ജി.എസ്.ടി കുറച്ചില്ലെങ്കിലും സ്വപ്‌നങ്ങള്‍ വീണ്ടെടുത്ത് വാഹന വ്യവസായം

വാഹന വ്യവസായ രംഗത്തു നിലനില്‍ക്കുന്ന മരവിപ്പു മാറ്റാന്‍ സാധ്യമായതെല്ലാം തന്നെ കേന്ദ്ര ധനമന്ത്രാലയം ചെയ്തതായി മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ചെയര്‍മാന്‍ ആര്‍.സി ഭാര്‍ഗവ. ഫോസില്‍ ഇന്ധന വാഹനങ്ങള്‍ സമീപഭാവിയില്‍ പിന്‍വലിക്കില്ലെന്നതുള്‍പ്പെടെ ധനമന്ത്രി നിര്‍മല സീതാരാമന്‍ നടത്തിയ പ്രഖ്യാപനങ്ങള്‍ സ്വാഗതാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു.

വാഹന വ്യവസായ മേഖലയുടെ പരാതികള്‍ക്കു നേരെ വളരെ വേഗത്തിലുള്ള പ്രതികരണത്തിനു ധനമന്ത്രാലയം തയ്യാറായെന്നു ഭാര്‍ഗവ അഭിപ്രായപ്പെട്ടു.
വായ്പകളെ റിപ്പോ നിരക്കുകളുമായി ബന്ധിപ്പിക്കുന്നതത് ഉചിതമായി. ദീര്‍ഘകാല ധനകാര്യ ചെലവ് കുറയും. റോഡ് നികുതിയിലുണ്ടായിട്ടുള്ള വര്‍ദ്ധനവ് സംസ്ഥാനങ്ങള്‍ പിന്‍വലിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

വിപണിയിലെ പൊതുവികാരം മെച്ചപ്പെടുത്തുന്നതിനു വഴിതെളിക്കുന്ന നടപടികള്‍ക്ക് സര്‍ക്കാര്‍ തയ്യാറായതില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ പവന്‍ ഗോയങ്ക സന്തുഷ്ടി പ്രകടിപ്പിച്ചു.അതേസമയം, ഈ മേഖലയിലെ കൈകാര്യ ചെലവ് കുറയ്ക്കുന്നതിനുള്ള നടപടികളൊന്നുമുണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. സ്‌ക്രാപ്പേജ് നയം വലിയ പ്രോത്സാഹനം തന്നെയാകും. ബിഎസ് -4 വാഹന രജിസ്‌ട്രേഷനെക്കുറിച്ചുള്ള ചില ആശങ്കകള്‍ ധനമന്ത്രി നീക്കം ചെയ്തിരിക്കുന്നു. ഇനിയും വരാനിരിക്കുന്ന പ്രഖ്യാപനങ്ങളെ പ്രതീക്ഷയോടെ കാത്തിരിക്കുന്നതായും ഗോയങ്ക അറിയിച്ചു.

പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ നല്ല ഇടക്കാല നടപടിയാണെന്ന് ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡിന്റെ ഗ്രൂപ്പ് മാര്‍ക്കറ്റിംഗ് ഹെഡ് പുനീത് ആനന്ദ് പറഞ്ഞു. ഉത്സവ സീസണിലേക്കു തയ്യാറെടുക്കുന്ന ഈ വ്യവസായത്തെ ഇത് ആശാനിര്‍ഭരമാക്കും. 'വിപണി കുറെയെങ്കിലും ഉഷാറാകും, എന്നാല്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്.'- അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് വിങ്കേഷ് ഗുലാത്തിയുടെ അഭിപ്രായത്തില്‍ ഇപ്പോഴത്തെ പ്രോത്സാഹന നടപടികള്‍ വ്യവസായത്തിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുമെങ്കിലും അത്്് വില്‍പ്പനയിലേക്ക് പരിവര്‍ത്തനം ചെയ്യാനുള്ള വലിയ സാധ്യത അദ്ദേഹം കാണുന്നില്ല. വില്‍പ്പന 3-4 ശതമാനം വരെ മാത്രമേ ഉയരാനിടയുള്ളൂ എന്ന് ഗുലാത്തി കരുതുന്നു.

ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കാനും ഇലക്ട്രിക് ബാറ്ററികളുടെ ഉല്‍പാദത്തിനു സര്‍ക്കാര്‍ താല്‍പര്യപ്പെടുന്നതും ആശയക്കുപ്പമുണ്ടാക്കിയിരുന്നു. വാഹന രജിസ്‌ട്രേഷന്‍ തുക ഒറ്റത്തവണയായി ആദ്യംതന്നെ അടയ്ക്കുകയെന്ന നിര്‍ദേശവും സ്വാഗതാര്‍ഹമായില്ല. യാത്രാ വാഹന വില്‍പ്പന രണ്ട് ദശകത്തിനിടെ ഏറ്റവും കുറഞ്ഞ നിലയിലാണിപ്പോള്‍. തുടര്‍ച്ചയായ ഒമ്പതാം മാസവും വില്‍പ്പനാ നിരക്കു താഴ്ന്നു. ഈ സാഹചര്യത്തില്‍ ജി എസ് ടി കുറച്ചുകൊണ്ട് മാന്ദ്യത്തില്‍ നിന്ന് കരകയറാന്‍ ധനമന്ത്രി വാഹന വ്യവസായ മേഖലയെ സഹായിക്കുമെന്ന കണക്കുകൂട്ടല്‍ വ്യാപകമായിരുന്നെങ്കിലും യാഥാര്‍ത്ഥ്യമായില്ല.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it