രാവിലെ എഴുന്നേറ്റാല്‍ ആദ്യം ചെയ്യുന്നത്?
പ്രഭാതകൃത്യങ്ങള്‍ക്കു ശേഷം, കട്ടന്‍ കാപ്പിയിടാന്‍ അടുക്കളയിലേക്ക്.
ആഹാരശീലങ്ങള്‍?
പ്രത്യേക ശീലങ്ങളില്ല. ഉള്ളതെന്താണോ അത് കഴിക്കും. ഇഷ്ടം ഗോതമ്പ് വിഭവങ്ങളോട്. ചപ്പാത്തിയും ബീഫ് ഫ്രൈയും വാനില ഐസ്‌ക്രീമും ഇഷ്ടമാണ്.
ഇഷ്ട ബ്രാന്‍ഡുകള്‍
ഒന്നിലും ബ്രാന്‍ഡ് നോക്കുന്ന ആളല്ല ഞാന്‍. എന്റെ സാമ്പത്തികസ്ഥിതിക്കുള്ളില്‍ നില്‍ക്കുന്നതേ വാങ്ങൂ.
ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം
എഴുത്തുകാരന്‍ ആകാന്‍ കഴിഞ്ഞു എന്നത്.
ഏറ്റവും കൂടുതല്‍ സ്വാധീനിച്ച വ്യക്തി/വ്യക്തികള്‍
എന്റെ അമ്മ, സാഹിത്യനിരൂപകന്‍ എം.കൃഷ്ണന്‍ നായര്‍, നാടകാചാര്യന്‍ എന്‍.എന്‍ പിള്ള, കഥാപ്രസംഗത്തിലെ കുലപതി സാംബശിവന്‍.
ആഹ്ലാദകരമായ ഒരു ബാല്യകാല സ്മരണ?
കാര്‍ ഡ്രൈവറായിരുന്ന പിതാവിനൊപ്പം പുതിയ കാര്‍ വാങ്ങാന്‍ പോണ്ടിച്ചേരിക്ക് തീവണ്ടി കയറിപ്പോയത്.
അടുത്ത കാലത്തുണ്ടായ സന്തോഷകരമായ അനുഭവം?
ഇന്ത്യയിലെ ഏറ്റവും നല്ല നോവലിന് കൊടുക്കുന്ന ജെസിബി ലിറ്ററേച്ചര്‍ പ്രൈസിന്റെ ലോംഗ് ലിസ്റ്റില്‍ ഇടം പിടിക്കാന്‍ കഴിഞ്ഞത്.
ജീവിതത്തില്‍ എടുത്ത ഏറ്റവും നിര്‍ണ്ണായകമായ തീരുമാനം
എന്‍ജിനീയറിംഗ് ജോലി വിട്ട് സമ്പൂര്‍ണ്ണ എഴുത്തുകാരനാകാന്‍ തീരുമാനിച്ചത്.
ഏറ്റവും സന്തോഷിപ്പിക്കുന്ന വ്യക്തിപരവും പ്രൊഫഷണലുമായ ഗോളുകള്‍?
മലയാളത്തില്‍ ഏറ്റവും അധികം വായിക്കപ്പെടുന്ന ഒരു പുസ്തകത്തിന്റെ രചയിതാവ് ആകാന്‍ കഴിഞ്ഞു എന്നത് വ്യക്തിപരമായ സന്തോഷം. എഴുത്തുകാര്‍ക്ക് റോയല്‍റ്റി കൊണ്ടും ജീവിക്കാന്‍ കഴിയും എന്ന് തെളിയിച്ചത് പ്രൊഫഷണലായ സന്തോഷം.
ആടുജീവിതം എന്ന നോവലിന് ശേഷം ജീവിതത്തില്‍ വന്ന മാറ്റങ്ങള്‍?
എഴുത്തുകാരന്‍ എന്ന നിലയില്‍ കൂടുതല്‍ ആളുകള്‍ അറിയാന്‍ തുടങ്ങി. ഞാന്‍ എഴുത്തിനെ കൂടുതല്‍ ഗൗരവത്തോടെ കാണാനും.
ആദ്യ നോവല്‍ വന്‍ വിജയമായപ്പോള്‍ താങ്കളുടെ വായനക്കാരുടെ പ്രതീക്ഷകള്‍ കൂടി. ഈ സമ്മര്‍ദത്തെ അതിജീവിച്ചത് എങ്ങനെയാണ്?പ്രശസ്തി, വായനക്കാരുടെ പ്രതീക്ഷ എന്നിവ ഒന്നും എഴുത്തുകാരനെ സ്പര്‍ശിക്കാന്‍ പാടില്ല. ഞാന്‍ എന്റെ പുതിയ നോവലിനുള്ള വിഷയത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു.
