ജൂഡ് ആന്റണി, സംവിധായകന്‍, അഭിനേതാവ്
രാവിലെ എഴുന്നേറ്റാല്‍ ആദ്യം ചെയ്യുന്നത്?
പ്രാര്‍ത്ഥിക്കും. എല്ലാക്കാര്യങ്ങളും നന്നായി നടക്കണം, എല്ലാവര്‍ക്കും നന്മ വരുത്തണമെന്നു പ്രാര്‍ത്ഥിച്ചുകൊണ്ടാണ് എന്നും എഴുന്നേല്‍ക്കുന്നത്.
ഇഷ്ട ഭക്ഷണം?
ചോറും മീന്‍ കറിയും. ബ്രേക്ക് ഫാസ്റ്റാണെങ്കില്‍
ഇഡ്ഡലി, ദോശ. കഴിവതും വീട്ടില്‍ നിന്നു തന്നെ ഭക്ഷണം കഴിക്കാനാണിഷ്ടം.
സ്വാധീനിച്ചിട്ടുള്ള വ്യക്തി?
സ്വാധീനിച്ചിട്ടുള്ള ഒരുപാടു പേരുണ്ട്. എന്നാല്‍ എടുത്തു പറയുകയാണെങ്കില്‍ വിനീത് ശ്രീനിവാസനാണ്. ഗുരുവാണെന്നു മാത്രമല്ല നല്ല സുഹൃത്തും വീട്ടിലെ ഒരംഗവുമൊക്കെയാണ്. അവന്റെ പാഷനും ആളുകളോടുള്ള പെരുമാറ്റവുമൊക്കെ കാണുമ്പോഴാണ് നമ്മള്‍ ഒന്നുമല്ലെന്ന് മനസിലാകുന്നത്. ജീവിതത്തില്‍ ചെറിയ മാറ്റമൊക്കെ വരുത്താന്‍ തന്നെ കാരണം വിനീതാണ്.
ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം?
ഞാന്‍ സംവിധായകനായതു തന്നെ. ഒട്ടും പ്രതീക്ഷിച്ചതല്ല ഇത്ര വേഗം അതു സാധ്യമാകുമെന്ന്. ആഗ്രഹം കൊണ്ട് ഒന്നു ശ്രമിച്ചു നോക്കിയതാണ്. മൂന്നു വര്‍ഷത്തിനുള്ളില്‍ തന്നെ സംവിധായകനായി. സിനിമയ്ക്ക് സംസ്ഥാന അവാര്‍ഡും ലഭിച്ചു. ഇതിനേക്കാള്‍ വലിയൊരു നേട്ടം വെറെ എന്തുണ്ടാവാനാണ്?
അടുത്ത കാലത്തു സന്തോഷം തോന്നിയൊരു കാര്യം?
കുടുംബത്തിലെ കാര്യങ്ങളാണ് എന്നെ ഏറ്റവും അധികം സന്തോഷിപ്പിക്കുന്നത്. മകളെ സ്‌കൂളില്‍ ചേര്‍ത്തതാണ് ഇപ്പോഴത്തെ സന്തോഷം. മനസുകൊണ്ട് ഞാന്‍ ഇപ്പോഴും ഒരു പ്രീഡിഗ്രിക്കാരന്‍ പയ്യനാണ്. എന്റെ കുഞ്ഞ് ഇത്രയുമൊക്കെ വളര്‍ന്നെന്നു അറിയുമ്പോള്‍ വലിയ അഭിമാനമൊക്കെ തോന്നുന്നു.
ജീവിതത്തില്‍ നേരിട്ടിട്ടുള്ള വെല്ലുവിളി?
എനിക്ക് നല്ല വിക്ക് ഉണ്ട്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ കുട്ടികളൊക്കെ കളിയാക്കും. ആ സമയത്തൊക്കെ വിചാരിക്കുമായിരുന്നു ഈ വിക്കും വെച്ച് എന്തു ചെയ്യുമെന്ന്. അതിനുശേഷം എത്രയോ ആളുകളോട് കഥ പറഞ്ഞു. രണ്ടു സിനിമകള്‍ ചെയ്തു. ഇപ്പോള്‍ മനസിലായി അതൊന്നും ഒരു പ്രശ്‌നമല്ലെന്ന്. മാത്രമല്ല അതൊരു പ്ലസ് പോയ്ന്റായാണ് ഇപ്പോള്‍ തോന്നുന്നത്.
