ശരിക്കൊപ്പം നില്‍ക്കാനുള്ള താല്‍പ്പര്യമാണ് എന്റെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ പ്രേരകശക്തി

Update:2019-05-31 08:43 IST

രാവിലെ ഉണര്‍ന്നാല്‍ ആദ്യം എന്തു ചെയ്യും?

കിടക്കയിലിരുന്നു തന്നെ ഈശ്വരനെ സ്മരിക്കും. ഇന്നത്തെ ദിവസം മനസിന് സന്തോഷവും ശരീരത്തിന് ആരോഗ്യവും ഉണ്ടാകണമെന്നും ഒപ്പമുള്ളവര്‍ക്കും വേണ്ടപ്പെട്ടവര്‍ക്കുമെല്ലാം നന്മ വരുത്തണമെന്നും പ്രാര്‍ത്ഥിക്കും.

ഭക്ഷണരീതി?

വീട്ടിലുള്ളപ്പോള്‍ എഴുന്നേറ്റാലുടന്‍ ഒരു ഗ്ലാസ് ചെറു ചൂടുവെള്ളത്തില്‍ നാരങ്ങാനീരും

തേനും ചേര്‍ത്ത് കഴിക്കും. ബ്രേക്ക് ഫാസ്റ്റിന് ഉപ്പുമാവും പുട്ടുമാണ് എന്റെ ഫേവറിറ്റ്. ബ്രേക്ക് ഫാസ്റ്റിനൊപ്പം വേവിച്ച പച്ചക്കറികളും കഴിക്കും. ഉച്ചയ്ക്ക് സാധാരണ ചോറും പച്ചക്കറികളും. അഞ്ചാറു വര്‍ഷമായി വെജിറ്റേറിയനാണ്. ഭക്ഷണം പൊതുവേ വളരെ കുറച്ചേ കഴിക്കാറുള്ളൂ.

ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം

മറ്റുള്ളവരുടെ വിഷമങ്ങളില്‍ എന്റേതായ രീതിയില്‍ അവരെ സഹായിക്കാന്‍ പറ്റുന്നതാണെന്നു തോന്നുന്നു.

രാഷ്ട്രീയ നേതാവല്ലായിരുന്നെങ്കില്‍

ഒരു അത്ലറ്റാകുമായിരുന്നു. കോെളജ് കാലഘട്ടത്തില്‍ ഒരു അത്ലറ്റ് ആകണമെന്ന് വല്ലാത്ത ആഗ്രഹമുണ്ടായി. പിന്നെ അതിനുവേണ്ടി നന്നായി പരിശ്രമിച്ചു. ആഗ്രഹം പോലെ അത്ലറ്റ് ആവുകയും സമ്മാനങ്ങള്‍ നേടുകയും ചെയ്തു.

രാഷ്ട്രീയത്തിലേക്കുള്ള ചുവടുവയ്പ്?

ചെറുപ്പം മുതല്‍ പത്രം വായിക്കുന്ന ശീലമുണ്ടായിരുന്നു. അങ്ങനെ ചുറ്റുമുള്ള കാര്യങ്ങള്‍ ശ്രദ്ധിക്കുകയും അതിലെ ശരി തെറ്റുകള്‍ വിലയിരുത്തുകയും ചെയ്തു. സംഘടനാ പ്രവര്‍ത്തനം ഒമ്പതാം ക്ലാസില്‍ തുടങ്ങിയതാണ്. അഖില ഭാരത വിദ്യാര്‍ത്ഥി പരിഷത്തില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നു.

രാഷ്ട്രീയത്തില്‍ മുന്നോട്ടു പോകാനുള്ള പ്രേരണ?

ശരിക്കൊപ്പം നില്‍ക്കാനുള്ള ഒരു താല്‍പ്പര്യമാണ് എന്റെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ പ്രേരകശക്തി. മനുഷ്യന്റെ അടിസ്ഥാന അവകാശങ്ങള്‍ നേടികൊടുക്കാനായിരിക്കണം രാഷ്ട്രീയക്കാരന്‍ പ്രവര്‍ത്തിക്കേണ്ടതെന്ന ഗോവിന്ദാചാരിയുടെ വാക്കുകള്‍ എനിക്കു പ്രചോദനമായിട്ടുണ്ട്.

രാഷ്ടീയ ജീവിതത്തിലെ അവിസ്മരണീയ സംഭവം?

