ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ വന്യ സൗന്ദര്യം ആസ്വദിക്കാന്‍ ടൂറിസ്റ്റുകളെ മാടി വിളിക്കുന്നു, ഇന്ത്യക്കാര്‍ക്ക് പ്രത്യേക സൗകര്യങ്ങള്‍ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്ക

ടൂറിസം മേഖലയിൽ പതിനായിരക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാന്‍ ആകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ

Update:2024-09-04 13:10 IST

Image Courtesy: Canva

ലോകമെമ്പാടും പ്രത്യേകിച്ച് ഇന്ത്യയില്‍ ടൂറിസത്തിന് വലിയ പ്രധാന്യമാണ് നല്‍കി വരുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കാനും ഇന്ത്യയുമായി മികച്ച സൗഹൃദ പുലര്‍ത്തുന്ന പുറം രാജ്യങ്ങള്‍ സന്ദര്‍ശിക്കാനും സര്‍ക്കാര്‍ തലത്തില്‍ തന്നെ അധികൃതര്‍ വലിയ പ്രോത്സാഹനങ്ങളാണ് നല്‍കുന്നത്.
പുതിയ പദ്ധതി പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്ക
ഈ അവസരം കണക്കിലെടുത്ത് വന്യ സൗന്ദര്യത്തിനും മനോഹരമായ ബീച്ചുകള്‍ക്കും പേരുകേട്ട ആഫ്രിക്കൻ ഭൂഖണ്ഡം സന്ദര്‍ശിക്കാന്‍ ആകര്‍ഷകമായ പദ്ധതിയുമായി എത്തിയിരിക്കുകയാണ് ദക്ഷിണാഫ്രിക്ക. ഇതിനായി ട്രസ്റ്റഡ് ടൂർ ഓപ്പറേറ്റർ സ്കീം (TTOS) ആരംഭിക്കുന്നതായാണ് ദക്ഷിണാഫ്രിക്ക അറിയിച്ചിരിക്കുന്നത്.
2025 ജനുവരി മുതൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതി ടൂറിസ്റ്റുകള്‍ക്കായി രാജ്യത്തിന്റെ വിസ സംവിധാനം പരിഷ്കരിക്കും. സഞ്ചാരികളുടെ പ്രിയങ്കരമായ ടൂറിസം കേന്ദ്രമായി ദക്ഷിണാഫ്രിക്ക മാറുന്നതിന് നിലവിലുളള പ്രധാന തടസ്സങ്ങൾ ടി.ടി.ഒ.എസ് നീക്കം ചെയ്യുന്നതാണ്.
രാജ്യത്തേക്ക് ബിസിനസ് ആവശ്യങ്ങള്‍ക്ക് എത്തുന്നതിനായി ആവിഷ്കരിച്ച ട്രസ്റ്റഡ് എംപ്ലോയർ സ്കീം (TES) വേഗത്തിലുള്ളതും ലളിതവുമായ വിസ പ്രോസസ്സിംഗ് സേവനങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. ടി.ഇ.എസിന്റെ വലിയ ജനപ്രീതി കണക്കിലെടുത്താണ് ടൂറിസം മേഖലയില്‍ സമാന പരിഷ്കാരങ്ങള്‍ നടപ്പാക്കാന്‍ ദക്ഷിണാഫ്രിക്ക ഒരുങ്ങുന്നത്.
ഗ്രൂപ്പ് ടൂറിസത്തിന് പ്രാധാന്യം
ഇന്ത്യയില്‍ നിന്നുളള അംഗീകൃത ടൂർ ഓപ്പറേറ്റർമാരെ ദക്ഷിണാഫ്രിക്കന്‍ ആഭ്യന്തര വകുപ്പിൽ രജിസ്റ്റർ ചെയ്യാൻ ക്ഷണിക്കുകയാണ് ടി.ടി.ഒ.എസ് പദ്ധതിയുടെ ആദ്യഘട്ടം. അംഗീകൃത ഓപ്പറേറ്റർമാരോടൊപ്പം യാത്ര ചെയ്യുന്ന ടൂറിസ്റ്റുകളിൽ നിന്നുള്ള ഗ്രൂപ്പ് അപേക്ഷകൾ ആഭ്യന്തര വകുപ്പ് വേഗത്തില്‍ പ്രോസസ് ചെയ്യുന്നതാണ്. നിലവിൽ ദക്ഷിണാഫ്രിക്കയുടെ ടൂറിസം സാധ്യതകളെ പ്രതിസന്ധിയിലാക്കുന്ന കടുത്ത നിയന്ത്രണങ്ങള്‍ ഒഴിവാക്കുന്നതിന് ഈ നടപടി സഹായിക്കും. വിനോദസഞ്ചാരികൾ വലിയ ഗ്രൂപ്പുകളായി യാത്ര ചെയ്യുന്നതാണ് അഭികാമ്യമായ നടപടി.
ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികൾക്ക് സുരക്ഷിതമായി രാജ്യം സന്ദര്‍ശിക്കാന്‍ വിസ പ്രോസസിങ് പ്രക്രിയകള്‍ ഡിജിറ്റലായി സെക്കന്റുകൾക്കുള്ളിൽ പൂര്‍ത്തിയാക്കുന്ന പൂർണമായി ഓട്ടോമേറ്റഡായ സംവിധാനം രൂപപ്പെടുത്തുകയാണ് ദക്ഷിണാഫ്രിക്കന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ആത്യന്തികമായ കാഴ്ചപ്പാട്.
ഇന്ത്യയെക്കൂടാതെ ചൈനയില്‍ നിന്നുളള ടൂറിസ്റ്റുകള്‍ക്കും രാജ്യം സന്ദര്‍ശിക്കാന്‍ ടി.ടി.ഒ.എസ് പദ്ധതി പ്രയോജനപ്പെടുത്താവുന്നതാണ്. ലോകത്തിലെ രണ്ടാമത്തെയും അഞ്ചാമത്തെയും വലിയ സമ്പദ്‌വ്യവസ്ഥകളായ ചൈനയുടെയും ഇന്ത്യയുടെയും പ്രിയങ്കരമായ ടൂറിസം കേന്ദ്രമായി ദക്ഷിണാഫ്രിക്ക മാറ്റുന്നതിനുളള നടപടികളാണ് രാജ്യം സ്വീകരിക്കുന്നത്.

