ഒരു ദിവസം തുടങ്ങുന്നത് എങ്ങനെയാണ്?
പ്രാര്‍ത്ഥനയിലൂടെ. അതിനുശേഷം ഒരു കട്ടന്‍ചായ കുടിക്കും. മമ്മൂക്ക പഠിപ്പിച്ച ശീലമാണത്. ഞാന്‍ മുമ്പ് കാപ്പിയായിരുന്നു കുടിച്ചിരുന്നത്. എന്നാല്‍ കട്ടന്‍ചായയുടെ ഗുണങ്ങളെക്കുറിച്ച് മമ്മൂക്ക പറഞ്ഞപ്പോള്‍ നിന്നനില്‍പ്പില്‍ ശീലം മാറ്റുകയായിരുന്നു.
ആഹാര ശീലങ്ങള്‍?
പ്രഭാതഭക്ഷണമായി ദോശ-ചുവന്ന ചമ്മന്തി, ഗോതമ്പ് പുട്ട് ഇവയൊക്കെ ഇഷ്ടമാണ്. ഉച്ചയ്ക്ക് ചോറാണ് കഴിക്കുന്നത്, ഒരുപാട് കറികള്‍ വേണമെന്നില്ല. കോട്ടയംകാരനായതിനാല്‍ കുടംപുളിയിട്ട മീന്‍ കറിയാണ് ഇഷ്ടം. മീന്‍ വറുത്തതും എന്തെങ്കിലും തോരനും കൂടിയുണ്ടെങ്കില്‍ സന്തോഷം.
ഇഷ്ട ബ്രാന്‍ഡുകള്‍
ഞാന്‍ അത്ര ബ്രാന്‍ഡ് കോണ്‍ഷ്യസ് ആയിരുന്നില്ല. മുമ്പ് വിലക്കുറവില്‍ കിട്ടുന്നയിടങ്ങള്‍ നോക്കി പോകുമായിരുന്നു. ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങളാണെങ്കില്‍ വില കൂടുമെങ്കിലും കൂടുതല്‍ക്കാലം ഈടുനില്‍ക്കുമെന്ന് മനസിലായതോടെ ഗുണമേന്മയ്ക്ക് പ്രാധാന്യം കൊടുക്കാന്‍ തുടങ്ങി.
ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം
സിനിമയിലെത്താന്‍ കഴിഞ്ഞതും മനസില്‍ തങ്ങിനില്‍ക്കുന്ന അനേകം കഥാപാത്രങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞതും വലിയ നേട്ടമായി കരുതുന്നു. എന്റെ ഓരോ കഥാപാത്രവും കണ്ടിട്ടാണ് അടുത്തതിലേക്ക് വിളിച്ചത്.
ജീവിതത്തില്‍ എടുത്ത ഏറ്റവും വലിയ തീരുമാനം
രണ്ടാമത് കല്യാണം കഴിക്കാന്‍ തീരുമാനിച്ചത്. അല്ലെങ്കില്‍ ഒറ്റപ്പെട്ട് വല്ലാത്തൊരു അവസ്ഥയില്‍ ആയിപ്പോയേനെ. ഇപ്പോള്‍ എനിക്കൊരു ജീവിതമുണ്ട്. എനിക്കുവേണ്ടി കാത്തിരിക്കുന്ന, എനിക്ക് നല്ലത് മാത്രം ആഗ്രഹിക്കുന്ന ഭാര്യയുണ്ട്, മക്കളുണ്ട്.
ഏറ്റവും കൂടുതല്‍ സ്വാധീനിച്ച വ്യക്തി/വ്യക്തികള്‍
അമ്മ വലിയൊരു ശക്തിയായിരുന്നു. അമ്മ കഴിഞ്ഞാല്‍ ഹരിഹരന്‍ സാര്‍. അദ്ദേഹമാണ് എന്നെ നടനാക്കിയത്. എന്റെ കരിയറില്‍ ഒരുപാട് സ്വാധീനം ചെലുത്തിയിട്ടുള്ള അദ്ദേഹത്തില്‍ നിന്ന് ഞാന്‍ ഒരുപാട് പാഠങ്ങള്‍ പഠിച്ചിട്ടുണ്ട്. കൃത്യനിഷ്ഠ ഉള്‍പ്പടെയുള്ള അനേകം ഗുണങ്ങള്‍ എന്നെ പഠിപ്പിച്ചത് അച്ഛനാണ്.
ജീവിതത്തില്‍ നേരിടുന്ന വെല്ലുവിളി
സിനിമയില്‍ അവസരങ്ങള്‍ക്കുവേണ്ടി ശ്രമിക്കാത്ത ഒരാളാണ് ഞാന്‍. അത് അഹങ്കാരം കൊണ്ടല്ല, ആരെയും ബുദ്ധിമുട്ടിക്കാന്‍ ഇഷ്ടമില്ലാത്തതുകൊണ്ടാണ്. 30 വര്‍ഷത്തോളമായി ഞാന്‍ സിനിമയിലുണ്ട്. അവസരങ്ങള്‍ ചോദിച്ചുപോകാത്തതുകൊണ്ട് പുതിയ സിനിമകള്‍ ലഭിക്കുകയെന്നത് ഒരു വെല്ലുവിളിയാണ്.
