രാവിലെ എഴുന്നേറ്റാല്‍ ആദ്യം ചെയ്യുന്നത്?
ഒരു ഗ്ലാസ് വെള്ളം കുടിക്കും. പ്രഭാതകൃത്യങ്ങള്‍ക്ക് ശേഷം യോഗ ചെയ്യും. ആ ദിവസം എന്തു ചെയ്യണമെന്ന് പ്ലാന്‍ ചെയ്യും.
ആഹാരശീലങ്ങള്‍?
വീട്ടിലുണ്ടാക്കുന്നതെന്തും കഴിക്കും. പൊതുവേ നോണ്‍ വെജിറ്റേറിയനോട് താല്‍പ്പര്യമില്ല.
വസ്ത്രധാരണശൈലി
കോളെജ് കാലത്ത് കളര്‍ ഷര്‍ട്ടുകള്‍ ധരിക്കുമായിരുന്നു. 80കള്‍ മുതല്‍ ഇതുവരെ വെള്ള ഖദര്‍ഷര്‍ട്ടും മുണ്ടും മാത്രമാണ് വേഷം. വീട്ടില്‍ കൈലിമുണ്ടും ടിഷര്‍ട്ടുമൊക്കെ ഇടും.
ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം
പൊതുജീവിതത്തിലേക്ക് ഇറങ്ങി സമൂഹത്തിനായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നതും ധാരാളം സൗഹൃദം ഉണ്ടാക്കാന്‍ കഴിഞ്ഞതും.
ഏറ്റവും കൂടുതല്‍ സ്വാധീനിച്ച വ്യക്തി/വ്യക്തികള്‍
സ്വാമി വിവേകാനന്ദന്റെ ഉദ്‌ബോധനങ്ങള്‍ എന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. അദ്ദേഹമാണ് റോള്‍ മോഡല്‍. ഗാന്ധിജിയോട് എനിക്ക് ഇഷ്ടമോ ആരാധനയോ അല്ല, അതിലുപരി ഗാന്ധിജി ഒരു അല്‍ഭുതമായി എന്റെ മുന്നില്‍ നില്‍ക്കുന്നു. ശരിയെന്ന് തോന്നുന്ന നിലപാടില്‍ ഉറച്ചുനില്‍ക്കാന്‍ ശക്തി പകരുന്നത് ഗാന്ധിജിയാണ്.
പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ അഭിമാനം തോന്നിയ നിമിഷങ്ങള്‍?
പശ്ചിമഘട്ടം സംരക്ഷണത്തിനായി ഞാന്‍ എടുത്ത നിലപാടുകള്‍ ശരിയാണെന്ന് ഒരിക്കല്‍ എന്നെ വിമര്‍ശിച്ചിരുന്ന ഒരുകൂട്ടം ആളുകള്‍ ഈ പ്രളയകാലത്ത് തിരുത്തി പറയുകയുണ്ടായി. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ യഥാസമയം ഇടപെടാന്‍ കഴിഞ്ഞതാണ് ഈയിടെ ഏറ്റവും ആത്മസംതൃപ്തി ലഭിച്ച മറ്റൊരു കാര്യം. വലിയ അവകാശവാദമൊന്നും എനിക്കില്ല, എന്നാല്‍ ഞാന്‍ അന്ന് ഇടപെട്ടില്ലാ യിരുന്നുവെങ്കില്‍ ഈ കേസും തേഞ്ഞുമാഞ്ഞ് പോകുമായിരുന്നു എന്ന് വിശ്വസിക്കുന്ന പതിനായിരക്കണക്കിന് പേരുണ്ട്. അതുപോലെതന്നെ മാര്‍ക്‌സിസ്റ്റുകാര്‍ സാമൂഹികമായി ബഹിഷ്‌കരിച്ച് വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയില്‍ അങ്ങേയറ്റം മാനസികമായി തകര്‍ന്ന നിലയിലായിരുന്ന വിനീത കോട്ടായി എന്ന സ്ത്രീയുടെ വിഷയം പൊതുസമൂഹത്തിലും നിയമസഭയിലും കൊണ്ടുവരാനും അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കാനും കഴിഞ്ഞത് ചാരിതാര്‍ത്ഥ്യം തരുന്ന അനുഭവമാണ്. എം.പിയായിരിക്കുന്ന കാലത്ത് നേഴ്‌സുമാര്‍ക്ക് പിന്തുണ കൊടുത്ത് മുംബൈയില്‍ ആശുപത്രിക്ക് മുന്നില്‍ സത്യാഗ്രഹം ഇരുന്നിട്ടുണ്ട്. ഒരു പൊതുപ്രവര്‍ത്തകനെ ആവേശത്തോടെ മുന്നോട്ടുകൊണ്ടുപോകുന്നത് ഇത്തരം നിരവധി അനുഭവങ്ങളാണ്.
ജീവിതത്തില്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി
പശ്ചിമഘട്ടസംരക്ഷണത്തിന് ഞാന്‍ എടുത്ത നിലപാടും അതേത്തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളും. ഇടുക്കിയില്‍ നിന്ന് നാടുകടത്തപ്പെടുന്ന അനുഭവം എനിക്കുണ്ടായി. ആപത്തുകാലത്ത് കൂടെ നില്‍ക്കും എന്ന് കരുതിയ വലിയൊരു ശതമാനം ആളുകളും എന്നെ തള്ളിപ്പറഞ്ഞു. ആ ഒറ്റകാരണത്തിന്റെ പേരില്‍ എനിക്ക് പാര്‍ലമെന്റ് സീറ്റ് നിഷേധിക്കപ്പെട്ടു. കത്തോലിക്കാ വൈദികരും മെത്രാനും ചേര്‍ന്ന് പ്രതീകാത്മകമായി എന്റെ ശവമടക്ക് നടത്തി. പൊതുപ്രവര്‍ത്തനത്തില്‍ ഏറ്റവും വേദനയുണ്ടാക്കിയ അനുഭവമായിരുന്നു ഇത്.
