രാവിലെ ഉണര്‍ന്നാല്‍ ആദ്യം ചെയ്യുന്ന കാര്യങ്ങള്‍?
ഉറങ്ങുന്നതെപ്പോഴാണെങ്കിലും രാവിലെ മൂന്ന് മണി കഴിയുമ്പോള്‍ എഴുന്നേല്‍ക്കും. ചിലപ്പോള്‍ എഴുതും, ചിലപ്പോള്‍ വായിക്കും. പിന്നെ പത്രം വന്നിട്ടുണ്ടെങ്കില്‍ അത് നോക്കും. ഇല്ലെങ്കില്‍ നടക്കാന്‍ പോകും.
ഇഷ്ടപ്പെട്ട പ്രഭാത ഭക്ഷണം?
ദോശയാണ് കൂടുതലിഷ്ടം. മീന്‍ കറി, ചമ്മന്തി, ബീഫ് കറി, ഉള്ളിയും മുളകും ചതച്ചത്... അങ്ങനെ കറി എന്തുമാവാം.
ഇഷ്ട ബ്രാന്‍ഡുകള്‍
ഒന്നിലും ബ്രാന്‍ഡ് നോക്കാറില്ല. എനിക്കിണങ്ങുന്നത്, ഇഷ്ടം തോന്നുന്നത് വാങ്ങുകയാണ് ശീലം. പലപ്പോഴും അതിനെ എന്റെ ഒരു ടേസ്റ്റിലേക്ക് മാറ്റിയെടുക്കാന്‍ ശ്രമിക്കാറുണ്ട്. പല സാധനങ്ങളും കുറച്ചു കാലത്തേക്കാവും നമ്മള്‍ ഉപയോഗിക്കുന്നത്. അത് അപ്പോള്‍ കംഫര്‍ട്ടാണോ എന്നു മാത്രം നോക്കും. സ്വന്തമായൊരു ട്രെന്‍ഡ് ഉണ്ടാക്കും. അതു മറ്റാര്‍ക്കും പിന്തുടരാന്‍ വേണ്ടിയല്ല.
ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമായി കരുതുന്നതെന്താണ്?
ഈ ലോകത്ത് ഇങ്ങനെ ജീവിക്കാന്‍ പറ്റുന്നതു തന്നെ. സന്തോഷത്തോടെ എല്ലാം കാണാന്‍ പറ്റുന്നു. യാത്രകളില്‍ ഭൂമിയെ അതിന്റെ വിവിധ ഭാവങ്ങളില്‍ ആസ്വദിക്കാന്‍ സാധിക്കുന്നു.
താങ്കളെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച വ്യക്തി?
പല കാര്യങ്ങളും പലരിലൂടെയാണ് നമ്മള്‍ മനസിലാക്കുന്നത്. എന്തു ചെയ്യണം, എന്തു ചെയ്യണ്ട എന്നിവയൊക്കെ അങ്ങനെയാണ് പഠിക്കുന്നത്. ഞാന്‍ ഗുരുവായി കാണുന്നത് കരുണാകര ഗുരുവിനെയാണ്. നിനക്ക് ചെയ്യാന്‍ കഴിയുന്ന കര്‍മം ഏറ്റവും സത്യസന്ധമായി ചെയ്യുക. അങ്ങനെ ചെയ്യുമ്പോള്‍ അതെന്തു കാര്യമായാലും നിര്‍മലതയോടെ ചെയ്യാനാകും
എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.
അടുത്ത കാലത്ത് ഏറ്റവും സന്തോഷം തോന്നിയ സംഭവം?
അങ്ങനെ ഒരു കാര്യം എനിക്ക് പറയാനാകില്ല. പല കാര്യങ്ങളും എനിക്ക് സന്തോഷം നല്‍കാറുണ്ട്. ഒരാള്‍ പണ്ടെപ്പഴോ വായിച്ച എന്റെയൊരു കഥയെ കുറിച്ച് പറയുമ്പോള്‍, അല്ലെങ്കില്‍ എന്റെ സിനിമ ഇഷ്ടപ്പെട്ടെന്ന് പറയുമ്പോള്‍, പഴയൊരു സുഹൃത്തിനെ കണ്ടുമുട്ടുമ്പോള്‍ ഒക്കെ സന്തോഷം തോന്നും.
ഈയിടെ വായിച്ച പുസ്തകം
ഇപ്പോള്‍ വായിച്ചുകൊണ്ടിരിക്കുന്നത് മേരി ഗബ്രിയേലിന്റെ ലൗവ് ആന്റ് കാപ്പിറ്റലിന്റെ മലയാളം പരിഭാഷ. കാറല്‍ മാക്‌സിന്റെ കുടുംബത്തെ കുറിച്ചാണ് പുസ്തകം.
ഏറ്റവും ഇഷ്ടപ്പെട്ട പുസ്തകം?
അങ്ങനെ പറയാന്‍ പറ്റില്ല. ഇഷ്ടപ്പെടുന്ന ബുക്കുകളാണ് എപ്പോഴും പൂര്‍ണമായും വായിക്കുന്നത്. അല്ലങ്കില്‍ വായന മുന്നോട്ടു പോകാന്‍ പാടാണ്. എന്നാലും അവസാന വരിയിലൊരു അല്‍ഭുതം ഒളിപ്പിച്ചിട്ടുണ്ടോ എന്നറിയാന്‍ തീര്‍ത്തു വായിക്കാന്‍ ഇപ്പോള്‍ ശ്രമിക്കാറുണ്ട്.
