രാവിലെ ഉണര്‍ന്നാല്‍ ആദ്യം ചെയ്യുന്ന കാര്യം?
രാവിലെ റെഡിയായി പള്ളിയില്‍ പോയി കുര്‍ബാനയില്‍ സംബന്ധിക്കും. കഴിഞ്ഞ 30 വര്‍ഷമായി മുടങ്ങാത്ത ശീലമാണിത്.
മറ്റ് ശീലങ്ങള്‍?
പള്ളിയില്‍ നിന്ന് മടങ്ങിയെത്തിയാല്‍ ഒന്ന്, ഒന്നേകാല്‍ മണിക്കൂര്‍, ഏകദേശം എട്ടരമണി
വരെ പത്രം വായിക്കും. ദിവസവും 14 പത്രങ്ങള്‍ വായിക്കാറുണ്ട്.
ഏറ്റവും സ്വാധീനിച്ച വ്യക്തി?
അത് എന്റെ ഫാദര്‍ തന്നെയാണ്. ബുദ്ധിശക്തി, ഓര്‍മശക്തി, കഠിനാധ്വാനം അങ്ങനെ എല്ലാംകൊണ്ടും ഒരു അസാമാന്യ വ്യക്തിത്വം. ഞാന്‍ പത്തിരട്ടി വളര്‍ന്നാലും അദ്ദേഹത്തിനൊപ്പമാകില്ല. ഒരേസമയം നല്ല കൃഷിക്കാരനും വളരെ സമര്‍ത്ഥനായ വക്കീലുമായിരുന്നു അദ്ദേഹം. വലിയ നിയമ പുസ്തകങ്ങളിലെയും മറ്റും ചില കേസുകള്‍ റെഫര്‍ ചെയ്യാന്‍ ഇത്രാം നമ്പര്‍ പേജിലുണ്ട് അവിടെ നോക്കൂ എന്ന് പറയുന്നതുകേട്ട് എനിക്ക് അല്‍ഭുതം തോന്നിയിട്ടുണ്ട്. എനിക്കും അദ്ദേഹത്തിന്റെ ഫൊട്ടോഗ്രാഫിക് മെമ്മറി കുറച്ചൊക്കെ കിട്ടിയിട്ടുണ്ട്. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ ഒരു ഐ.എ.എസുകാരനാകണം എന്നുപറഞ്ഞ് എന്നെ പ്രോല്‍സാഹിപ്പിച്ചതും അദ്ദേഹമാണ്.
ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം?
നെടുമ്പാശേരി എയര്‍പോര്‍ട്ട് യാഥാര്‍ത്ഥ്യമാക്കാന്‍ കഴിഞ്ഞത് തന്നെ.
നേരിട്ട ഏറ്റവും വലിയ വെല്ലുവിളി?
ഒന്നുമില്ലായ്മയില്‍ നിന്ന് ഒരു വിമാനത്താവളം സൃഷ്ടിക്കുക എന്നത്
ഏറ്റവും ഇഷ്ടപ്പെട്ട ഹോബി?
കൃഷി. ഇപ്പോള്‍ സമയം കിട്ടാറില്ല. വന്‍തോതില്‍ വാഴകൃഷിയൊക്കെ ചെയ്യുമ്പോള്‍ എന്റെ ചില ബന്ധുക്കള്‍ ചോദിച്ചിട്ടുണ്ട് - മാനേജര്‍ വെട്ടിക്കുന്നതും കളവു പോകുന്നതും ഒടിഞ്ഞുപോകുന്നതുമെല്ലാം കഴിഞ്ഞ് എന്തു കിട്ടും, ഇതിന്റെ വല്ല ആവശ്യവുമുണ്ടോ എന്ന്. ഞാന്‍ പറയും ഇങ്ങനെ ഓരോരോ കാരണം കണ്ടെത്തി ഒന്നും ചെയ്യണ്ട എന്ന് തീരുമാനിക്കുന്നവരല്ല ഞങ്ങള്‍ പാലാക്കാര്‍ എന്ന്.
ജീവിതത്തില്‍ ഏറ്റവും വിലമതിക്കുന്നതെന്താണ്?
എനിക്ക് പണത്തേക്കാള്‍ വലുത് എന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞു എന്ന സംതൃപ്തിയാണ്. ഇന്ന് ലോകത്തിന്റെ ഏത് ഭാഗത്തു ചെന്നാലും എന്നെ ആളുകള്‍ അറിയും. ആ അംഗീകാരമാണ് എനിക്ക് വലുത്.
റിസ്‌ക് എടുത്ത് മുന്നേറുന്നതില്‍ പ്രത്യേക സംതൃപ്തി ഉണ്ടെന്ന് തോന്നുന്നല്ലോ?
പദവിയും അധികാരവും ഉണ്ടായിട്ടും കാര്യമായി ഒന്നും ചെയ്യാതിരുന്നാല്‍ ഐ.എ.എസുകാരനും ക്ലര്‍ക്കും തമ്മില്‍ എന്ത് വ്യത്യാസം?
