ഇലക്ടിക് വാഹന വിപ്ലവം: ചൈനയുടെ അതിവേഗ മുന്നേറ്റത്തില്‍ പകച്ച് യു.എസും യൂറോപ്പും

രാജ്യത്ത് വൈദ്യുത കാറുകള്‍ ഉത്പാദിപ്പിക്കുന്നതിനും ഉപയോഗം കൂട്ടുന്നതിനുമായി ഇന്ത്യ നടപടികള്‍ സ്വീകരിച്ചു തുടങ്ങിയിട്ടേയുള്ളൂവെങ്കിലും ഉയര്‍ന്നുവരുന്ന പുതിയ വിപണികളിലും സൗത്ത് അമേരിക്ക, യൂറോപ്പ് തുടങ്ങിയ ഇടങ്ങളിലും പുത്തന്‍ ഉത്പാദന യൂണിറ്റുകള്‍ തുറന്നുകൊണ്ട് ആഗോള വൈദ്യുത വാഹന വിപണി പിടിച്ചടക്കാനുള്ള വലിയ ചുവടുവെയ്പ്പ് നടത്തുകയാണ് ചൈന. വന്‍കിട ആഗോള വാഹന നിര്‍മാതാക്കളും രാഷ്ട്രീയ നേതൃത്വവും ചൈനയുടെ അപ്രമാദിത്വത്തില്‍ ആശങ്കാകുലരാണ്. പ്രത്യേകിച്ച് യൂറോപ്പിലും യുഎസിലും ഉള്ളവര്‍.