എങ്ങനെയാണ് റിലാക്‌സ് ചെയ്യുന്നത്?
നന്നായി ഉറങ്ങും. ഒരാളോടും മിണ്ടാതെ കണ്ണടച്ചു കിടന്നങ്ങ് ഉറങ്ങും. എവിടെ വച്ചും എനിക്ക് റിലാക്‌സ് ചെയ്യാന്‍ സാധിക്കാറുണ്ട്. എന്റെ ശരീരം എനിക്ക് തന്നിട്ടുള്ള ഒരു സന്തോഷമാണിത്. ഏതാള്‍ക്കൂട്ടത്തിനു നടുവിലും വേണമെന്നു വച്ചാല്‍ എനിക്ക് റിലാക്‌സ് ചെയ്യാം.
എഴുത്തുകാരന്റെ പ്രിയപ്പെട്ട ഇടം?
അങ്ങനെ എഴുത്തിന് കൃത്യമായ സ്ഥലമൊന്നുമില്ല. എവിടെയിരുന്നാലും എഴുതാനാകും. ലാപ്‌ടോപ്പിലാണ് എഴുത്തെന്നതുകൊണ്ട് തന്നെ കൃത്യമായൊരു ചിട്ടയില്ല.
പുതിയ സിനിമകള്‍?
ഒന്നും പറയാറായിട്ടില്ല. ഒരു സിനിമയുടെ ആലോചന തുടങ്ങി എത്രയോ നാള്‍ കഴിഞ്ഞാണ് അത് പുറത്തിറങ്ങുക. 2014 ലാണ് ഒരു കുപ്രസിദ്ധ പയ്യന്‍ എന്ന സിനിമയെ കുറിച്ച് ആലോചിക്കുന്നത്. നാലു വര്‍ഷമെടുത്തു അത് പ്രേക്ഷകര്‍ക്ക് മുന്നിലെത്താന്‍.
പുതിയ പുസ്തകങ്ങള്‍?
രണ്ട് പുസ്തകങ്ങള്‍ ജനുവരിയില്‍ ഇറങ്ങും. 'എന്റെ പെണ്‍ നോട്ടങ്ങള്‍' ആണ് ഒരെണ്ണം. അടുത്തതിന്റെ പേര് തീരുമാനിച്ചിട്ടില്ല. മാതൃഭൂമി ബുക്‌സാണ് രണ്ടും പ്രസിദ്ധീകരിക്കുന്നത്.
പ്രസംഗിക്കാന്‍ ഇഷ്ടമുള്ള വിഷയം?
എനിക്കൊരു മാസ് ഓഡിയന്‍സിനോട് സംസാരിക്കാന്‍ ഇഷ്ടമില്ല. ചെറു സംഘങ്ങളോട് സംവദിക്കാനാണ് താല്‍പ്പര്യം. പലപ്പോഴും ഓരോ സ്ഥലത്തെയും അവിടെ ഇരിക്കുന്നവരെയും ഒക്കെ ആശ്രയിച്ചായിരിക്കും സംസാരം. ഇഷ്ടവിഷയം എന്നില്ല. പറയുന്ന വിഷയത്തെ കുറിച്ച് ഗഹനമായി തന്നെ പഠിക്കാറുണ്ട്.
ഈ ഊര്‍ജ്ജസ്വലമായ വ്യക്തിത്വത്തിന്റെ രഹസ്യമെന്താണ്?
നിങ്ങള്‍ക്ക് ഞാന്‍ ഉര്‍ജ്ജസ്വലനായ വ്യക്തിയാണെന്ന് തോന്നിയെങ്കില്‍ അതു തന്നെയാണ് അതിന്റെ രഹസ്യവും. കേള്‍ക്കുന്നവരില്‍ ഊര്‍ജമുണ്ടെങ്കില്‍ മറ്റുള്ളവരോട് കൂടുതല്‍ പറയാന്‍ തോന്നും. അയാള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കും.
സ്വന്തം സ്വഭാവത്തില്‍ നിന്ന് മാറ്റാന്‍ ആഗ്രഹിക്കുന്നത്?
എനിക്ക് ഭയങ്കര ദേഷ്യമാണ്. പണ്ട് അത് ഭീകരമായിരുന്നു. ഇപ്പോള്‍ അത് കുറഞ്ഞു വരുന്നുണ്ട്.
മറ്റുള്ളവരെ ഏല്‍പ്പിക്കാനാകാത്ത ഒരു ജോലി
ഒരു ജോലിയും പൂര്‍ണമായും ഒരാളെ ഏല്‍പ്പിക്കാന്‍ എനിക്കാകില്ല. ചെയ്യുന്ന എല്ലാത്തിലും എന്റെ സാന്നിധ്യം വേണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. എനിക്ക് ചെയ്യാന്‍ പറ്റുന്നത് ഒറ്റയ്ക്കു ചെയ്യും. അല്ലെങ്കില്‍ ഒന്നിച്ചു ചെയ്യും.
ഇഷ്ടപ്പെട്ട ഹോളിഡേ സ്‌പോട്ട്?
ശ്രീലങ്ക, വളരെ കംഫര്‍ട്ടബിളായി തോന്നാറുണ്ട് അവിടം.