ആടുജീവിതം സിനിമയാകുകയാണല്ലോ. നോവല്‍ സിനിമയാകുമ്പോള്‍ നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങള്‍?
നോവല്‍ വായിക്കുന്ന ഓരോരുത്തരും സ്വന്തമായി ഒരു കഥ സങ്കല്‍പ്പിച്ചെടുക്കുന്നുണ്ട്. എന്നാല്‍ സിനിമ ആകുമ്പോള്‍ സംവിധായകന്റെ സ്വപ്‌നത്തിന് പിന്നാലെ പോകാന്‍ കാഴ്ചക്കാര്‍ നിര്‍ബന്ധിതരാകുന്നു.
ഏറ്റവും വലിയ അഭിമാനം
എന്നെ എന്റെ എഴുത്തിന് വിട്ടുതരുന്ന ഭാര്യ.
ജീവിതത്തിലെ വലിയ നഷ്ടം?
വൈക്കം മുഹമ്മദ് ബഷീറിനെയും ഒ.വി വിജയനെയും മാധവിക്കുട്ടിയെയും നേരിട്ട് കാണാന്‍ കഴിയാതെ പോയത്.
ഏറ്റവും വലിയ കുറ്റബോധം
അറബിനാട്ടില്‍ 21 വര്‍ഷം ജീവിച്ചിട്ടും അറബി ഭാഷ പഠിക്കാന്‍ കഴിയാതെ പോയത്.
അടുത്തകാലത്ത് വായിച്ച പുസ്തകം
Olga Tokarczuk ന്റെ ഫ്‌ളൈറ്റ്‌സ് എന്ന നോവല്‍. ഇഷ്ടപ്പെട്ട പുസ്തകം നിക്കോസ് കസാന്‍സാക്കിസിന്റെ 'ലാസ്റ്റ് ടെംപ്‌റ്റേഷന്‍ ഓഫ് ക്രൈസ്റ്റ്' എന്ന നോവല്‍.
ഇഷ്ടഗാനങ്ങള്‍
വാല്‍ക്കണ്ണെഴുതി വനപുഷ്പം ചൂടി, താരക രൂപിണി നിയെന്നുമെന്നുടെ, ഇളംമഞ്ഞില്‍ കുളിരുമായൊരു കുയില്‍, കാത്തിരുന്ന് കാത്തിരുന്ന്....
ഇഷ്ടസിനിമകള്‍
ഗോഡ് മസ്റ്റ് ബി ക്രേസി, ബൈസിക്കിള്‍ തീവ്‌സ്, സിനിമ പാരഡൈസോ, എലിപ്പത്തായം, ഒരേ കടല്‍, കിരീടം, തന്മാത്ര.
മാറ്റാന്‍ ആഗ്രഹിക്കുന്ന ശീലം
സോഷ്യല്‍ മീഡിയയില്‍ അധികമായി സമയം ചെലവിടുന്നത്.
പ്രസംഗിക്കാന്‍ ഏറ്റവും താല്‍പ്പര്യമുള്ള വിഷയങ്ങള്‍?
തീര്‍ച്ചയായും സാഹിത്യം, പിന്നെ ക്രിസ്തു.
ഈയിടെ തുടങ്ങിയ ശീലം?
കൂടുതല്‍ യാത്ര പോകുക. സാധാരണയായി മാസത്തില്‍ ഏഴു മുതല്‍ പത്ത് ദിവസം വരെ യാത്ര ചെയ്യും.
താങ്കളെക്കുറിച്ച് അധികമാര്‍ക്കും അറിയാത്ത കാര്യം?
ഞാനൊരു നല്ല പാചകക്കാരനാണ്. സ്വന്തമായി പാചകം ചെയ്താണ് ഭക്ഷിക്കുന്നത്.
ആദ്ധ്യാത്മികതയെക്കുറിച്ചുള്ള കാഴ്ചപ്പാട്?
മതത്തില്‍ നിന്ന് വിഭിന്നമായത്, സ്വന്തമായ ഒരു യാത്രയിലൂടെ മാത്രം കണ്ടെത്താനാകുന്നത്.
ഇവിടെ ചോദിച്ചിട്ടില്ലാത്തതും എന്നാല്‍ ചോദിക്കാന്‍ ആഗ്രഹിക്കുന്ന ചോദ്യവും ഉത്തരവും?
മരിക്കുന്നതിന് മുമ്പുള്ള ഏറ്റവും വലിയ ആഗ്രഹം
ഭൂമിക്ക് വെളിയില്‍ ജീവനുണ്ട് എന്ന് ഉറപ്പിക്കാനാകുന്ന ഒരു ശക്തമായ തെളിവ് ശാസ്ത്രലോകം കണ്ടെത്തുക. അല്ലെങ്കില്‍ ബഹിരാകാശ ജീവികള്‍ ഭൂമി സന്ദര്‍ശിക്കുക.