ബിസിനസുകളോടുള്ള നികുതി ഉദ്യോഗസ്ഥരുടെ സമീപനത്തിൽ മാറ്റം വേണമെന്നും രാജ്യത്ത് നികുതി വെട്ടിപ്പ് തടയാൻ തടയാൻ സർക്കാരും വകുപ്പുകളും ഉയർന്ന് ചിന്തിക്കണമെന്നും മലബാർ ഗ്രൂപ്പ് ചെയർമാൻ എം പി അഹമ്മദ്.
ധനം റീറ്റെയ്ൽ ആൻഡ് ബ്രാൻഡ് സമ്മിറ്റ് & അവാർഡ് നൈറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിംഗപ്പൂർ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലെപ്പോലെ സർക്കാരും ഉദ്യോഗസ്ഥരും റെഗുലേറ്റർ എന്ന റോളിൽ നിന്നും മാറി ഫെസിലിറ്റേറ്റർ എന്ന റോളിലേക്ക് മാറണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
നികുതി വെട്ടിപ്പ് ഏറ്റവും അധികം കണ്ടുവരുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ഇതിനുള്ള പ്രധാന കാരണം ഉയർന്ന നികുതി നിരക്കും നികുതിയെക്കുറിച്ച് വേണ്ടത്ര അവബോധമില്ലാത്തതുമാണ്. നികുതിദായകരോടുള്ള ഉദോഗസ്ഥരുടെ സമീപനവും ഒരു കാരണമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ അവസ്ഥയ്ക്ക് മാറ്റം വരണമെങ്കിൽ സർക്കാർ സംവിധാനങ്ങൾ ഉണർന്ന് പ്രവർത്തിക്കണം. ഇ-മോണിറ്ററിംഗ് സംവിധാനം ഏർപ്പെടുത്തുന്നത് നികുതി വെട്ടിപ്പ് തടയാൻ സഹായിക്കുമെന്ന് അദ്ദേഹം വിലയിരുത്തി.
700 സ്‌ക്വയർ ഫീറ്റ് മാത്രമുള്ള ഒരു സ്ഥാപനത്തിൽ നിന്നും 10 രാജ്യങ്ങളിലായി 250 ഷോറൂമുകളുള്ള സ്ഥാപനമായി മലബാർ ഗോൾഡ് വളർന്നത് ഗുണമേന്മയിൽ വിട്ടുവീഴ്ച ചെയ്യാത്തതിനാലും ശക്തമായ ബ്രാൻഡ് വളർത്തിയെടുക്കാൻ കഴിഞ്ഞതുകൊണ്ടുമാണെന്ന് അഹമ്മദ് ചൂണ്ടിക്കാട്ടി.
നമ്പർ വൺ ബ്രാൻഡ് ആകുകയാണ് മലബാർ ഗോൾഡിന്റെ ലക്ഷ്യം. 10 വർഷത്തിനുള്ളിൽ 20 രാജ്യങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.