കടപ്പത്രങ്ങളില്‍ ഇപ്പോള്‍ നിക്ഷേപിക്കണോ?

Update:2018-11-18 11:33 IST

ഡോ. ജോഷിന്‍ ജോണ്‍

കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് ചില മുതിര്‍ന്ന മാനേജ്‌മെന്റ് വിദഗ്ധരുമായി സംസാരിക്കുന്നതിനിടയില്‍ ഞാനവരോട് ചോദിച്ചു. അവരെങ്ങനെ ആണ് കടപ്പത്ര വിപണിയെ നോക്കി കാണുന്നതെന്ന്. അധികംപേരും കടപ്പത്രത്തോട് വലിയ താല്‍പ്പര്യം ഒന്നും കാട്ടുന്നവരായിരുന്നില്ല. അവരുടെ അഭിപ്രായത്തില്‍ കടപ്പത്രത്തേക്കാള്‍ എന്തുകൊണ്ടും ഒരുപടി മുന്നില്‍ നില്‍ക്കുന്നത് ഓഹരി (ഇക്വിറ്റി) വിപണി ആയിരുന്നു. മാത്രമല്ല, അവരുടെയൊക്കെയും നിക്ഷേപങ്ങളില്‍ ഒരു വലിയ ഭാഗം ദീര്‍ഘകാല സ്ഥിര നിക്ഷേപങ്ങള്‍ (ലോംഗ് ടേം ഫിക്‌സഡ് ഡിപ്പോസിറ്റ്‌സ്) ആയിരുന്നു. സംസാരത്തിനിടയില്‍ പലരിലും കടപ്പത്ര വിപണിയെക്കുറിച്ച് അറിയാനുള്ള ജിജ്ഞാസ ഉണര്‍ന്നു.

എന്താണ് കടപ്പത്രം? എന്തുകൊണ്ടാണ് സാമ്പത്തിക വിദഗ്ധര്‍ ഈയടുത്ത കാലങ്ങളില്‍ കടപ്പത്ര വിപണിയില്‍ കൂടുതല്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നത്? ഒരുപക്ഷേ ഇങ്ങനെ പല ചോദ്യങ്ങള്‍ നമ്മുടെ മനസിലും ഉയര്‍ന്നേക്കാം.

കടപ്പത്ര വിപണി

കടപ്പത്രം ഒരു സ്ഥിര വരുമാന നിക്ഷേപം ആണ്. അതില്‍ നിക്ഷേപകന്‍ സര്‍ക്കാരിനോ അഥവാ കോര്‍പ്പറേറ്റുകള്‍ക്കോ നിശ്ചിത കാലാവധിക്ക് പണം പലിശയ്ക്ക് കടം കൊടുക്കുന്നു. ദീര്‍ഘകാലത്തേക്കുള്ളത്, ഹ്രസ്വകാലത്തേക്കുള്ളത്, സര്‍ക്കാര്‍ പുറപ്പെടുവിക്കുന്നത് കോര്‍പ്പറേറ്റുകളുടേത് പകരത്തിന് പകരം എടുക്കാന്‍ കഴിയുന്നത് (സ്വാപ്പി) തുടങ്ങിയ നിരവധി നിരവധി തരത്തിലുള്ള കടപ്പത്രങ്ങള്‍ ഇന്ന് ലഭ്യമാണ്.

നമ്മള്‍ ഇവിടെ ചര്‍ച്ച ചെയ്യുന്നത് റിസര്‍വ് ബാങ്ക് പുറപ്പെടുവിക്കുന്ന ദീര്‍ഘകാല ജി-സെക് നികുതിരഹിത കടപ്പത്രങ്ങളെക്കുറിച്ചാണ്. എന്തുകൊണ്ടാണ് ഇവയ്ക്കിത്ര പ്രാധാന്യം ലഭിക്കുന്നത്? സര്‍ക്കാര്‍ പുറപ്പെടുവിക്കുന്നതായതിനാല്‍ തന്നെ കടപ്പത്ര ഉടമയ്ക്ക് വരുമാനം നല്‍കേണ്ടതിന്റെ ഉത്തരവാദിത്തവും സര്‍ക്കാരില്‍ അധിഷ്ഠിതമായിരിക്കും. അതുകൊണ്ടുതന്നെ സുരക്ഷിതമായ നിക്ഷേപങ്ങളില്‍ ഒന്നായാണ് 'ജി-സെക്' കടപ്പത്രങ്ങളെ നിക്ഷേപകര്‍ കാണുന്നത്.

