വാഹന വിപണിക്ക് ഇതെന്തു പറ്റി? മാരുതിയും ഹ്യുണ്ടായിയും ഇഴയുന്നു, ഫാസ്റ്റ്ട്രാക്കില്‍ ടൊയോട്ട

യാത്രാവാഹന വില്‍പ്പനയില്‍ തുടര്‍ച്ചയായ രണ്ടാം മാസവും ഇടിവ്. ഡീലര്‍ഷിപ്പുകളില്‍ കെട്ടിക്കിടക്കുന്ന സ്റ്റോക്കുകള്‍ കുറയ്ക്കാനായി വാഹന നിര്‍മാതാക്കള്‍ ഡെസ്പാച്ച് ചെയ്യുന്ന കാറുകളുടെ എണ്ണം കുറച്ചു കൊണ്ടിരിക്കുന്നതിനിടയാണ് വില്‍പ്പന ഇടിവ്.

ഇന്‍ഡസ്ട്രിയില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം ഏകദേശം 3.55 ലക്ഷം കാറുകളാണ് കഴിഞ്ഞ മാസം ഫാക്ടറികളില്‍ നിന്ന് ഡീലര്‍ഷിപ്പുകളിലേക്ക് അയച്ചത്. 2023 ഓഗസ്റ്റില്‍ 3.61 ലക്ഷം വാഹനങ്ങള്‍ അയച്ച സ്ഥാനത്താണിത്. കാര്‍ നിര്‍മാതാക്കള്‍ ഷോറൂമുകള്‍ക്കാണ് വാഹനങ്ങള്‍ നല്‍കുന്നത്. കസ്റ്റമേഴ്‌സിന് നേരിട്ട് വില്‍ക്കാറില്ല.
രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കിയുടെ വില്‍പ്പന ഓഗസ്റ്റില്‍ 8.4 ശതമാനം ആണ് ഇടിഞ്ഞത്. 1.43 ലക്ഷം വാഹനങ്ങളാണ് കഴിഞ്ഞ മാസം വിറ്റത്. കൊറിയന്‍ കാര്‍ നിര്‍മാതാക്കളായ ഹ്യൂണ്ടായിയാണ് ഇടിവില്‍ തൊട്ടു പിന്നില്‍. വില്‍പ്പന 8 ശതമാനം ഇടിഞ്ഞ് 49,525 ആയി. ടാറ്റ മോട്ടോഴ്‌സ് ഇക്കാലയളവില്‍ വിറ്റത് 44,142 വാഹനങ്ങളാണ്. മുന്‍ വര്‍ഷം ഓഗസ്റ്റിലെ 45,513ല്‍ നിന്ന് മൂന്ന് ശതമാനം കുറവുണ്ട്.
അതേസമയം ടൊയോട്ട കിര്‍ലോസ്‌കര്‍ ഓഗസ്റ്റിലെ വില്‍പനയില്‍ 36.5 ശതമാനം വര്‍ധനയോടെ ഫാസ്ട്രാക്കില്‍ മുന്നേറുകയാണ്. കിയ (17.2 ശതമാനം), ജെ.എസ്.ഡബ്ല്യു എം.ജി (9 ശതമാനം) എന്നിവയും മികച്ച വില്‍പ്പന നേടി.

എസ്.യു.വി പ്രിയം

ആഭ്യന്തര വിപണിയില്‍ ഓഗസ്റ്റില്‍ വിറ്റഴിച്ച കാറുകളില്‍ 55 ശതമാനവും സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനങ്ങളാണ്. ഹ്യുണ്ടായിയുടെ ക്രെറ്റ, വെന്യു, എക്‌സ്‌റ്റെര്‍ തുടങ്ങിയ മോഡലുകള്‍ ചേര്‍ന്ന് മൊത്തം വില്‍പ്പനയുടെ 66.8 ശതമാനം സ്വന്തമാക്കി. ഇതുകൊണ്ടു തന്നെ ഈ ശ്രേണിയില്‍ കൂടുതല്‍ കാറുകള്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഹ്യുണ്ടായ്. ഈ മാസം തന്നെ ആറ്, ഏഴ് സീറ്റുകളിലുള്ള ഹ്യുണ്ടായ് അല്‍കാസര്‍ വിപണിയിലെത്തിയേക്കും.

ഇരുചക്ര വാഹനങ്ങള്‍ക്ക് നല്ലകാലം

ഇരുചക്ര വാഹനങ്ങള്‍ക്ക് ഓഗസ്റ്റില്‍ മികച്ച ഡിമാന്‍ഡുണ്ട്. ബജാജ് ഓട്ടോയുടെ ബൈക്ക് വില്‍പ്പന 29.7 ശതമാനം വര്‍ധനയോടെ 2.08 ലക്ഷം കടന്നു. ടി.വി.എസ് ബൈക്ക് വിഭാഗത്തില്‍ 11.4 ശതമാനം വളര്‍ച്ചയോടെ 1.70 ലക്ഷം വാഹനങ്ങള്‍ വിറ്റഴിച്ചപ്പോള്‍ സ്‌കൂട്ടറുകളില്‍ വളര്‍ച്ച 14.8 ശതമാനമാണ്. മൊത്തം 1.63 ലക്ഷമായി. മോപ്പഡുകളില്‍ 22.3 ശതമാനം വളര്‍ച്ചയുണ്ട്.

ഹീറോ മോട്ടോകോര്‍പ്പ് ബൈക്ക് വില്‍പ്പനയില്‍ 4.8 ശതമാനം വളര്‍ച്ച നേടി. ഐഷര്‍ മോട്ടോഴ്‌സ് മാത്രമാണ് ഓഗസ്റ്റില്‍ വില്‍പ്പനയില്‍ ഇടിവു രേഖപ്പെടുത്തിയത്. 5.1 ശതമാനം കുറവാണ് വന്നത്.

കയറ്റുമതി കൂടി

ഓഗസ്റ്റില്‍ രാജ്യത്ത് നിന്നുള്ള വാഹന കയറ്റുമതി മെച്ചപ്പെട്ടു. മാരുതി 26,003 വാഹനങ്ങളാണ് കയറ്റി അയച്ചത്. 5.6 ശതമാനം വര്‍ധനയുണ്ട്. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര 3,060 വാഹനങ്ങളും വിറ്റഴിച്ചു.

ഇരുചക്ര വാഹനങ്ങളില്‍ ടി.വി.എസിന്റെ കയറ്റുമതിയില്‍ 14.2 ശതമാനവും ബജാജ് ഓട്ടോയുടേത് 5.4 ശതമാനവും എസ്‌കോര്‍ട്‌സ് 3.5 ശതമാനവും കയറ്റുമതി വളര്‍ച്ച നേടി.കയറ്റുമതിയിലും ഐഷര്‍മോട്ടോഴ്‌സ് ആണ് തിരിച്ചടി നേരിട്ടത്. മുന്‍ വര്‍ഷത്തെ ഓഗസ്റ്റിനെ അപേക്ഷിച്ച് 2.2 ശതമാനമാണ് ഇടിവ്.

Related Articles
Next Story
Videos
Share it