പ്യൂഷോ ഉല്‍പാദകരായ പിഎസ്എ, ഫിയറ്റ് ക്രൈസ്ലറുമായി ലയിക്കുന്നു

കാര്‍ ഉല്‍പാദന, വിപണന രംഗങ്ങളിലെ പരസ്പര മല്‍സരത്തിനു വിട നല്‍കി പ്യൂഷോ - വോക്‌സോള്‍ ഉല്‍പാദകരായ ഫ്രഞ്ച് കമ്പനി പിഎസ്എ ഗ്രൂപ്പും അവരുടെ പരമ്പരാഗത വൈരികളായ ഇറ്റലിയിലെ ഫിയറ്റ് ക്രൈസ്ലറും ലയിക്കാന്‍ തയ്യാറെടുക്കുന്നു. ടൊയോട്ടയ്ക്കും വോക്‌സ് വാഗനും പിന്നില്‍ ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ കാര്‍ ഉല്‍പാദക കമ്പനിയാകും ഈ സംയുക്ത സംരംഭം.

ഇരു കമ്പനികളും ലയിച്ചുണ്ടാകുന്ന പുതിയ ഗ്രൂപ്പിനെ നയിക്കുന്നത് പിഎസ്എയുടെ ചെലവ് ചുരുക്കല്‍ വിദഗ്ധനായ ചീഫ് എക്‌സിക്യൂട്ടീവായ കാര്‍ലോസ് ടവാറെസായിരിക്കും. ഫിയറ്റ് ക്രൈസ്ലറിന്റെ ജോണ്‍ എല്‍കാന്‍ പുതിയ കമ്പനിയുടെ ചെയര്‍മാനുമാകും.
പുതിയ കമ്പനിയുടെ പിറവിയിലൂടെ നല്ല സാങ്കേതിക തികവും വൃത്തിയുള്ളതും സുരക്ഷിതവും താങ്ങാവുന്ന വിലയിലുള്ളതുമായ പുതിയ തലമുറ കാറുകള്‍ക്ക് രൂപം കൊടുക്കുകയെന്നത് എളുപ്പമായിത്തീരുമെന്നാണ് ടവാറെസ് അവകാശപ്പെടുന്നത്.

പുതിയ ലയനത്തിലൂടെ പിഎസ്എയ്ക്ക് യൂറോപ്പിലും നോര്‍ത്ത് അമേരിക്കയിലും ലാറ്റിന്‍ അമേരിക്കയിലും ഫിയറ്റിനും ശക്തമായ സാന്നിധ്യമാകാനാവും. എന്നാല്‍ ഇതിനെ തുടര്‍ന്ന് നിലവില്‍ ഇരു കമ്പനികളും ഉല്‍പാദിപ്പിക്കുന്ന ചില ജനപ്രിയ കാര്‍ മോഡലുകള്‍ ഇല്ലാതാകുമെന്ന ആശങ്ക കാര്‍ പ്രേമികള്‍ക്കിടയില്‍ പടരുന്നുമുണ്ട്.

വരുമാനത്തിന്റെ കാര്യത്തില്‍ ലോകത്തില്‍ മൂന്നാമത്തെയും വിറ്റ് പോകുന്ന കാറുകളുടെ എണ്ണത്തില്‍ നാലാമത്തെയും ഏറ്റവും വലിയ കാര്‍ ഉല്‍പാദകരായിരിക്കും പുതിയ കമ്പനി.ഇലക്ട്രിക് കാറുകളുടെയും ക്രമേണ സെല്‍ഫ്-ഡ്രൈവിങ് കാറുകളുടെയും നിര്‍മ്മാണത്തിലേക്ക് ചുവട് മാറ്റുന്നതിനുള്ള വമ്പന്‍ ചെലവ് പങ്കിട്ടെടുക്കാന്‍ പുതിയ ലയനത്തിലൂടെ ഇരു കമ്പനികള്‍ക്കും അവസരം ലഭിക്കും.

ലയനം മൂലം ആയിരക്കണക്കിന് പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്ന ആശങ്കയും ശക്തം. ആര്‍ക്കും തൊഴില്‍ നഷ്ടമുണ്ടാകരുതെന്ന് ഉറപ്പ് വരുത്തണമെന്ന് ലയിക്കാന്‍ പോകുന്ന കമ്പനികളുടെ തലവന്മാര്‍ക്ക് മേല്‍ സമ്മര്‍ദമുണ്ട്. അതേസമയം, ഒരൊറ്റ പ്ലാന്റും അടച്ച് പൂട്ടില്ലെന്നാണ് ലയിക്കാന്‍ പോകുന്ന കമ്പനികളുടെ തലപ്പത്തുള്ളവര്‍ പറയുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles

Next Story

Videos

Share it