പത്തോ ഇരുപതോ വര്‍ഷത്തേക്ക്

പുറപ്പെടുവിക്കുന്ന ദീര്‍ഘകാല ജി-സെക് കടപ്പത്രങ്ങള്‍ക്ക് നഷ്ടസാധ്യത തീരെ കുറവാണ് (ലോ റിസ്‌ക്). മറ്റൊരു കാര്യം ജി-സെക് കടപ്പത്രങ്ങള്‍ക്ക് നികുതി ഇളവുകള്‍ ഉണ്ട് എന്നതാണ്. നിലവില്‍ ദീര്‍ഘകാല ജി-സെക് കടപ്പത്രങ്ങളുടെ വരുമാന നിരക്ക് 7.9 ശതമാനം ആണ് (മെയ് 17, 2018). എന്നാല്‍ നിക്ഷേപകര്‍ക്കിടയില്‍ ഏറെ പ്രിയമേറിയ ദീര്‍ഘകാല സ്ഥിര നിക്ഷേപങ്ങള്‍ക്ക് നികുതിയിളവേതുമില്ലാതെ ആറ് ശതമാനം മുതല്‍ ഏഴ് ശതമാനം വരെ മാത്രമാണ് പലിശ നിരക്ക്. ഇന്‍കംടാക്‌സ് ആക്റ്റിലെ സെക്ഷന്‍ 80 സി പ്രകാരം നികുതിയിളവുള്ള പബ്ലിക് പ്രൊവിഡന്റ് ഫണ്ടിനും 7.6 ശതമാനം മാത്രമാണ് പലിശനിരക്ക്.

അതുകൊണ്ടുതന്നെ കടപ്പത്ര വരുമാനം വര്‍ധിക്കുന്നു എന്നത് സാധാരണക്കാര്‍ക്ക് ഒരു ശുഭവാര്‍ത്ത തന്നെയല്ലേ? ഈ ചോദ്യത്തിന് ഉത്തരം നല്‍കുന്നതിന് മുന്‍പായി ഒരു സൂക്ഷ്മ പരിശോധന നടത്തുന്നത് അഭികാമ്യമാണ്. എന്തെന്നാല്‍ 2001ലെ ഡോട്ട്‌കോം ബൂം സമയത്തും അതുപോലെതന്നെ 2008ലെ ലെ മാന്‍ പ്രതിസന്ധി ഘട്ടത്തിലും മികച്ച വരുമാനമാണ് ജി-സെക് ബോണ്ടുകള്‍ നിക്ഷേപകര്‍ക്ക് നല്‍കിയത്. പക്ഷെ, അധികം വൈകാതെ ഇക്വിറ്റി വിപണികള്‍ക്ക് സംഭവിച്ചതെന്താണെന്ന് ഓര്‍മിപ്പിക്കേണ്ടതില്ലല്ലോ?

കടപ്പത്ര വരുമാനം: ഒരു താരതമ്യം

വിദേശ സ്ഥാപന നിക്ഷേപകരും വലിയ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടുകളും കടപ്പത്രവിപണിയുടെ സൂചികയെ ആധാരമാക്കിയാണ് രാജ്യത്തിന്റെ സാമ്പത്തികാരോഗ്യത്തെ വിലയിരുത്തുന്നത്. 2001 മുതല്‍ 10 വര്‍ഷത്തേക്കുള്ള ഭാരത സര്‍ക്കാരിന്റെ കടപ്പത്ര നിരക്കും യു.എസിലെ 10 വര്‍ഷ ട്രഷറി ബില്‍ നിരക്കും ചിത്രം 1-ല്‍ താരതമ്യപ്പെടുത്തുന്നു. സമീപകാലയളവിലെ യു.എസ് കടപ്പത്ര വിപണിയുടെ വരുമാന വളര്‍ച്ച എടുത്തുപറയേണ്ടതാണ്. ഇത് ലോകത്തിലെ മറ്റ് വിപണികളില്‍ നിന്നുള്ള ഡോളറിന്റെ പിന്‍വാങ്ങലിനും യു.എസ് സമ്പദ്‌വ്യവസ്ഥയിലേക്കുള്ള ഡോളറിന്റെ ഉള്‍വലിയലിനും കാരണമാകും.