ഏറ്റവും വലിയ കുറ്റബോധം
അമിതമായ മോഹങ്ങളില്ലാത്തയാളാണ് ഞാന്‍. ഇത്രയും വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങള്‍ ചെയ്യാനായല്ലോ എന്നാണ് ഞാന്‍ ചിന്തിക്കുന്നത്. എന്നാല്‍ എന്നെ ഏറെ ഇഷ്ടപ്പെടുന്ന ചില പ്രേക്ഷകരുണ്ട്, അവരുടെ എണ്ണം കുറവായിരിക്കും, പക്ഷെ അവര്‍ക്ക് എന്നില്‍ ഏറെ പ്രതീക്ഷകളുണ്ടായിരുന്നു. കാണുമ്പോള്‍ പലരും അത് തുറന്നുപറയാറുണ്ട്. അവരുടെ സ്വപ്‌നങ്ങള്‍ക്കൊപ്പം എത്താനാകാത്തതില്‍ വിഷമം തോന്നാറുണ്ട്. എന്നാല്‍ കുറ്റബോധം ഒരുകാര്യത്തിലും ഇല്ല.
ജീവിതത്തിലെ വലിയ നഷ്ടം?
അമ്മയുടെ മരണം
പുതിയ സിനിമകള്‍?
മഴയത്ത് എന്ന് സിനിമയാണ് ഇപ്പോള്‍ റിലീസ് ആകുന്നത്. അതിനു പിന്നാലെ പൃഥ്വിരാജ് നായകനാകുന്ന മൈ സ്റ്റോറിയില്‍ നല്ലൊരു റോള്‍ ഉണ്ട്. തമിഴില്‍ ഒരെണ്ണം റിലീസ് ആകാനുണ്ട്. ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത് ഞാന്‍ നായകനായിട്ടുള്ള തീയറ്റര്‍ എന്ന അക്കാദമിക് തലത്തിലുള്ള ഒരു സിനിമയാണ്. മറ്റ് ഒന്ന് രണ്ട് പദ്ധതികളും വരാനിരിക്കുന്നു.
മാറ്റാന്‍ കഴിയാത്ത ശീലം
എവിടെപ്പോയാലും ഏത് രാജ്യത്തായാലും വീട്ടിലുള്ളവര്‍ക്ക് വേണ്ടി ഷോപ്പിംഗ് നടത്തുന്ന ശീലം എനിക്കുണ്ട്. ഇനി പണത്തിന് ബുദ്ധിമുട്ടുള്ള സമയമാണെങ്കില്‍ അതിന് അനുസരിച്ചുള്ള ചെറിയ സാധനങ്ങളായാലും വാങ്ങും. ഒന്നും വാങ്ങാതിരിക്കാന്‍ എനിക്കാകില്ല.
താങ്കളുടെ ഏറ്റവും വലിയ വിമര്‍ശകന്‍/വിമര്‍ശക?
ഞാന്‍ തന്നെയാണ്. മറ്റുള്ള വിമര്‍ശനങ്ങള്‍ യാഥാര്‍ത്ഥ്യമായിരിക്കണം എന്നില്ല. എന്നോട് ദേഷ്യമുള്ളവര്‍ മോശമായി പറഞ്ഞെന്നിരിക്കും. എന്നാല്‍ ഭാര്യയുള്‍പ്പടെ സ്‌നേഹമുള്ളവര്‍ എല്ലാം നല്ലതായിട്ടായിരിക്കും പറയുന്നത്. അതുകൊണ്ട് നമ്മളെ തന്നെ നമ്മള്‍ തിരിച്ചറിയണം. സ്വയം തെറ്റുകള്‍ മനസിലാക്കണം.
പേഴ്‌സില്‍ എത്ര രൂപ കരുതും?
പ്രധാനമന്ത്രിയുടെ പുതിയ നയങ്ങള്‍ വന്നതോടെ ഇപ്പോള്‍ പണമായി പേഴ്‌സില്‍ സൂക്ഷിക്കാറേയില്ല. എത്ര ചെറിയ തുകയാണെങ്കിലും ഇപ്പോള്‍ കാര്‍ഡ് പേയ്‌മെന്റ് നടത്താമല്ലോ.
താങ്കളുടെ ഊര്‍ജ്ജസ്വലമായ ജീവിതശൈലിയുടെ രഹസ്യം?
എന്റെ ഭാര്യ ആശ തന്നെ അതിന് കാരണം.
മറ്റാര്‍ക്കും നല്‍കാനാകാത്ത ജോലി?
യാത്ര പോകുമ്പോള്‍ സ്വയം ബാഗ് പായ്ക്ക് ചെയ്യണം. അടുക്കും ചിട്ടയും എനിക്കെപ്പോഴും നിര്‍ബന്ധമാണ്. ഭാഗ്യവശാല്‍ എനിക്ക് യോജിച്ച ഭാര്യയെ തന്നെയാണ് കിട്ടിയിരിക്കുന്നത്.
ഇഷ്ടപ്പെട്ട ഹോളിഡേ സ്‌പോട്ട്
യു.കെയോട് ഒരു പ്രത്യേക ഇഷ്ടമുണ്ട്. ഭാര്യയും മോനും യു.കെ പൗരന്മാര്‍ ആണ്. മൈ സ്റ്റോറിയുടെ ഷൂട്ടിംഗിനായി പോയപ്പോള്‍ പോര്‍ച്ചുഗലും ഏറെ ഇഷ്ടപ്പെട്ടിരുന്നു.
അടുത്ത കാലത്ത് തോന്നിയ താല്‍പ്പര്യം?
പാട്ട് ഗൗരവമായിഎടുക്കണമെന്നുണ്ട്. പതിയെ ഒരു ബാന്‍ഡ് ഉണ്ടാക്കണമെന്നാണ് ആഗ്രഹം.
താങ്കളെക്കുറിച്ച് അധികമാര്‍ക്കും അറിയാത്ത കാര്യം?
ഞാനൊരു പാവമാണ്! (ചിരിക്കുന്നു)