന്‍സ്, സൗകര്യങ്ങളൊരുക്കാന്‍ ഐ.ആര്‍.സി.ടി.സി ടൂര്‍ മാനേജര്‍മാര്‍, സെക്യുരിറ്റി തുടങ്ങിയ സൗകര്യങ്ങളും റെയില്‍വേ ഒരുക്കും. കൊച്ചുവേളിക്ക് പുറമെ കൊല്ലം, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം ടൗണ്‍, തൃശൂര്‍, ഷൊര്‍ണൂര്‍, കോഴിക്കോട്, കണ്ണൂര്‍, മംഗളൂരു എന്നിവിടങ്ങളില്‍ നിന്നും ട്രെയിനില്‍ കയറാം.
Tags:    

Similar News