60 ദിവസത്തില്‍ ബുക്കിംഗ് 50,000 കടന്നു, റെക്കോഡിട്ട് ഹ്യുണ്ടായ് വെന്യു

ഹ്യുണ്ടായ് അടുത്തിടെ പുറത്തിറക്കിയ കോംപാക്ട് എസ്‌യുവി വെന്യു പുതിയ റെക്കോര്‍ഡില്‍. പുറത്തിറക്കി 60 ദിവസത്തിനുള്ളില്‍ 50,000 ബുക്കിംഗാണ് ഈ കുഞ്ഞന്‍ എസ് യു വി നേടിയത്. ഇതോടെ ചുരുങ്ങിയ കാലയളവിനുള്ളില്‍ ഉയര്‍ന്ന ബുക്കിംഗ് നേടിയ വാഹനമെന്ന നേട്ടം വെന്യു സ്വന്തമാക്കി.
ചുരുങ്ങിയ കാലയളവിനുള്ളില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന രണ്ടാമത്ത വാഹനം എന്ന നേട്ടവും വെന്യു സ്വന്തമാക്കിയിരുന്നു. ബ്ലൂ ലിങ്ക് കണക്ടഡ് സാങ്കേതിക വിദ്യയുള്ള മോഡലിനാണ് കൂടുതല്‍ ആവശ്യക്കാര്‍. മൊത്തം ബുക്കിംഗിന്റെ 55 ശതമാനവും ബ്ലൂ ലിങ്ക് സാങ്കേതിക വിദ്യ അധിഷ്ഠിത മോഡലിനാണ്.
35 ശതമാനം ബുക്കിംഗ് ഡ്യുവല്‍ ക്ലച്ച് മോഡലിനും ലഭിച്ചിട്ടുണ്ടെന്ന് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് നാഷണല്‍ സെയ്ല്‍സ് ഹെഡ് വികാസ് ജെയ്ന്‍ പറഞ്ഞു. ഇക്കഴിഞ്ഞ മെയില്‍ വിപണിയിലെത്തിയ വെന്യുവിന്റെ വില 6.50 ലക്ഷം രൂപ മുതല്‍ 11.10 രൂപ വരെയാണ്.
ഒരു ലിറ്റര്‍ പെട്രോള്‍, 1.2 ലിറ്റര്‍ പെട്രോള്‍, 1.4 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ എന്നിങ്ങനെ മൂന്ന് പതിപ്പുകളില്‍ ലഭ്യമായ വാഹനം ക്രെറ്റയോട് സാമ്യമുള്ളതാണ്. 1 ലിറ്റര്‍ എന്‍ജിന്‍ ടര്‍ബോ ചാര്‍ജര്‍ ഉള്ളതാണ്. 120 എച്ച്പിയാണ് കരുത്ത്. 1.2 ലിറ്റര്‍ പെട്രോളിന് 83 എച്ച്പിയും 1.4 ലിറ്റര്‍ ഡീസലിന് 90 എച്ച്പിയുമാണ് കരുത്ത്.
കൂടുതൽ അറിയാം: ഹ്യുണ്ടായ് വെന്യു എത്തി: കോമ്പാക്റ്റ് എസ്.യു.വി രംഗത്ത് ഇനി കടുത്ത മത്സരം