അടുത്തിടെ വായിച്ചതില്‍ ഇഷ്ടപ്പെട്ട പുസ്തകം?
അടുത്തിടെ വായിച്ചത് ബെന്യമിന്റെ പെണ്‍മാറാട്ടം എന്ന ചെറുകഥകളുടെ സമാഹരമാണ്. അതിലെ പെണ്‍മാറാട്ടം എന്ന കഥ എനിക്കേറെയിഷ്ടപ്പെട്ടു.
എങ്ങനെയാണ് റിലാക്‌സ് ചെയ്യുന്നത്?
ഭാര്യ അന്നയ്ക്കും മകള്‍ റോസ്‌ലിന്‍ അന്ന ജൂഡിനുമൊപ്പമുള്ള സമയമാണ് ഞാന്‍ റിലാക്‌സ് ആവുന്നത്. ഷൂട്ടിംഗ് ഇല്ലാത്തപ്പോള്‍ മിക്കവാറും വീട്ടിലുണ്ടാകും. മൂന്നു ദിവസത്തില്‍ കൂടുതല്‍ വീട്ടില്‍ നിന്നു മാറി നില്‍ക്കാറില്ല.
ഓം ശാന്തി ഓശാന എന്ന സിനിമയുടെ തുടക്കത്തില്‍ 'കൃത്യസമയത്ത് എന്നെ വിട്ടു പിരിഞ്ഞ എന്റെ കാമുകിക്ക് നന്ദി' എന്ന് എഴുതികാണിക്കുന്നുണ്ടല്ലോ?
എന്‍ജിനീയറിംഗ് കഴിഞ്ഞ സമയത്താണ് അവരെന്നെ വിട്ടു പോയത്. അത് നല്ലൊരു തീരുമാനമായിരുന്നെന്ന് പിന്നീടെനിക്ക് തോന്നിയിട്ടുണ്ട്. അല്ലെങ്കില്‍ ജോലി കളഞ്ഞ് സിനിമയിലേക്കിറങ്ങാനുള്ള ധൈര്യമൊന്നും കിട്ടില്ലായിരുന്നു. കല്യാണം കഴിച്ച് ഏതെങ്കിലും ഒരു നാട്ടില്‍ പ്രത്യേകിച്ചൊന്നും ചെയ്യാത്ത ഒരു ചെറുപ്പക്കാരനായി മാറുമായിരുന്നു. മനസിന്റെ ഉള്ളില്‍ നിന്നു തന്നെയാണ് ഞാന്‍ നന്ദി പറഞ്ഞത്.
ദൈവ വിശ്വാസിയാണോ?
പിന്നെ! ആ വിശ്വാസമില്ലെങ്കില്‍ ഞാനില്ല. ദൈവത്തിന്റെയാണ് എല്ലാം എന്നു വിശ്വസിക്കുന്ന ആളാണ് ഞാന്‍. നമുക്ക് വിജയം ഉണ്ടായാലും പരാജയം ഉണ്ടായാലും അത് ദൈവത്തിന്റെയാണെന്ന് വിശ്വസിക്കാനാണിഷ്ടം.
എന്തു പറഞ്ഞാലും വിവാദമാണല്ലോ?
വളരെ ഇംപള്‍സീവായാണ് സംസാരിക്കുന്നത്. പറഞ്ഞതിനു ശേഷമായിരിക്കും ആലോചിക്കുന്നത് പറഞ്ഞതു കൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്ന്. നേരത്തെ ഫേസ്ബുക്കില്‍ ഞാന്‍ എന്തേലും ഇട്ടാല്‍ എന്റെ ഭാര്യ, ദൈവമേ എന്ന് വിളിച്ച് ഓടിപ്പോയി നോക്കും. വീട്ടുകാരുടെ വിഷമം കണ്ടപ്പോഴാണ് ഇനി നെഗറ്റീവ് ആയൊന്നും പറേയണ്ടെന്ന് തീരുമാനിച്ചത്. ഫേസ്ബുക്കൊക്കെ പോസിറ്റീവായ കാര്യങ്ങള്‍ക്കു മാത്രമേ ഉപയോഗിക്കൂ എന്നാണ് ഇപ്പോഴത്തെ തീരുമാനം.
