ഒരു ദിവസം തുടങ്ങുന്നതെങ്ങനെയാണ്?
ആറ് മണിയോടെ എഴുന്നേല്‍ക്കും. നാല്-അഞ്ച് പത്രങ്ങളെങ്കിലും വായിക്കും.
പ്രിയവിഭവം എന്താണ്?
വറ്റിച്ചുവെച്ച മീന്‍ കറിയോട് വലിയ പ്രിയമാണ്.
എങ്ങനെ അറിയപ്പെടാനാണ് ആഗ്രഹം?
എഴുത്തുകാരിയെന്ന നിലയില്‍.
എഴുത്തിന് പ്രത്യേക സമയം വല്ലതും?
അത് പലപ്പോഴും നടക്കാറില്ല. എന്തെങ്കിലും എഴുതാനുള്ള മൂഡുമായി എഴുന്നേല്‍ക്കുന്ന ദിവസം രാവിലെ തന്നെ മറ്റു പല തിരക്കുകളില്‍ പെട്ടുപോവും. പിന്നെ എപ്പോഴെങ്കിലുമാവും അത് എഴുതാന്‍ പറ്റുന്നത്. വേറൊരു മൂഡില്‍, വേറൊരു രീതിയില്‍ ആവും ആ ആശയം പിന്നെ എഴുതുക.
ജീവിതത്തിലെ റോള്‍മോഡല്‍ ആരാണ്?
ജീവിതത്തിന്റെ പല ഘട്ടങ്ങളില്‍ പലരായിരുന്നു സ്വാധീനിച്ചിരുന്നത്. ആരുടേയും പേരുകള്‍ പ്രത്യേകമായി എടുത്തു പറയാനാവില്ല.
യാത്രകള്‍ ഇഷ്ടമാണോ?
സാമൂഹ്യപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടും എഴുത്തുകാരുടെ പല പരിപാടികള്‍ക്കായും യാത്രകള്‍ ചെയ്യാറുണ്ട്. അല്ലാതെയുള്ള യാത്രകള്‍ കുറവാണ്. ഇഷ്ടസ്ഥലങ്ങളിലേക്ക് യാത്ര പോകുമ്പോള്‍ ഏത് കൂട്ടത്തിനിടയിലും മനസില്‍ മൗനം സൂക്ഷിച്ച് ഞാന്‍ ആ കാഴ്ചകളെ ഉള്ളിലേക്കാവാഹിക്കും. മക്കളും കൊച്ചുമക്കളുമായി അടിച്ചുപൊളിച്ചു യാത്ര ചെയ്യുന്ന അവസരങ്ങളിലും നിശ്ശബ്ദയായി പ്രകൃതിയെ ആസ്വദിക്കാന്‍ കഴിയാറുണ്ട്. വ്യത്യസ്ത ഭൂപ്രദേശങ്ങളോട് എനിക്ക് പ്രതിപത്തി കൂടുതലാണ്. പുഴയും പച്ചപ്പും മാത്രമല്ല, തരിശുഭൂമികളും ചരിത്രസ്മാരകങ്ങളും പ്രളയത്തിന്റേയും വരള്‍ച്ചയുടേയും ശേഷിപ്പുകളും എല്ലാം എന്റെ ഇഷ്ടപ്പട്ടികയില്‍ വരും. വിദേശങ്ങളേക്കാള്‍ ഇന്ത്യയിലെ വിവിധയിടങ്ങളിലേക്കുള്ള യാത്രകളാണ് എനിക്കിഷ്ടം. നിലവിലെ ആരോഗ്യനില വെച്ച് മിഡില്‍ ഈസ്റ്റ്, ഹിമാലയം, ലഡാക്ക് തുടങ്ങിയ ഇടങ്ങളൊക്കെ എനിക്ക് മനസുകൊണ്ട് മാത്രം എത്തിപ്പെടാവുന്ന സ്ഥലങ്ങളാണെന്നാണ് തോന്നുന്നത്. ഒരു വിമാനയാത്രക്കിടെ ഹിമാലയത്തിന്റെ അതിമനോഹരമായ ആകാശദൃശ്യം ഞാന്‍ ആസ്വദിച്ചിട്ടുണ്ട്.
ടീച്ചര്‍ ഈശ്വരവിശ്വാസിയാണോ?