പ്രചാരത്തിലുണ്ടായിരുന്ന 86 ശതമാനം കറന്‍സിയും നിരോധിച്ചതിന്റെ കെടുതിയില്‍ നിന്നും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ കര കയറി വരുന്നതേയുള്ളൂ. ജി.എസ്.ടിയുടെ കടന്നുവരവും വാണിജ്യരംഗത്തെ സാരമായി ബാധിച്ചിരുന്നു. പല വ്യാപാരികളും, പ്രത്യേകിച്ച് കയറ്റുമതി മേഖലയില്‍ ഉള്ളവര്‍ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റും ജിഎസ്ടി റീഫണ്ടും ലഭിക്കാന്‍ ക്യൂവിലാണ്. കഴിഞ്ഞ ബജറ്റില്‍ ധനക്കമ്മിയുടെ പരിമിതി പ്രതിശീര്‍ഷ വരുമാനത്തിന്റെ 3.2 ശതമാനം മുതല്‍ 3.5 ശതമാനം വരെ ആക്കി ഉയര്‍ത്തിയിരുന്നു. കടപ്പത്ര വിപണിയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വലിയ കോര്‍പ്പറേറ്റുകള്‍ കടമെടുക്കുന്നതിന്റെ 25 ശതമാനം കടപ്പത്ര വിപണിയില്‍ നിന്നായിരിക്കണം എന്ന് സര്‍ക്കാര്‍ ബജറ്റില്‍ നിര്‍ദേശിച്ചിരുന്നു. എന്നിരുന്നാലും ആര്‍.ബി.ഐ കഴിഞ്ഞ കുറച്ചു മാസങ്ങളില്‍ നടത്താനിരുന്ന കടപ്പത്ര ലേലങ്ങള്‍ റദ്ദാക്കിയിരുന്നു. ഒരുപക്ഷേ ഇത് നിലവിലുള്ള ഉയര്‍ന്ന കടപ്പത്ര വരുമാന നിരക്ക് കാരണമാകാം. രാജ്യാന്തര വിപണിയിലെ ക്രൂഡ് ഓയ്‌ലിന്റെ വിലക്കയറ്റവും സമ്പദ്‌വ്യവസ്ഥയിലെ പണപ്പെരുപ്പത്തിനുള്ള സമ്മര്‍ദവും കണക്കിലെടുത്തുകൊണ്ട് ആര്‍.ബി.ഐ രാജ്യത്തിന്റെ ധനവ്യവസ്ഥയില്‍ അടുത്തൊന്നും ഇളവ് വരുത്താന്‍ സാധ്യത കാണുന്നില്ല. മറിച്ച് റിപ്പോ റേറ്റും, ബാങ്ക് ഡിപ്പോസിറ്റ് റേറ്റും ഉയരാനുള്ള സാധ്യത കാണുന്നു. അങ്ങനെ ആണെങ്കില്‍ ചിത്രം 2 അനുസരിച്ച്, ഇത് നാല് വര്‍ഷം നീണ്ട കാലാവധിക്ക് ശേഷം ആര്‍.ബി.ഐ ആദ്യമായിട്ട് തങ്ങളുടെ ധനവ്യവസ്ഥയുടെ ദിശയില്‍ മാറ്റം വരുത്തുന്ന ഘട്ടം ആയിരിക്കും.

കടപ്പത്ര വരുമാനം സാധാരണ നിലയിലേക്ക് വരുവാന്‍ നമ്മള്‍ കാത്തുനില്‍ക്കുമ്പോള്‍, നിക്ഷേപകര്‍, പ്രത്യേകിച്ച് നഷ്ടരഹിത നിക്ഷേപ ഉപകരണങ്ങളില്‍ താല്‍പ്പര്യമുള്ളവര്‍, അവരുടെ പോര്‍ട്ട്‌ഫോളിയോയില്‍ സുരക്ഷിതമായ നിക്ഷേപങ്ങളുടെ പങ്ക് വര്‍ധിപ്പിക്കാന്‍ സാധ്യത കാണുന്നു.

അറിയിപ്പ്: ഇവിടെ പങ്കുവെച്ച കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും ലേഖകന്റെ വ്യക്തിപരമായുള്ളതാണെന്നും, ഇത് ഒരു നിക്ഷേപ ഉപദേശമായി കണക്കാക്കരുതെന്നും, ലേഖന പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട് ലേഖകന്റെ പക്ഷം യാതൊരു താല്‍പ്പര്യ വ്യത്യാസങ്ങളും നിലനില്‍ക്കുന്നില്ല എന്നും ഇതിനാല്‍ അറിയിക്കുന്നു.

ലേഖകന്‍ സേവ്യര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് എന്‍ട്രപ്രണര്‍ഷിപ്പ് കൊച്ചി കാംപസിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ആണ്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്, ലക്‌നൗവില്‍ നിന്നും അദ്ദേഹം ഡോക്റ്ററല്‍ ഗവേഷണം പൂര്‍ത്തിയാക്കി.

Similar News