ജീവിതത്തിലെ ഒരു സ്വകാര്യദുഃഖം
ഇന്ത്യയിലെ രണ്ട് പ്രധാനമന്ത്രിമാരുടേയും നടുവില്‍ ഇരിക്കാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്. ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും നടുവില്‍. ആ ചിത്രം എന്റെ പക്കലില്ലാത്തത് ഒരു സ്വകാര്യദുഃഖമായി അവശേഷിക്കുന്നു. അതുപോലെ കോളെജില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ വി.കെ കൃഷ്ണമേനോനില്‍ നിന്ന് പ്രസംഗത്തിന് ഒരു സമ്മാനം ലഭിച്ചിരുന്നു. അതും ഫോട്ടോ എടുത്ത് സൂക്ഷിക്കാന്‍ കഴിഞ്ഞില്ല.
മറ്റുള്ളവരില്‍ ഇഷ്ടപ്പെടാത്ത സ്വഭാവം എന്താണ്?
ആത്മാര്‍ത്ഥയില്ലാത്ത വാക്കും പ്രവൃത്തിയും
മാറ്റാന്‍ ആഗ്രഹിക്കുന്ന ശീലം
നിയമസഭയിലൊക്കെ ചില വിഷയങ്ങളെക്കുറിച്ച് സംസാരിക്കുമ്പോള്‍ വളരെ വികാരഭരിതമാകാറുണ്ട്. ചിലപ്പോള്‍ ശബ്ദം ഏറെ കൂടും. ഇത് ഒഴിവാക്കിക്കൂടെ എന്ന് പലരും ചോദിക്കാറുണ്ട്. വിഷയത്തോടുള്ള ആത്മാര്‍ത്ഥതയാണ് ഇതിന് കാരണമെങ്കിലും ഈ സ്വഭാവം ഒഴിവാക്കണമെന്നുണ്ട്.
രാഷ്ട്രീയക്കാരന്‍ അല്ലായിരുന്നുവെങ്കില്‍ ആരാകുമായിരുന്നു?
രാഷ്ട്രീയം തന്നെ ആയിരുന്നിരിക്കാം എന്റെ മേഖല. പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ സ്‌കൂള്‍ ലീഡര്‍ ആയിരുന്നു ഞാന്‍. പ്രസംഗത്തിനൊക്കെ മുന്നിലുണ്ടായിരുന്നു. അന്നേ ഒരു നേതൃത്വഗുണം പ്രകടിപ്പിച്ചിരുന്നു. മദ്രാസ് ക്രിസ്റ്റ്യന്‍ കോളെജില്‍ ചേരാനുള്ള കത്ത് കിട്ടുന്നത് ചേരേണ്ട ദിവസത്തിനും അഞ്ചുദിവസം വൈകിയാണ്. അതുകൊണ്ട് ആ അവസരം നഷ്ടമായി. തിരുവനന്തപുരത്ത് പഠിച്ചതായിരിക്കാം സജീവരാഷ്ട്രീയത്തിലേക്ക് വരാനുണ്ടായ കാരണം.
അടുത്തകാലത്ത് വായിച്ച പുസ്തകം
മാസത്തില്‍ രണ്ട് പുസ്തകങ്ങളെങ്കിലും വായിക്കാറുണ്ട്. വായിക്കുന്നതേറെയും ലേഖനങ്ങളാണ്. കെ.ആര്‍ മീരയുടെ പുതിയ നോവലായ 'സൂര്യനെ അണിഞ്ഞ സ്ത്രീ'യാണ് അടുത്തകാലത്ത് വായിച്ചതില്‍ ഏറ്റവും ഇഷ്ടപ്പെട്ടത്.
താങ്കളുടെ ഏറ്റവും വലിയ വിമര്‍ശകന്‍/വിമര്‍ശക?
രാഷ്ട്രീയത്തില്‍ എന്തെങ്കിലും തെറ്റ് പറ്റിയാല്‍ എന്റെ ഭാര്യ ശക്തമായി വിമര്‍ശിക്കാറുണ്ട്, കുട്ടികളും വിമര്‍ശിക്കും.
ജീവിതത്തില്‍ എടുത്ത ഏറ്റവും നിര്‍ണ്ണായകമായ തീരുമാനം?
എന്റെ വിവാഹത്തെ സംബന്ധിച്ച തീരുമാനം. ഞങ്ങള്‍ രണ്ട് മതത്തില്‍പ്പെട്ടവരായിരുന്നു. വളരെ പ്രതികൂലമായ സാഹചര്യങ്ങളെ അതിജീവിച്ചാണ് വിവാഹിതരായത്.
ഇവിടെ ചോദിച്ചിട്ടില്ലാത്തതും എന്നാല്‍ ചോദിക്കാന്‍ ആഗ്രഹിക്കുന്ന ചോദ്യവും ഉത്തരവും?
കാലഘട്ടം നിങ്ങളെ എങ്ങനെ അടയാളപ്പെടുത്തണം?
ഇടപെടുന്ന വിഷയങ്ങളില്‍ പരമാവധി ആത്മാര്‍ത്ഥത പുലര്‍ത്തിയ വ്യക്തിയെന്ന നിലയില്‍ സമൂഹം എന്നെ വിലയിരുത്തണം.