കാര്‍ വായ്പ തേടുകയാണോ? ഇക്കാര്യങ്ങള്‍ മറക്കരുത്

ഏതൊരാള്‍ക്കും ഇഷ്ടപ്പെട്ട കാര്‍ സ്വന്തമാക്കാന്‍ വാഹന വായ്പയാണ് സഹായത്തിനെത്തുക. ചെറിയൊരു തുക തുടക്കത്തില്‍ നല്‍കിയാല്‍ ബാക്കി ഓരോ മാസവും തവണകളായി അടച്ചു തീര്‍ത്താല്‍ മതി. ഏഴു വര്‍ഷം വരെ വായ്പാ കാലാവധി നല്‍കുന്ന ധനകാര്യ സ്ഥാപനങ്ങളുണ്ട്. എന്നാല്‍ വായ്പ എടുക്കുന്നതിന് മുമ്പ് കുറച്ചു കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നേട്ടങ്ങളേറെയുണ്ട്.

ക്രെഡിറ്റ് സ്‌കോര്‍ പരിശോധിക്കുക

നിങ്ങള്‍ക്ക് വായ്പ അനുവദിക്കുമ്പോള്‍ ധനകാര്യ സ്ഥാപനങ്ങള്‍ പ്രധാനമായും പരിഗണിക്കുക നിങ്ങളുടെ മുന്‍ ഇടപാടുകളെ കുറിച്ചാണ്. മികച്ച ക്രെഡിറ്റ് സ്‌കോര്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍ ഒരു പക്ഷേ പ്രീ അപ്രൂവ്ഡ് വായ്പ വരെ ലഭിക്കാം. സ്‌കോര്‍ 750 ന് മുകളിലാണെങ്കില്‍ വായ്പ എളുപ്പത്തില്‍ ലഭിക്കുകയും ചെയ്യും. വാഹനം വാങ്ങുന്നതിന് ആറു മാസം മുമ്പെങ്കിലും ക്രെഡിറ്റ് സ്‌കോര്‍ പരിശോധിക്കുക. അത് കുറഞ്ഞിരിക്കുകയാണെങ്കില്‍ മെച്ചപ്പെടുത്താനുള്ള സമയം ഇക്കാലയളവില്‍ ലഭിക്കും.

പലിശ നിരക്ക് താരതമ്യം ചെയ്യുക

സാധാരണ 8.65 ശതമാനം മുതല്‍ ആരംഭിക്കുന്നു വാഹന വായ്പാ പലിശ നിരക്ക്. ധനകാര്യ സ്ഥാപനം ഏതാണ്, കാറിന്റെ മോഡല്‍, നിങ്ങളുടെ തിരിച്ചടവ് ശേഷി, ജോലി, ക്രെഡിറ്റ് സ്‌കോര്‍ എന്നിവയെല്ലാം പലിശ നിരക്കിനെ ബാധിക്കാം. ചില സ്ഥാപനങ്ങള്‍ നിലവിലെ ഇടപാടുകാര്‍ക്ക് കുറഞ്ഞ പലിശ നിരക്ക് ഓഫര്‍ ചെയ്യാറുമുണ്ട്. നിങ്ങളുടെ ബാങ്കില്‍ ആദ്യം അന്വേഷിക്കുക. അതിനു ശേഷം ഓണ്‍ലൈനില്‍ വിവിധ സ്ഥാപനങ്ങളുടെ പലിശ നിരക്ക് ഒരു താരതമ്യ പഠനം നടത്തുക.

