ചാർജിങ് സ്റ്റേഷനിലേക്ക് താനെ വരും; ഈ ഇലക്ട്രിക് സ്കൂട്ടർ കിടുവാണ്
ഡ്രൈവര്‍ ഇല്ലാതെ ചാര്‍ജിംഗ് സ്റ്റേഷനുകളിലേക്ക് വരുന്ന ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മിച്ചുതുടങ്ങി ബീജിംഗ് ആസ്ഥാനമായുള്ള സെഗ്വേ-നിന്‍ബോട്ട് ഗ്രൂപ്പ് .
ഉബറും ലിഫ്റ്റും ഉള്‍പ്പെടെയുള്ള കമ്പനികള്‍ വിവിധ രാജ്യങ്ങളില്‍ തുടങ്ങിവെച്ച സ്‌കൂട്ടര്‍ ഷെയറിംഗ് ബിസിനസിലെ വലിയൊരു തലവേദനയ്ക്കാണ് ഇതോടെ പരിഹാരമാകുന്നത്.
ക്‌ളൗഡ് ഉപയോഗിച്ചുള്ള വിദൂര നിയന്ത്രിത സംവിധാനത്തില്‍ ഓടിക്കാനാവുന്ന ഇത്തരം ഇരുചക്രവാഹനങ്ങള്‍ക്ക് സ്‌കൂട്ടര്‍ പങ്കിടല്‍ ബിസിനസിന്റെ സാമ്പത്തികശാസ്ത്രത്തെ സമൂലമായി മെച്ചപ്പെടുത്താന്‍ കഴിയുമെന്ന് നൈന്‍ബോട്ട് ചെയര്‍മാനും ചീഫ് എക്സിക്യൂട്ടീവുമായ ഗാവോ ലുഫെംഗ് പറഞ്ഞു.
'കുറഞ്ഞ ചെലവില്‍ സ്‌കൂട്ടറുകള്‍ നന്നായി പരിപാലിക്കുക എന്നതാണിപ്പോള്‍ സ്‌കൂട്ടര്‍ ഓപ്പറേറ്റര്‍മാരുടെ ഏറ്റവും വലിയ വെല്ലുവിളി.അതു പരിഗണിച്ചുള്ള സാങ്കേതിക വിദ്യയാണു ഞങ്ങള്‍ വികസിപ്പിച്ചിട്ടുള്ളത്് '-അദ്ദേഹം അറിയിച്ചു.
നിലവില്‍, സ്‌കൂട്ടര്‍ പങ്കിടല്‍ ബിസിനസിലെ ഓപ്പറേറ്റര്‍മാര്‍ക്ക് റീ ചാര്‍ജിംഗ് പ്രക്രിയക്കായി ഏറെ മിനക്കെടേണ്ടിവരുന്നുണ്ട്. ഉപയോക്താവ് ആവശ്യം കഴിഞ്ഞ്്് നിശ്ചിത സ്ഥലത്ത് വയ്ക്കുന്ന സ്‌കൂട്ടര്‍ കൈപ്പറ്റി ചാര്‍ജിംഗ് സ്റ്റേഷനുകളില്‍ തിരികെയെത്തിക്കുകയാണിതിലെ വിഷമം പിടിച്ച ഭാഗം. ഇത്തരം ചാര്‍ജിംഗ് സ്റ്റേഷനുകളാണ് ബിസിനസിലെ മുഖ്യ കേന്ദ്രങ്ങളായി വര്‍ത്തിക്കുന്നത്.
രണ്ട് വര്‍ഷം മുമ്പ് കാലിഫോര്‍ണിയയില്‍ ബേര്‍ഡ് കമ്പനിയാണ് സ്‌കൂട്ടര്‍ പങ്കിടല്‍ പദ്ധതി ആദ്യമായവതരിപ്പിച്ചത്. തുടര്‍ന്ന് വെന്‍ചര്‍-ക്യാപിറ്റല്‍ നിക്ഷേപകര്‍ ഈ മേഖലയിലേക്ക് ദശലക്ഷക്കണക്കിന് ഡോളര്‍ ഒഴുക്കി. യു.എസിലെയും യൂറോപ്പിലെയും നഗരങ്ങളില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ ഷെയറിംഗ് ശക്തമാണിപ്പോള്‍.
പരീക്ഷണാടിസ്ഥാനത്തില്‍ അടുത്ത മാസം റോഡിലിറങ്ങുന്ന പുതിയ സ്‌കൂട്ടര്‍ 2020 ന്റെ ആദ്യ പാദത്തില്‍ വാണിജ്യാടിസ്ഥാനത്തില്‍ സപ്‌ളൈ ചെയ്തു തുടങ്ങും. ഡ്രൈവര്‍ രഹിത സ്‌കൂട്ടറിനു വില കൂടുതല്‍ തന്നെ. 10,000 യുവാന്‍ (1,420 യുഎസ് ഡോളര്‍) ആകും. പരമ്പരാഗത സ്‌കൂട്ടറുകള്‍ 100 - 300 ഡോളറിനാണിപ്പോള്‍ വില്‍ക്കുന്നത്.
രണ്ട് സെല്‍ഫ് ഡ്രൈവിംഗ് ഡെലിവറി റോബോട്ടുകളും കമ്പനി പുറത്തിറക്കി - ഒന്ന് ഔട്ട്ഡോര്‍ ഡെലിവറിക്കും മറ്റൊന്ന് ഇന്‍ഡോര്‍ സേവനങ്ങള്‍ക്കും. ആളില്ലാ ഡെലിവറി റോബോട്ടുകള്‍ അടുത്ത വര്‍ഷം ആദ്യ പകുതിയോടെ ചൈനയിലെ ഭക്ഷ്യ വിതരണ വ്യവസായ രംഗത്തു വിന്യസിക്കുമെന്ന് നിന്‍ബോട്ട് അറിയിച്ചു.