15 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 150 കി. മീ റേഞ്ച്; ഇന്ന് പുറത്തിറക്കിയ ടാറ്റ കര്‍വ് ഇ.വിയുടെ പ്രത്യേകതകള്‍ അറിയൂ

കോംപാക്ട് എസ്‌.യു.വി വിഭാഗത്തിലെ ടാറ്റ മോട്ടോര്‍സിന്റെ ഏറ്റവും പുതിയ വാഹനമാണ് ടാറ്റ കര്‍വ്. ഇലക്ട്രിക് പതിപ്പുകള്‍ 45 കിലോവാട്ട് അവര്‍, 55 കിലോവാട്ട് അവര്‍ എന്നിങ്ങനെ രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളോടെയാണ് അവതരിപ്പിച്ചിരിക്കുന്നത്.
പ്രത്യേകതകള്‍
ഈ സെഗ്‌മെന്റിലെ ഏറ്റവും വലിയ ബാറ്ററി പായ്ക്കുകളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. വാഹനത്തിന് നല്‍കിയിരിക്കുന്ന 123 കിലോവാട്ട് അവര്‍ മോട്ടോർ 8.6 സെക്കൻഡിനുള്ളിൽ കര്‍വ് ഇ.വിയെ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 ​​കി.മി വേഗത നേടാന്‍ പ്രാപ്തമാക്കും. ആറ് എയർബാഗുകൾ, ഇ.എസ്‌.പി, ഓൾ-വീൽ ഡിസ്‌ക് ബ്രേക്കുകൾ, കാൽനടയാത്രക്കാരുടെ സുരക്ഷയും ലെവൽ 2 അഡ്വാന്‍സ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റവും ഉറപ്പാക്കുന്നതിനുള്ള അക്കോസ്റ്റിക് അലേർട്ടുകള്‍ തുടങ്ങിയ സവിശേഷതകളുമായാണ് കര്‍വ് എത്തുന്നത്.
1.2 സി ചാർജിംഗ് റേറ്റാണ് വാഹനത്തിനുളളത്. ഇത് വെറും 15 മിനിറ്റ് ചാർജിംഗ് കൊണ്ട് 150 കിലോമീറ്റർ റേഞ്ച് നേടാൻ സഹായിക്കുന്നു. 18 ഇഞ്ച് വീലുകൾ, 190 എം.എം ഗ്രൗണ്ട് ക്ലിയറൻസ്, 450 എം.എം വാട്ടർ വേഡിംഗ് ഡെപ്ത്, 500 ലിറ്റർ ബൂട്ട് സ്പേസ് എന്നിവയാണ് ടാറ്റ കർവ് ഇ.വിയുടെ മറ്റു സവിശേഷതകൾ. മണിക്കൂറില്‍ 160 കി.മീ ആണ് വാഹനത്തിന്റെ ഉയര്‍ന്ന വേഗത. 400-425 കിലോമീറ്റർ റേഞ്ച് ഉപഭോക്താക്കള്‍ക്ക് യഥാര്‍ത്ഥ റോഡ് സാഹചര്യങ്ങളില്‍ ലഭിക്കുമെന്ന് കമ്പനി വാഗ്ദാനം ചെയ്യുന്നു.
കര്‍വ് ഇ.വിയുടെ എക്സ് ഷോറൂം വില 17.49 ലക്ഷം രൂപയിലാണ് ആരംഭിക്കുന്നത്. കര്‍വ് ഐ.സി.ഇ പതിപ്പിന്റെ വില ടാറ്റ മോട്ടോഴ്‌സ് സെപ്റ്റംബർ 2 ന് വെളിപ്പെടുത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ഐ.സി.ഇ പതിപ്പുകള്‍

ടാറ്റ കര്‍വ് ഐ.സി.ഇ രണ്ട് പെട്രോൾ ഓപ്ഷനുകളും ഒരു ഡീസലും ഉള്‍പ്പെടുന്ന മൂന്ന് എഞ്ചിൻ ഓപ്ഷനുകളാണ് വാഗ്ദാനം ചെയ്യുന്നത്. അവയിൽ 125 എച്ച്‌.പിയും 225 എൻ.എം ടോർക്കും നൽകുന്ന പുതിയ 1.2 ലിറ്റര്‍ ഹൈപ്പീരിയൻ ജി.ഡി.ഐയും ഉൾപ്പെടുന്നു.
നെക്‌സോണിലേതിന് സമാനമായ 1.2 ലിറ്റർ ടർബോ പെട്രോൾ റെവോട്രോൺ യൂണിറ്റും പുതുക്കിയ 1.5 ലിറ്റർ ക്രിയോടെക് ഡീസൽ യൂണിറ്റും കര്‍വ് വാഗ്ദാനം ചെയ്യും. പെട്രോള്‍ എഞ്ചിന്‍ 120 എച്ച്.പിയും 170 എന്‍.എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. അതേസമയം ക്രിയോടെക് 115 എച്ച്.പിയും 260 എന്‍.എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും.
Related Articles
Next Story
Videos
Share it