കോവിഡ് രണ്ടാം തരംഗം: ഉല്‍പ്പാദനം വെട്ടിക്കുറച്ച് വാഹന നിര്‍മാതാക്കള്‍

രാജ്യത്ത് കേവിഡ് രണ്ടാം തരംഗം രൂക്ഷമായതോടെ ഉല്‍പ്പാദനം വെട്ടിക്കുറച്ച് വാഹന നിര്‍മാതാക്കള്‍. ആഭ്യന്തര വിപണിയില്‍ ഇടിവ് വന്നതോടെ രാജ്യത്തെ ജനപ്രിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുകി പകുതിയായാണ് ഉല്‍പ്പാദനം വെട്ടിക്കുറച്ചത്.

'പ്രശ്‌നം വില്‍പ്പന രംഗത്താണ്. കാരണം, പല സംസ്ഥാനങ്ങളിലും ഭാഗിക ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചിലയിടങ്ങളലില്‍ കര്‍ഫ്യൂ ഉണ്ട്. അതിനാല്‍ കാറുകള്‍ വില്‍ക്കുന്ന ഡീലര്‍മാര്‍ അടച്ചുപൂട്ടേണ്ട സാഹചര്യമാണ്' മാരുതി ചെയര്‍മാന്‍ ആര്‍.സി ഭാര്‍ഗവ ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ഇപ്പോള്‍ പകുതി വില്‍പ്പനശാലകളും അടച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാവ് പൂര്‍ണ ശേഷിയില്‍ ഉല്‍പ്പാദനം നടത്തിവരികയായിരുന്നു. എന്നാല്‍ രാജ്യത്ത് ഓക്‌സിജന്‍ രൂക്ഷമായതോടെ കഴിഞ്ഞ ആഴ്ച ആശുപത്രികളിലേക്ക് ഓക്‌സിജന്‍ തിരിച്ചുവിടുന്നതിനായി ചില പ്ലാന്റുകള്‍ അടച്ചുപൂട്ടി. എന്നിരുന്നാലും നിലവില്‍ 50-60 ശതമാനം ശേഷിയില്‍ തങ്ങള്‍ക്ക് ഉല്‍പ്പാദനം നടത്താന്‍ കഴിയുമെന്ന് ഭാര്‍ഗവ പറഞ്ഞു.
കോവിഡ് രണ്ടാം തരംഗം വ്യാപകമായതോടെ ഇന്ത്യയില്‍ സ്ഥിതി ഗുരുതരമായിരിക്കുകയാണ്. പ്രതിദിന കേസുകള്‍ മൂന്നരലക്ഷത്തിന് മുകളിലാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതേതുടര്‍ന്നാണ് പല സംസ്ഥാനങ്ങളിലും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയത്. ഇതോടെ ലോകത്തിലെ നാലാമത്തെ കാര്‍ വിപണി വലിയ തിരിച്ചടിയാണ് നേരിടുന്നത്. ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാരുതി സുസുകിക്ക് മൂന്ന് ദിവസത്തിനിടെ ഏകദേശം അഞ്ച് ശതമാനത്തോളം ഓര്‍ഡറുകളാണ് കുറഞ്ഞത്.
മാരുതിയെ കൂടാതെ മറ്റ് വാഹന നിര്‍മാതാക്കളും കടുത്ത പ്രതിസന്ധി നേരിടുകയാണ്. ലോകത്തെ ഏറ്റവും വലിയ ഇരുചക്രവാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് ലിമിറ്റഡ് കഴിഞ്ഞ മാസം അതിന്റെ എല്ലാ നിര്‍മാണ കേന്ദ്രങ്ങളിലും പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. അശോക് ലെയ്ലാന്‍ഡ് ലിമിറ്റഡിന്റെ ചില പ്ലാന്റുകളിലെ പ്രവര്‍ത്തനവും കുറച്ചിട്ടുണ്ട്. മെയ് മാസത്തില്‍ ഏഴ് മുതല്‍ 15 ദിവസം വരെ മാത്രമേ ഇവ പ്രവര്‍ത്തിക്കൂ.
'നിയന്ത്രണങ്ങളും നഗരങ്ങള്‍ കേന്ദ്രീകരിച്ചുള്ള ലോക്ക്ഡൗണുകളും രണ്ട് മാസത്തേക്ക് നീട്ടുകയാണെങ്കില്‍, വ്യവസായത്തിന്റെ അളവ് 5-7 ശതമാനം വരെ കുറയും,'' മുംബൈയിലെ അമ്പിറ്റ് ക്യാപിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ അനലിസ്റ്റ് ബസുദേബ് ബാനര്‍ജി പറഞ്ഞു. ''വാഹന വ്യവസായം ജിഡിപിയില്‍ ഏകദേശം 6 ശതമാനം സംഭാവന ചെയ്യുന്നുണ്ട്, ഇത് ഒരുപാട് തൊഴിലവസരങ്ങളും സൃഷ്ടിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.



Related Articles
Next Story
Videos
Share it