ട്രെയിന്‍ വൈകിയാല്‍ ഇനി റീഫണ്ടും സൗജന്യ ഭക്ഷണവും ലഭിക്കും, യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുകള്‍ പരമാവധി ഒഴിവാക്കുക ലക്ഷ്യം
ട്രെയിന്‍ വളരെയധികം വൈകുന്ന സന്ദർഭങ്ങളിൽ യാത്രക്കാർക്ക് മുഴുവൻ റീഫണ്ടിനും അർഹത
ട്രെയിനുകള്‍ വൈകുന്നത് യാത്രക്കാർക്ക് വലിയ അസൗകര്യങ്ങളാണ് സൃഷ്ടിക്കാറ്. പ്രതികൂല കാലാവസ്ഥകള്‍ പലപ്പോഴും ട്രെയിന്‍ സര്‍വീസുകളെ കാര്യമായി ബാധിക്കാറുണ്ട്. കനത്ത മൂടൽമഞ്ഞും മഴയും കാഴ്ച മറയ്ക്കുന്നത് പലപ്പോഴും ട്രെയിന്‍ ഷെഡ്യൂളുകളെ തടസപ്പെടുത്തുന്നത് പതിവാണ്. രാജധാനി, ശതാബ്ദി, തുരന്തോ എക്സ്പ്രസ് തുടങ്ങിയ പ്രീമിയം സർവീസുകള്‍ക്കും ഇത്തരത്തില്‍ കാലതാമസം ഉണ്ടാകാറുണ്ട്.
ഇത് യാത്രക്കാരുടെ കാത്തിരിപ്പ് സമയം വർദ്ധിപ്പിക്കുന്നതിന് ഇടയാക്കുന്നു. ഈ പ്രതിസന്ധിക്ക് ആശ്വാസവുമായി എത്തിയിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐ.ആർ.സി.ടി.സി).
ട്രെയിന്‍ എത്താന്‍ രണ്ടോ അതിലധികമോ മണിക്കൂർ വൈകിയാൽ യാത്രക്കാർക്ക് സൗജന്യ ഭക്ഷണമാണ് ഐ.ആർ.സി.ടി.സി വാഗ്ദാനം ചെയ്യുന്നത്. യാത്രക്കാർക്ക് കാത്തിരിപ്പ് സമയം സുഖകരമാക്കുകയാണ് ഈ സേവനത്തിന്റെ ലക്ഷ്യം.
ഭക്ഷണം ഇങ്ങനെ
ദിവസത്തിൻ്റെ സമയം അനുസരിച്ച് നല്‍കുന്ന ഭക്ഷണം വ്യത്യാസപ്പെട്ടിരിക്കും. പ്രഭാതഭക്ഷണത്തിനും വൈകുന്നേരത്തെ ചായയ്‌ക്കും ഒപ്പം വെണ്ണയോടുകൂടിയ നാല് ബ്രെഡ് കഷ്ണങ്ങൾ, 200 മില്ലി ഫ്രൂട്ട് ഡ്രിങ്ക്, ചായ അല്ലെങ്കിൽ കാപ്പി എന്നിവയാണ് നല്‍കുക.
ഉച്ചഭക്ഷണത്തിനും അത്താഴത്തിനും യാത്രക്കാർക്ക് രാജ്മ, ചോളം അല്ലെങ്കില്‍ അരി, മഞ്ഞ പരിപ്പ്, അച്ചാർ അല്ലെങ്കിൽ ഏഴ് പൂരികൾ, മിക്സഡ് പച്ചക്കറി എന്നിവ തിരഞ്ഞെടുക്കാം. ഇടവേളകളില്‍ യാത്രക്കാർക്ക് ചായയോ കാപ്പിയോ കൂടാതെ ബിസ്‌ക്കറ്റും ലഭിക്കും. പഞ്ചസാര, പഞ്ചസാര രഹിത സാഷസുകൾ, പാൽ ക്രീം എന്നിവയും ഇതോടൊപ്പം നല്‍കുന്നതാണ്.
റീഫണ്ട്
ട്രെയിന്‍ വളരെയധികം വൈകുന്ന സന്ദർഭങ്ങളിൽ യാത്രക്കാർക്ക് മുഴുവൻ റീഫണ്ടിനും അർഹതയുണ്ട്. ട്രെയിൻ മൂന്ന് മണിക്കൂറിൽ കൂടുതൽ വൈകിയാലോ, വഴി തിരിച്ചുവിട്ടാലോ യാത്രക്കാർക്ക് അവരുടെ ടിക്കറ്റുകൾ റദ്ദാക്കാനും റീഫണ്ടിന് ക്ലെയിം ചെയ്യാനും സാധിക്കും. റെയിൽവേ കൗണ്ടറുകളിൽ ബുക്ക് ചെയ്തവർ പണം തിരികെ ലഭിക്കുന്നതിന് നേരിട്ട് ഹാജരാകണം.