സമ്പന്നമായ കടൽത്തീരം രാജ്യത്തിന് സ്വന്തം

നിലവിൽ ദക്ഷിണാഫ്രിക്കയിലേക്കുള്ള അന്താരാഷ്ട്ര സന്ദർശകരിൽ 3.9 ശതമാനം മാത്രമാണ് ഇന്ത്യൻ വിനോദസഞ്ചാരികൾ ഉളളത്. ഇത് ഉയര്‍ത്താനുളള നീക്കമാണ് അധികൃതര്‍ പരിഗണിക്കുന്നത്. ദക്ഷിണാഫ്രിക്കയുടെ ടൂറിസം മേഖലയിൽ പതിനായിരക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
ടൂറിസത്തില്‍ നിന്നുളള വരുമാനം പ്രതിവർഷം 10 ശതമാനം ഉയര്‍ത്തുന്നതിലൂടെ മാത്രം രാജ്യത്തിന്റെ വാർഷിക സാമ്പത്തിക വളർച്ച 0.6 ശതമാനം വർദ്ധിപ്പിക്കാനാണ് ദക്ഷിണാഫ്രിക്കയുടെ പദ്ധതി. ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ തെക്കേ അറ്റത്താണ് സൗത്ത് ആഫ്രിക്ക സ്ഥിതി ചെയ്യുന്നത്. നമീബിയ, ബോട്സ്വാന, സിംബാബ്‌വെ, മൊസാംബിക്ക്, സ്വാസിലാന്റ്, ലെസോത്തോ തുടങ്ങിയവയാണ് ദക്ഷിണാഫ്രിക്കയുടെ അയല്‍ രാജ്യങ്ങള്‍.
അറ്റ്‌ലാന്റിക് സമുദ്രത്തിനോടും ഇന്ത്യൻ മഹാസമുദ്രത്തിനോടുമായി തൊട്ടുകിടക്കുന്ന 2,798 കിലോമീറ്ററോളം കടൽത്തീരം കൊണ്ട് സമ്പന്നമാണ് രാജ്യം. സാംസ്കാരികമായി വളരേയേറെ വൈവിധ്യം പുലർത്തുന്ന ദക്ഷിണാഫ്രിക്ക ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ സാമ്പത്തികമായി ഏറ്റവും വികസിച്ച രാജ്യമായി കണക്കാക്കുന്നു.
Tags:    

Similar News