ജൂഡിന് എന്താണ് സിനിമ?
സിനിമയെന്നതിലേക്ക് ഒരുപാട് ദൂരമുണ്ട്. എന്നെങ്കിലും അതിലേക്കെത്തും എന്നാണ് കരുതുന്നത്. ഇപ്പോള്‍ ഒരു വിദ്യാര്‍ത്ഥി മാത്രമാണ്. ഓരോ സിനിമയും എന്റെ പഠനത്തിന്റെ ഭാഗമാണ്. അറുപതു വയസിനു ശേഷം ഞാന്‍ ചെയ്യുന്ന ഒരു സിനിമയായിരിക്കും എന്റെ ഏറ്റവും നല്ല സിനിമ എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
എഴുത്ത് എങ്ങനെയാണ് ജൂഡിലേക്ക് എത്തുന്നത്?
അറിയാതെ എഴുതി പോയതാണ്. മലര്‍വാടി
ആര്‍ട്‌സ് ക്ലബില്‍ വര്‍ക്ക് ചെയ്യുമ്പോഴാണ് നിവിന്‍ എന്നോട് ഒരു കഥയുടെ ത്രെഡ് പറഞ്ഞിട്ട് ബാക്കി നീ എഴുതാന്‍ പറയുന്നത്. അങ്ങനെ പത്തു പതിനാറു ദിവസം കൊണ്ട് ആ കഥ എഴുതി. അതു വളരെ നന്നായിട്ടുണ്ടെന്ന് പറഞ്ഞപ്പോഴാണ് എന്തൊക്കെയോ ഉള്ളിലുണ്ടെന്നു തോന്നുന്നത്. അതിനുശേഷമാണ് ഓം ശാന്തി ഓശാനയിലേക്കെത്തുന്നത്.
ജീവിതത്തില്‍ അടുത്തിടെയുണ്ടായ മാറ്റം?
വെട്ടിത്തുറന്നു പറയുന്ന ശീലം അവസാനിപ്പിച്ചതു തന്നെ
ഇഷ്ട ഡയറക്ടര്‍?
പ്രിയദര്‍ശന്‍. സിനിമ എന്നൊരു മാധ്യമം വൃത്തിയായി കാണിച്ചു തന്നത് അദ്ദേഹമാണ്.
പുതിയ സിനിമകള്‍
നിവിന്‍ നായകനാകുന്ന ഒരു സിനിമയാണ് ഇനി തുടങ്ങുന്നത്. അതിനുശേഷം പ്രളയകാലത്തെ അനുഭവങ്ങള്‍ ദൃശ്യവല്‍ക്കരിക്കുന്ന 2040 ഫീറ്റ് എന്ന സിനിമ.
ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌നം?
ഇപ്പോഴുള്ള സ്വപ്‌നങ്ങളെല്ലാം മകളെ ചുറ്റിപറ്റിയാണ്. വലുതാകുമ്പോള്‍ അവള്‍ ആരാകും എന്നൊക്കെ അറിയാന്‍ ഭയങ്കര കൗതുകം.
ഇവിടെ ചോദിക്കാത്ത ഒരു ചോദ്യവും ഉത്തരവും?
തിരുത്തണം എന്ന് ആഗ്രഹിക്കുന്ന ഒരു കാര്യം?
നസ്രിയയുമായുള്ള പിണക്കം. സിനിമയുമായി ബന്ധപ്പെട്ടുണ്ടായ ഒരു പ്രശ്‌നമാണ്. നസ്രിയയേക്കാള്‍ 12 വയസ് എനിക്കു കൂടുതലുണ്ടായിട്ടും ഞാനും അവളെ പോലെ തന്നെ വാശിപിടിച്ച് ദേഷ്യപ്പെട്ടു. ശരിക്കും അങ്ങനെ ചെയ്യരുതായിരുന്നുവെന്ന് ഇപ്പോള്‍ തോന്നുന്നുണ്ട്. അതുപോലെ മറ്റു ചിലരേയും ഇത്തരത്തില്‍ വാക്കുകള്‍ കൊണ്ട് വേദനിപ്പിച്ച് ബന്ധം നഷ്ടപ്പെടുത്തിയിട്ടുണ്ട്. എന്റെ തെറ്റായിരുന്നുവെന്ന് ഇപ്പോള്‍ മനസിലാക്കുന്നു.