താങ്കളെക്കുറിച്ച് മറ്റുള്ളവര്‍ക്ക് അറിയാത്ത കാര്യം?
അറിയാത്തതൊന്നുമില്ല. ഞാന്‍ ഒരു തുറന്ന പുസ്തകമാണ്. ഓഫീസില്‍പോലും ഞാന്‍ എന്റെ മേശയൊന്നും പൂട്ടാറില്ല.
വസ്ത്രധാരണത്തിലും മറ്റും പ്രിയപ്പെട്ട ബ്രാന്‍ഡുകള്‍?
ഞാന്‍ ഷോപ്പിംഗിന് പോയാല്‍ 800 രൂപയില്‍ കൂടുതല്‍ വിലയുള്ള ഷര്‍ട്ടൊക്കെ വാങ്ങാന്‍ വലിയ പ്രയാസമാണ്. ഭാര്യയാണ് എനിക്ക് വേണ്ടി ഷോപ്പിംഗ് നടത്തുന്നത്.
ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനം?
മറിയമ്മയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്.
മറ്റുള്ളവരില്‍ ഏറ്റവും വെറുക്കുന്ന കാര്യം?
കാര്യപ്രാപ്തി കുറഞ്ഞവരെ സഹിക്കാം. എന്നാല്‍ കൈക്കൂലിക്കാരെ ഒട്ടും സഹിക്കാന്‍ പറ്റില്ല.
യാത്രകള്‍ ഇഷ്ടമാണോ? സന്ദര്‍ശിക്കാന്‍ ഏറ്റവും ഇഷ്ടമുള്ള വിദേശ രാജ്യം?
എല്ലാ ലോകാല്‍ഭുതങ്ങളും കണ്ടിട്ടുണ്ട്. 112 രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. സ്‌പൈസസ് ബോര്‍ഡിലായിരുന്നപ്പോള്‍ ധാരാളം വിദേശയാത്രകള്‍ നടത്താന്‍ അവസരമുണ്ടായി. സത്യസന്ധമായി ജീവിച്ചാല്‍ ദൈവം അവസരങ്ങള്‍ മുമ്പില്‍ കൊണ്ടുവന്നു തരും. സിംഗപ്പൂര്‍ വളരെ ഇഷ്ടപ്പെട്ട സ്ഥലമാണ്. അവിടെ സായിപ്പിന്റെ തൊലി വെളുപ്പില്ലെങ്കിലും ഒരു പ്രശ്‌നവുമില്ല.
എങ്ങനെയാണ് ടെന്‍ഷന്‍ മാനേജ് ചെയ്യുന്നത്?
എനിക്ക് ടെന്‍ഷന്‍ ഒന്നുമില്ലല്ലോ. അഥവാ എന്തെങ്കിലുമുണ്ടെങ്കില്‍ രാവിലെ പള്ളിയില്‍ പോകുമ്പോള്‍ അങ്ങേരോട് പറയും - ദേ, ഇങ്ങനെ പ്രശ്‌നങ്ങളൊക്കെയുണ്ട്, ഒന്ന് നോക്കിയേക്കണേ എന്ന്.ഔദ്യോഗിക ജീവിതത്തില്‍ വലിയ ഓഫറുകളും പ്രലോഭനങ്ങളുമൊക്കെ നേരിട്ട് കാണുമല്ലോ?ശരിയാണ്. കനത്ത ശമ്പളവും സൗകര്യങ്ങളുമെല്ലാം വാഗ്ദാനം ചെയ്ത് നിര്‍ബന്ധപൂര്‍വം പലരും ക്ഷണിച്ചിട്ടുണ്ട്. പക്ഷെ, ആര്‍ത്തി പാടില്ല എന്നാണ് എന്റെ പക്ഷം. ഞാന്‍ കേരളത്തില്‍ നിന്ന് പഠിച്ചെടുത്ത കാര്യങ്ങള്‍ ഈ നാടിന്റെ നന്മയ്ക്കുവേണ്ടി തന്നെ ഉപയോഗിക്കണം എന്നായിരുന്നു ചിന്ത.
ആത്മീയതയെക്കുറിച്ചുള്ള കാഴ്ചപ്പാട് എന്താണ്?
പാവപ്പെട്ടവരെ സഹായിക്കുക. ചുമ്മാ പ്രാര്‍ത്ഥനയും പ്രസംഗവുമായി നടക്കുന്നതല്ല ആത്മീയത. പ്രാര്‍ത്ഥന വേണ്ടെന്നല്ല, തീര്‍ച്ചയായും വേണം. സഭ പാവപ്പെട്ടവര്‍ക്കുവേണ്ടി നിലകൊള്ളുന്നതാകണം. മുതലാളിമാരെ നോക്കുകപോലും വേണ്ട. പക്ഷെ നേരെ തിരിച്ചാണിപ്പോള്‍. 300 കോടി രൂപയും മറ്റും ചെലവഴിച്ച് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുകള്‍ പണിയുന്നു. അതിന്റെ പത്തു ശതമാനം (30 കോടി രൂപ)കൊണ്ട് എത്ര പാവങ്ങളെ സഹായിക്കാമായിരുന്നു.