ലോണ്‍ ടു വാല്യു റേഷ്യോ താരതമ്യം ചെയ്യുക

വാഹനത്തിന്റെ ഓണ്‍ റോഡ് വിലയുടെ എത്ര ശതമാനമാണ് വായ്പയായി ലഭിക്കുക എന്ന് നോക്കുക. 100 ശതമാനം വായ്പ സാധാരണ അനുവദിക്കാറില്ല. ഡൗണ്‍ പേമെന്റായി കൂടുതല്‍ തുക നല്‍കുന്നതു തന്നെയാണ് നല്ലത്. മെച്ചപ്പെട്ട പലിശ നിരക്ക് ലഭിക്കാനും വായ്പാ ഇടപാട് മികച്ചതാക്കാനും ഇത് സഹായിക്കും. എന്നാല്‍ ദീര്‍ഘകാല നിക്ഷേപങ്ങളോ അടിയന്തിര ആവശ്യങ്ങള്‍ക്കുള്ള തുകയോ എടുത്ത് ഡൗണ്‍പേമെന്റ് ആയി അടക്കാന്‍ എടുക്കുന്നത് ഗുണത്തേക്കാളേറെ ദോഷമായിരിക്കും ചെയ്യുക.

ഇഎംഐ താങ്ങാനാകുമോ?

ജീവിത ചെലവ്, ഇന്‍ഷുറന്‍സ് പ്രീമിയം, എസ്‌ഐപി കോണ്‍ട്രിബ്യൂഷന്‍, നിലവിലെ ഇഎംഐ തുടങ്ങിയവയൊക്കെ പരിശോധിച്ച് ഇനി എത്രമാത്രം തുക ഇഎംഐയായി അടക്കാന്‍ കഴിയും എന്ന് കണക്കാക്കുക. നിങ്ങളുടെ വരുമാനത്തിന്റെ 40 ശതമാനത്തില്‍ കുറവായിരിക്കണം എല്ലാ ഇഎംഐകളും എന്ന് നിലപാടാണ് പല ധനകാര്യ സ്ഥാപനങ്ങളും എടുക്കുക. പരമാവധി താങ്ങാനാകുന്ന ഇഎംഐ തുക നിശ്ചയിച്ച ശേഷം ഏറ്റവും കുറഞ്ഞ കാലയളവിലേക്കുള്ള വായ്പ എടുക്കുന്നത് മെച്ചപ്പെട്ട പലിശ നിരക്ക് ലഭിക്കാന്‍ സഹായിക്കും.

പ്രോസസിംഗ് ഫീ എത്രയാകും?

വായ്പാ തുകയുടെ രണ്ടു ശതമാനം വരെയാണ് സാധാരണയായി വായ്പയ്ക്കുള്ള പ്രോസസിംഗ് ഫീയായി ഈടാക്കുക. ഉത്സവ സീസണുകളിലും മറ്റും ധനകാര്യ സ്ഥാപനങ്ങള്‍ ഇതില്‍ കുറവ് വരുത്തുകയോ പൂര്‍ണമായും ഒഴിവാക്കുകയോ ചെയ്യാറുണ്ട്. എന്നാല്‍ ഇതിന് പകരമായി മറ്റേതെങ്കിലും വിധത്തില്‍ പണം വസൂലാക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കണം.

പ്രീപേമെന്റ് വ്യവസ്ഥകള്‍ മനസ്സിലാക്കുക

വായ്പാ കാലയളവിനുള്ളില്‍ തന്നെ വായ്പാ തുക മുഴുവനായും അടച്ചു തീര്‍ക്കാനായാല്‍ പലിശയിനത്തില്‍ ഒരു തുക ലാഭിക്കാനാകും. മിക്ക സ്ഥാപനങ്ങളും പ്രീമെന്റിന് ഒരു നിശ്ചിത തുക ഈടാക്കാറുണ്ട്. പലപ്പോഴും നിങ്ങളുടെ ബാക്കിയുള്ള വായ്പാ തുകയുടെ 5-6 ശതമാനം അധികമായിരിക്കും ഇത്. സ്ഥാപനങ്ങള്‍ക്ക് അനുസരിച്ച് ഇത് വ്യത്യാസപ്പെടാം. അതുകൊണ്ട് കുറഞ്ഞ പ്രീമെന്റ് വ്യസ്ഥകളുള്ള സ്ഥാപനത്തെ തെരഞ്ഞെടുക്കാം.

Related Articles

Next Story

Videos

Share it