ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിക്കാന്‍ ഹോണ്ട

ഇന്ത്യയില്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടേഴ്‌സ് ഇന്ത്യ. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഇരുചക്ര വാഹന നിര്‍മാതാക്കളാണ് ഹോണ്ട. പ്രമുഖ ഇരുചക്ര വാഹന നിര്‍മാതാക്കളില്‍ ഇതുവരെ ഇ-സ്‌കൂട്ടറുകള്‍ പുറത്തിറക്കാത്ത രാജ്യത്തെ ഏക ബ്രാന്‍ഡും ഹോണ്ടയാണ്.

അടുത്ത വര്‍ഷം മാര്‍ച്ചില്‍ ആവും ഹോണ്ടയുടെ ആദ്യ ഇവി എത്തുക. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗതയുള്ള വില കുറഞ്ഞ മോഡലാവും ആദ്യം അവതരിപ്പിക്കുക. ആക്ടീവിയുടെ ഇവി പതിപ്പായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ട്. അതേ സമയം ഇന്ത്യയ്ക്കായി തയ്യറാക്കുന്ന പ്രത്യേക പ്ലാറ്റ്‌ഫോമിലായിരിക്കും ഇവി എത്തുകയെന്നാണ് ഹോണ്ട അറിയിച്ചത്. ഊരിമാറ്റാവുന്ന ഇരട്ട ബാറ്ററികളുള്ള മോഡലായിരിക്കും രണ്ടാമതായി കമ്പനി പുറത്തിറക്കുക.

നിലവില്‍ ചൈനയിലും ജപ്പാനിലും മാത്രമാണ് ഹോണ്ട, ഇ-സ്‌കൂട്ടറുകള്‍ വില്‍ക്കുന്നത്. താമസിയാതെ യൂറോപ്യന്‍ വിപണിയിലേക്കും ഹോണ്ടയുടെ ഇ-സ്‌കൂട്ടറുകള്‍ എത്തും. ഹീറോ മോട്ടോകോര്‍പ്, ടിവിഎസ്, ബജാജ് എന്നിവര്‍ക്ക് നിലവില്‍ ഓരോ ഇലക്ട്രിക് സ്‌കൂട്ടര്‍ മോഡലുകള്‍ വീതമാണ് ഉള്ളത്. ഒല, ഏതര്‍, ഹീറോ അടക്കമുള്ള ന്യൂ ജെന്‍ കമ്പനികള്‍ക്കാണ് രാജ്യത്തെ ഇ-സ്‌കൂട്ടര്‍ വിപണിയില്‍ മേധാവിത്വം. ഇന്ത്യയില്‍ ഇലക്ട്രിക് സൂകൂട്ടറുകള്‍ പുറത്തിറക്കാന്‍ വൈകിയിട്ടില്ലെന്നാണ് കമ്പനി സിഇഒയും എംഡിയുമായ അറ്റ്‌സുഷി ഓഗാറ്റ (Atsushi Ogata ) പറഞ്ഞത്. വില കുറഞ്ഞ വിഭാഗത്തില്‍ മത്സരിക്കാന്‍ 100 സിസി ബൈക്കും ഹോണ്ട പുറത്തിറക്കും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it