ചൈനയുടെ വേഗത്തിലുള്ള വിപുലീകരണത്തെ തീരുവകള്‍ ഏര്‍പ്പെടുത്തി തടസപ്പെടുത്താനുള്ള ശ്രമത്തിലാണവര്‍. അവരുടെ ആശങ്കകള്‍ ന്യായീകരിക്കാവുന്നതാണ്. ഗുണനിലവാരമുള്ളതും കുറഞ്ഞ വിലയുമുള്ള ബാറ്ററി, അസംസ്‌കൃത വസ്തുക്കള്‍ തുടങ്ങിയവയുടെ അനായാസ ലഭ്യതയും വന്‍തോതിലുള്ള ഉത്പാദനവും ഉള്ളതിനാല്‍ പാശ്ചാത്യ വൈദ്യുത വാഹന നിര്‍മാതാക്കളെ വിലയുടെ കാര്യത്തില്‍ പിന്തള്ളാന്‍ ചൈനയ്ക്ക് കഴിയുന്നു.
ഉദാഹരണത്തിന് ചൈനീസ് കാര്‍ നിര്‍മാതാക്കളായ ബി.വൈ.ഡി അടുത്തിടെ പുറത്തിറക്കിയ സീഗള്‍ ഇലക്ട്രിക് കാറുകളുടെ വില 9,698 ഡോളറാണ്. ഇത് ഫോര്‍ഡ്, ജനറല്‍ മോട്ടോഴ്‌സ് തുടങ്ങിയ അമേരിക്കന്‍ വാഹന നിര്‍മാതാക്കളെ ഞെട്ടിച്ചിരിക്കുകയാണ്. കാരണം അമേരിക്കന്‍ വൈദ്യുത വാഹനങ്ങളുടെ ശരാശരി വില 40,000 ഡോളറാണ്. ടയറുകളും വിന്‍ഡോസും ഒഴികെ കാറുകളുടെ മിക്കവാറും എല്ലാ ഘടകങ്ങളും സ്വന്തമായി തന്നെ നിര്‍മിക്കുന്നുവെന്നതും ബിവൈഡിക്ക് അനുകൂലമായ ഒരു കാര്യമാണ്. വാഹന വിദഗ്ധര്‍ ഇവയുടെ ഗുണനിലവാരം മികച്ചതാണെന്ന് സമ്മതിക്കുന്നു. അടുത്തിടെ ഫോര്‍ഡ് സി.ഇ.ഒ ജിം ഫാര്‍ലിയും ഈ കാറിന്റെ ഗുണനിലവാരം തകര്‍പ്പനാണെന്ന് പറയുകയുണ്ടായി.
പൂട്ടാന്‍ വലിയ ശ്രമങ്ങള്‍
വ്യാപാര രംഗത്ത് പ്രതിബന്ധങ്ങള്‍ ഏര്‍പ്പെടുത്തിയില്ലെങ്കില്‍ ചൈനീസ് വൈദ്യുത വാഹന സ്ഥാപനങ്ങള്‍ പാശ്ചാത്യ എതിരാളികളെ തകര്‍ത്തുകളയുമെന്ന് അടുത്തിടെ ഇലോണ്‍ മസ്‌ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ടെസ്‌ലയെ മറികടന്ന് ലോകത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് കാറായി ബി.വൈ.ഡി മാറിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്.
വാഹന കയറ്റുമതിയുടെ കാര്യത്തില്‍ കഴിഞ്ഞ വര്‍ഷം ചൈന 102 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള 5.26 ദശലക്ഷം കാറുകള്‍ കയറ്റുമതി ചെയ്തുകൊണ്ട് ജപ്പാനെ പിന്നിലാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് റൊണാള്‍ഡ് ട്രംപ് ഉണ്ടാക്കിയ വിവാദത്തെ കാണേണ്ടത്. യു.എസില്‍ വില്‍ക്കാനായി മെക്‌സിക്കോയില്‍ ചൈനീസ് കമ്പനികള്‍ നിര്‍മിക്കുന്ന കാറുകള്‍ക്ക് 100 ശതമാനം തീരുവ ചുമത്തുമെന്നാണ് അദ്ദേഹം പറഞ്ഞത്.
പിടി കൊടുക്കാതെ പാഞ്ഞ് ചൈന
അതിനിടെ, വിപണിയില്‍ ആധിപത്യം സ്ഥാപിക്കുന്നതിനായുള്ള വന്‍ പദ്ധതികളുമായി ചൈന മുന്നോട്ട് പോകുകയാണ്. ഇറ്റലിയില്‍ നിര്‍മാണം ആരംഭിക്കുന്നതിനായി അവിടത്തെ സര്‍ക്കാരുമായി ചര്‍ച്ച നടത്തി വരികയാണ് ചൈനയുടെ ചെറി ഓട്ടോ. ചൈനയില്‍ നിന്ന് ഏറ്റവും കൂടുതല്‍ വാഹനം കയറ്റുമതി ചെയ്യുന്ന നിര്‍മാതാവാണ് ചെറി ഓട്ടോ. ഇതേ കമ്പനി അര്‍ജന്റീനയിലും ഫാക്ടറി സ്ഥാപിക്കുന്നുണ്ട്.
ലോകത്തെ ഏറ്റവും വലിയ വൈദ്യുത വാഹന നിര്‍മാതാക്കളായ ബി.വൈ.ഡി തായ്‌ലാന്‍ഡ്, ബ്രസീല്‍, ഹംഗറി, ഉസ്‌ബെക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ ഫാക്ടറികള്‍ നിര്‍മിക്കുന്നുണ്ട്. തെക്ക് കിഴക്കന്‍ ഏഷ്യയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഇ.വി ബ്രാന്‍ഡായി ഇത് ഇതിനകം തന്നെ നിലയുറപ്പിച്ചിട്ടുണ്ട്.
എം.ജി എന്ന ബ്രാന്‍ഡില്‍ കാറുകള്‍ പുറത്തിറക്കുന്ന ചൈനയിലെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന കയറ്റുമതിക്കാരായ സെയ്ക് മോട്ടോര്‍ (SAIC Motor) തായ്‌ലാന്‍ഡ്, ഇന്തോനേഷ്യ, ഇന്ത്യ എന്നിവിടങ്ങളില്‍ ഇതിനകം തന്നെ പ്ലാന്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. യൂറോപ്പില്‍ പ്ലാന്റ് നിര്‍മിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി. ഇന്ത്യയില്‍ അതിന്റെ അനുബന്ധ സ്ഥാപനമായ എം.ജി മോട്ടോഴ്‌സ് വഴി ജെ.എസ്.ഡബ്ല്യു ഗ്രൂപ്പുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ്. ഉയര്‍ന്ന വിലയുള്ള കാറുകള്‍ മാത്രമാണ് ബി.വൈ.ഡി ഇന്ത്യയില്‍ വില്‍ക്കുന്നത്.
ഒപ്പം മുന്നേറാനാകാതെ

ചൈനയില്‍ നിന്നുള്ള ഭീഷണി പ്രധാന വാഹന നിര്‍മാതാക്കളെയും രാജ്യങ്ങളെയും അവരുടെ തന്ത്രങ്ങള്‍ പൊളിച്ചെഴുതാന്‍ നിര്‍ബന്ധിതരാക്കി. ജനറല്‍ മോട്ടോഴ്‌സും ഫോര്‍ഡും താങ്ങാവുന്നതും വില കുറഞ്ഞതുമായ മോഡലുകള്‍ പുറത്തിറക്കാന്‍ പദ്ധതിയിടുന്നു. ഹോണ്ടയും നിസാനും ഇ.വി സാങ്കേതികവിദ്യ വികസിപ്പിക്കാന്‍ കൈകോര്‍ക്കുന്നു. ചൈനീസ് കാറുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള ആലോചനയിലാണ് യൂറോപ്പ്.
പുതിയ നയം അനുസരിച്ച് ആഗോള വൈദ്യുത വാഹന നിര്‍മാതാക്കള്‍ക്ക് ഇന്ത്യ നികുതി ഇളവ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഈ സ്‌കീമിന് കീഴില്‍ ചൈനീസ് കമ്പനികളെ അനുവദിക്കുമോ എന്ന് വ്യക്തമാക്കിയിട്ടില്ല.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it