2011 ലെ പദയാത്ര. കേരളത്തിലെ പാര്‍ട്ടി പ്രവര്‍ത്തകരെ സജീവമാക്കാന്‍ വേണ്ടി 41 ദിവസം മഞ്ചേശ്വരം മുതല്‍ തിരുവനന്തപുരം വരെ നടന്നു (560 കിലോമീറ്റര്‍). അതൊരു അനുഭവം തന്നെയായിരുന്നു. ഏകദേശം 40000 ത്തോളം പേര്‍ ഓരോ ദിവസവും എനിക്കൊപ്പം അണിചേര്‍ന്നു. പിന്നെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നരേന്ദ്രമോദി തിരുവനന്തപുരത്ത് പ്രചരണത്തിന് എത്തിയിരുന്നു. ആ പരിപാടിയുടെ ചുമതലയേറ്റെടുത്ത് ഭംഗിയായി നിര്‍വഹിക്കാന്‍ കഴിഞ്ഞതും മറക്കാനാകാത്ത അനുഭവമാണ്.

താങ്കളുടെ ഏറ്റവും വലിയ വിമര്‍ശകന്‍/വിമര്‍ശക?

എന്റെ ഭാര്യ. ഡോ.കെ.എസ് ജയശ്രി. ഏറ്റവും വലിയ വിമര്‍ശകയും സപ്പോര്‍ട്ടറുമാണ്. ഏറ്റവും സ്വാതന്ത്ര്യമുള്ളയാളായതുകൊണ്ടു തന്നെ നിശിതമായി വിമര്‍ശിക്കും.

മറ്റുള്ളവരില്‍ ഇഷ്ടപ്പെടാത്ത സ്വഭാവം?

ഒന്നു പറയുകയും മറ്റൊന്നു പ്രവര്‍ത്തിക്കുകയും ചെയ്യുന്നത്. തുറന്ന് എതിര്‍ക്കുന്നവരെ എനിക്ക് ഇഷ്ടമാണ്.

സ്വഭാവത്തില്‍ മാറ്റണമെന്ന് ആഗ്രഹിക്കുന്ന കാര്യം

മധുരം വളരെ ഇഷ്ടമാണ്. അത് കഴിക്കുന്നതു കുറയ്ക്കണമെന്ന് ആഗ്രഹമുണ്ട്.

സ്വാധീനിച്ച വ്യക്തികള്‍

എന്റെ അമ്മ, പിന്നെ ആശയങ്ങളെ അതിശയകരമായി ഡെവലപ് ചെയ്യുന്ന മോദിജി, 'ഔട്ട് ഓഫ് ദി ബോക്‌സ് ഐഡിയ'കളുള്ള നിതിന്‍ ഖഡ്ഗരി, ഹാര്‍ഡ് വര്‍ക്കിംഗ് അമിത് ഷാ ജി എന്നിവരാണ് രാഷ്ട്രീയത്തില്‍ ഏറെ സ്വാധീനിച്ചത്

ഇഷ്ടപ്പട്ട പുസ്തകങ്ങള്‍?

മാര്‍ക്ക് ടൂളിയുടെ No full stops in India, ധരംപാലിന്റെ The Beautiful Tree, വന്ദന ശിവയുടെ പരിസ്ഥിതി സംബന്ധമായ പുസ്തകങ്ങള്‍.

എപ്പോഴെങ്കിലും രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?

അടുത്ത ഒരു പത്തു കൊല്ലത്തിനുള്ളില്‍ തെരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ നിന്ന് പിന്മാറണമെന്നാണ് ആഗ്രഹം. പിന്നെ ഏതെങ്കിലും ഒരു സ്ഥലത്ത് പൊതു പ്രവര്‍ത്തകന്‍ മാത്രമായി ജീവിക്കണം.

ഏറ്റവും മൂല്യവത്തായ ഉപദേശം

രാഷ്ട്രീയ ജീവിതത്തില്‍ കിട്ടിയൊരു ഉപദേശമാണ്. 'പരാതി പറയരുത്. ദുര്‍ബലരാണ് പരാതി പറയുന്നത്. ഒരാള്‍ ശക്തനാവുമ്പോഴാണ് അയാള്‍ക്കെതിരെ പരാതി ഉന്നയിക്കുക.'

ദേഷ്യം ഏങ്ങനെയാണ് നിയന്ത്രിക്കുന്നത്?

ദേഷ്യം പ്രകടിപ്പിക്കാറില്ല. നമ്മള്‍ പ്രതീക്ഷിച്ചത് നടക്കാതെ വരുമ്പോഴാണല്ലോ ദേഷ്യം വരുന്നത്. എന്റെ കഴിവില്ലായ്മയായാണ് ഞാന്‍ അതിനെ കരുതുന്നത്.

താങ്കളെ കുറിച്ച് അധികം ആര്‍ക്കും അറിയാത്ത ഒരു കാര്യം?

ഞാന്‍ വളരെ സ്ട്രെയിറ്റ് ഫോര്‍വേഡാണ്... സിംപിളാണ്... സാധുവാണ്... എന്നൊക്കെ പലരും പറയാറുണ്ട്. എന്നാല്‍ ഞാന്‍ അങ്ങനെ അല്ല!

Similar News