മതത്തേയും സമുദായങ്ങളേയും മുന്‍നിര്‍ത്തിയുള്ള ഈശ്വരവിശ്വാസം എനിക്കില്ല. എന്നാല്‍ ലോകത്തിലുണ്ടായിട്ടുള്ള വിശിഷ്ടവ്യക്തികളായ യേശു, ബുദ്ധന്‍ തുടങ്ങിയവരെയൊക്കെ അങ്ങേയറ്റത്തെ ആദരവോടെയാണ് കാണുന്നത്. അവരുടെ നന്മകള്‍ ജീവിതത്തിലേക്ക് പകര്‍ത്താന്‍ ശ്രമിക്കാറുമുണ്ട്. പ്രപഞ്ചത്തിന്റെ ശക്തിയില്‍ ഞാന്‍ ആഴത്തില്‍ വിശ്വസിക്കുന്നു. അതിന്റെ അപാരത,
ഞാനും പ്രപഞ്ചവുമായുള്ള ബന്ധം എന്താണ് എന്നിവയൊക്കെ ഞാന്‍ എപ്പോഴും അഗാധമായി ചിന്തിക്കാറുള്ള കാര്യങ്ങളാണ്.
സിനിമ കാണുന്ന പതിവുണ്ടോ?
ഉണ്ടുണ്ട്. തിയേറ്ററില്‍ പോയി കാണുന്നത് കുറവാണ്. അത്ര മിനക്കെടാന്‍ വയ്യ. വീട്ടിലിരുന്ന് നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ എന്നിവയില്‍ നല്ല നല്ല സിനിമകള്‍ തെരഞ്ഞെടുത്ത് കാണും. മിക്ക സിനിമകള്‍ക്കും സബ്‌ടൈറ്റിലുകള്‍ ഉണ്ടാവുമെന്നുള്ളതുകൊണ്ട് ഭാഷ മനസിലാവാത്ത പ്രശ്‌നമില്ലല്ലോ.
ജീവിതത്തിലെ അവിസ്മരണീയമായ ഒരു അനുഭവം?
എന്റെ 'ബുധിനി' എന്ന നോവലിലെ കേന്ദ്ര കഥാപാത്രത്തെ കണ്ടുമുട്ടിയത്. ചരിത്രത്തില്‍ നിന്നു കടമെടുത്ത ആ കഥാപാത്രം ജീവനോടെ എന്റെ മുന്നില്‍ നിന്നപ്പോള്‍ ഞാന്‍ സ്തബ്ധയായി. അവരുടെ വീട്ടുമുറ്റത്തുവെച്ചായിരുന്നു അവിചാരിതമായ ആ സമാഗമം. 'നെഹ്രുവിന്റെ ഗോത്രവധു'വെന്ന് ഒരു കാലത്ത് പത്രങ്ങള്‍ വിശേഷിപ്പിച്ച ബുധിനി, ദാമോദര്‍വാലിയിലെ പാഞ്ചേത്ത് ഡാം '59ല്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന നെഹ്രു ഉദ്ഘാടനം ചെയ്യുന്ന അവസരത്തില്‍ അദ്ദേഹം ആദരവോടെ തന്റെയൊപ്പം നിര്‍ത്തിയ സന്താള്‍ ഗോത്രവര്‍ഗക്കാരി, അദ്ദേഹത്തെ അന്നു ചടങ്ങിലേക്ക് പൂമാലയിട്ടു സ്വീകരിച്ചു എന്നതിന്റെ പേരില്‍ ആചാരലംഘനമാരോപിച്ച് ഗോത്രം പുറംതള്ളിയവള്‍, ഇന്ത്യയുടെ മഹാപദ്ധതികളുടെ നടത്തിപ്പിനായി സ്വന്തം അസ്തിത്വം നഷ്ടപ്പെടുത്തേണ്ടി വന്ന കോടിക്കണക്കിനു ജനങ്ങളുടെ പ്രതിനിധി... ആ കൂടിക്കാഴ്ച ഞാന്‍ ജീവിതത്തില്‍ മറക്കില്ല.
ടീച്ചറുടെ വലിയ സ്വപ്‌നം എന്താണ്?
ഇന്ന് ലോകത്തില്‍ മനസു തുറന്ന ചിരികള്‍ കാണാനേയില്ല. ആ കഴിവുകള്‍ നഷ്ടപ്പെടുന്നതിനു കാരണങ്ങള്‍ പലതാണ്. നമ്മുടെയൊക്കെ കുട്ടിക്കാലത്ത് പൊട്ടിച്ചിരിക്കാന്‍ അവസരങ്ങള്‍ ധാരാളമായിരുന്നു. മനുഷ്യഹൃദയത്തില്‍ നിന്നു ശാന്തവും മധുരവുമായ ആ ചിരി വീണ്ടും പരന്നൊഴുകുന്ന കാലമാണ് എന്റെ സ്വപ്‌നം
ടീച്ചറുടെ സന്തോഷം?
മക്കളും പേരക്കുട്ടികളും അവരുടെ മക്കളുമൊത്തുള്ള ഈ ജീവിതം തന്നെ.