ചെറുകിട സംരംഭങ്ങളില്‍ സ്ത്രീ സാന്നിധ്യം കുറയുന്നു

6 മാസത്തിലധികം പ്രസവാവധി നല്‍കുന്നത് 80 ശതമാനത്തിലേറെ കമ്പനികള്‍

Update: 2023-07-17 07:46 GMT

Image : Canva

രാജ്യത്ത് വന്‍കിട കമ്പനികളില്‍ വനിതാ ജീവനക്കാരുടെ എണ്ണം കഴിഞ്ഞ വര്‍ഷം 33 ശതമാനത്തില്‍ നിന്ന് 52 ശതമാനമായി ഉയര്‍ന്നു. ഇതോടെ, മൊത്തം ഇന്ത്യന്‍ കമ്പനികളിലെ സ്ത്രീ ജീവനക്കാരുടെ പങ്കാളിത്തം 2021ലെ 33 ശതമാനത്തില്‍ നിന്ന് 2022ല്‍ 50 ശതമാനമായും മെച്ചപ്പെട്ടു. 2020ല്‍ ഇത് 34 ശതമാനമായിരുന്നു.

അതേസമയം, ചെറുകിട സംരംഭങ്ങളിലും (എസ്.എം.ഇ/SME) സ്റ്റാര്‍ട്ടപ്പുകളിലും വനിതാ സാന്നിദ്ധ്യം കുറയുകയാണ്. 2021ലെ 39 ശതമാനത്തില്‍ നിന്ന് കഴിഞ്ഞ വര്‍ഷം 27 ശതമാനമായാണ് വനിതാ സാന്നിദ്ധ്യം കുറഞ്ഞതെന്ന് ഹെര്‍കീ (HerKey) പുറത്തുവിട്ട ഡിവ്‌ഹെര്‍സിറ്റി (DivHERsity) ബെഞ്ച്മാര്‍ക്കിംഗ് റിപ്പോര്‍ട്ട് 2022-23 വ്യക്തമാക്കി. കൊവിഡ് പ്രതിസന്ധി നിറഞ്ഞ 2020ല്‍ പോലും സ്ത്രീ പ്രാതിനിധ്യം 31 ശതമാനമുണ്ടായിരുന്നു.

എന്‍ട്രി-ലെവല്‍ പങ്കാളിത്തം
എസ്.എം.ഇകളിലും സ്റ്റാര്‍ട്ടപ്പുകളിലും വനിതാ ജീവനക്കാരെ കൂടുതലായും തിരഞ്ഞെടുക്കുന്നത് താഴെക്കിടയിലെ ജോലികള്‍ക്കാണെന്നും റിപ്പോര്‍ട്ടിലുണ്ട്. എന്‍ട്രി-ലെവല്‍ (തുടക്കശ്രേണി) ജോലികളില്‍ 65 ശതമാനമാണ് സ്ത്രീകളുടെ പങ്കാളിത്തം. എന്നാല്‍, സീനിയര്‍-ലെവലില്‍ ഇത് 41 ശതമാനം മാത്രമാണ്.
70 ശതമാനം കമ്പനികളും ജീവനക്കാരെ നിയമിക്കുന്നതില്‍ ലിംഗസമത്വം പാലിക്കുന്നുണ്ട്. 2021നേക്കാള്‍ 13 ശതമാനം അധികമാണ്. വന്‍കിട കമ്പനികളില്‍ 91 ശതമാനവും എസ്.എം.ഇ/ സ്റ്റാര്‍ട്ടപ്പുകളില്‍ 90 ശതമാനവും ലിംഗസമത്വം പാലിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
അമ്മയ്ക്കും അച്ഛനും പ്രസവാവധി
ഗര്‍ഭിണികള്‍ക്ക് അവധി അനുവദിക്കുന്നതില്‍ കമ്പനികള്‍ക്കെല്ലാം അനുകൂല മനോഭാവമാണുള്ളത്. 2022ല്‍ 81 ശതമാനം കമ്പനികളും ആറുമാസമോ അതിലധികമോ അവധി ശമ്പളത്തോടുകൂടി ഗര്‍ഭിണികള്‍ക്ക് (Maternity Leave) അനുവദിച്ചു. 2021ല്‍ ഇത് 47 ശതമാനമായിരുന്നു.
അതേസമയം, കുഞ്ഞിന്റെ പിതാവിന് ലഭിക്കുന്ന അവധി (paternity leave) കുറവാണ്. 4 ശതമാനം കമ്പനികള്‍ മാത്രമാണ് പിതാവിന് മൂന്നാഴ്ചയോ അതിലധികമോ അവധി അനുവദിച്ചത്. 34 ശതമാനം കമ്പനികള്‍ രണ്ടാഴ്ചയോളം അവധി നല്‍കി.
Tags:    

Similar News