പറക്കും കാറുകള്‍ ഇന്ത്യയിലേക്ക്, ഗുജറാത്തില്‍ ഉല്‍പ്പാദനം തുടങ്ങുന്നു

ഇന്ത്യയില്‍ ഇനി പറക്കും കാറുകള്‍ യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നു. നെതര്‍ലണ്ട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പറക്കും കാര്‍ നിര്‍മാതാക്കളായ പാല്‍-വി (പേര്‍സണ്‍ എയര്‍ ലാന്‍ഡ് വെഹിക്കിള്‍) ആണ് ഇതിന് പിന്നില്‍. ഗുജറാത്ത് ആസ്ഥാനമായി പ്ലാന്റ് ആരംഭിച്ച് 2021ഓടെ ഉല്‍പ്പാദനം തുടങ്ങാനാണ് ഇവരുടെ പദ്ധതിയെന്നാണ് ലഭിക്കുന്ന വിവരം.
റോഡിലൂടെ ഓടിക്കാനും വായുവിലൂടെ പറത്താനും ഒരുപോലെ സാധിക്കുന്ന ഈ അല്‍ഭുത കാര്‍ എന്നാണ് വിപണിയിലെത്തുന്നത് എന്ന കാര്യത്തില്‍ വ്യക്തതയായിട്ടില്ല. കാര്‍ മോഡില്‍ നിന്ന് ഫ്‌ളൈ മോഡിലേക്ക് മാറാന്‍ 5-10 മിനിറ്റുമതി. നിലത്തിറങ്ങിക്കഴിഞ്ഞാല്‍ ഇതിന്റെ പ്രൊപ്പല്ലറും റോട്ടറുമെല്ലാം മടക്കിവെച്ച് കാറാക്കി മാറ്റാനാകും.
മണിക്കൂറില്‍ 200 മൈല്‍ വേഗതയിലായിരിക്കും ഇതിന് പറക്കാന്‍ കഴിയുന്നത്. റോഡില്‍ മണിക്കൂറില്‍ 100 മൈല്‍ വേഗത ലഭിക്കും. ലിബര്‍ട്ടി പയനിയര്‍, ലിബര്‍ട്ടി സ്‌പോര്‍ട്ട് എന്നിങ്ങനെ പറക്കും കാര്‍ രണ്ട് വകഭേദങ്ങളിലായിരിക്കും വിപണിയിലെത്തിക്കുക. ലിബര്‍ട്ടി സ്‌പോര്‍ട്ടിന്റെ ഏകദേശവില 2.1 കോടി രൂപയായിരിക്കും.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ച് സാങ്കേതികവിവരങ്ങള്‍ ചര്‍ച്ച ചെയ്‌തെന്നാണ് കമ്പനിയുടെ സഹചെയര്‍മാന്‍ ജാന്‍ പീറ്റര്‍ കോന്നിംഗ് പറയുന്നത്. നിലവില്‍ 110 ബുക്കിംഗുകള്‍ ഇതിന് ലഭിച്ചെന്ന് സൂചനകളുണ്ട്.
2012ല്‍ കമ്പനി വാഹനത്തിന്റെ പ്രോട്ടോടൈപ്പ് അവതരിപ്പിച്ചിരുന്നു. രണ്ട് പേര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയുന്ന മൂന്ന് ചക്രമുള്ള വാഹനമാണിത്. ടേക്ക് ഓഫ് ചെയ്യാനും ലാന്‍ഡിംഗിനും ഇതിന് റണ്‍വേ ആശ്യമാണ്. സുരക്ഷിതമായി അടിയന്തര ലാന്‍ഡിംഗ് നടത്താന്‍ കഴിയും. മെഡിക്കല്‍ എമര്‍ജന്‍സി പോലുള്ള സാഹചര്യങ്ങളില്‍ വളരെ ഉപയോഗപ്രദമായിരിക്കും ഈ വാഹനം.
ഈ കാര്‍ ഓടിക്കാന്‍ പ്രത്യേക പരിശീലനം ആവശ്യമാണ്. കമ്പനി തന്നെയായിരിക്കും പരിശീലനം കൊടുക്കുന്നത്. 35-40 മണിക്കൂര്‍ നീളുന്ന പരിശീലനമാണ് നല്‍കുന്നത്.
ഇതിന് പകരം ഹെലികോപ്റ്റര്‍ വാങ്ങിയാല്‍ പോരേ എന്നാണോ ചിന്തിക്കുന്നത്? ഹെലികോപ്റ്ററിനേക്കാള്‍ ഇതിന്റെ മെയ്ന്റനന്‍സ് ചെലവ് 10 മടങ്ങ് കുറവാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline