സെഞ്ച്വറി അടിക്കാനൊരുങ്ങി പെട്രോള്‍, ലാഭിക്കാം, ഓരോ തുള്ളിയും

പെട്രോള്‍, ഡീസല്‍ വിലകള്‍ ദിവസേന കൂടിക്കൊണ്ടിരിക്കുകയാണ്. ഒപ്പം വാഹന ഉടമകളുടെ നെഞ്ചിടിപ്പും. പെട്രോള്‍ വില 100 രൂപ കടക്കാന്‍ ഇനി അധികം സമയം വേണ്ട. പലരും ഇലക്ട്രിക്, ഹൈബ്രിഡ് കാറുകളുടെ സാധ്യതകള്‍ തേടുന്നു. അവ നല്ലൊരു ആശയമാണെങ്കിലും ഇത്തരം കാറുകളുടെ ഉയര്‍ന്ന വില ഒരു പ്രശ്‌നം തന്നെയാണ്.
ഇലക്ട്രിക് വാഹനങ്ങള്‍ വ്യാപകമാകുമ്പോള്‍ വില കുറയാനുള്ള സാധ്യതയുണ്ടെങ്കിലും അത് പെട്ടെന്ന് പ്രതീക്ഷിക്കാനാകില്ല. സമയമെടുത്തേക്കും. അതുവരെ നമുക്ക് മുന്നിലുള്ള വഴി ഓരോ തുള്ളി ഇന്ധനവും എങ്ങനെ ലാഭിക്കാം എന്നതുമാത്രമാണ്. ഇന്ധനച്ചെലവ് കുറയ്ക്കാ
നുള്ള 10 വഴികള്‍.
1. തിരക്കുപിടിക്കാതിരിക്കുക: ഓവര്‍സ്പീഡും അതുവഴി ഇടയ്ക്കിടെ ബ്രേക്ക് ചവിട്ടേണ്ടി വരുന്നതും എപ്പോഴും ഗിയര്‍ മാറ്റേണ്ടിവരുന്നതുമൊക്കെ ഇന്ധനക്ഷമത കുറയ്ക്കും. അപകടകരവുമാണ്. അതിനാല്‍ മിതമായ വേഗത്തില്‍ സുരക്ഷിതമായി വാഹനം ഓടിക്കുക. നിങ്ങളുടെ പോക്കറ്റിനും അതുതന്നെയാണ് നല്ലത്. 45-50 കിലോമീറ്റര്‍ വേഗതയിലാണത്രെ ഇന്ധനക്ഷത ഏറ്റവും ലഭിക്കുക. ഇതുവഴി ഇന്ധനം 40 ശതമാനം വരെ ലാഭിക്കാനാകും എന്ന് ചില പഠനങ്ങള്‍ പറയുന്നു.
2. വാഹനം കൃത്യമായി സര്‍വീസ് ചെയ്യുക: വാഹനത്തെ മികച്ച രീതിയില്‍ പരിപാലിക്കുന്നത് ഇന്ധനക്ഷമതയ്ക്ക് വളരെ പ്രധാനമാണ്. കമ്പനി നിര്‍ദേശിച്ചിരിക്കുന്ന ഇടവേളകളില്‍ സര്‍വീസ് നടത്തണം. വാഹനത്തില്‍ നിന്ന് അസാധാരണമായ ശബ്ദങ്ങള്‍ കേള്‍ക്കുകയോ ഓട്ടത്തില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടെന്ന് തോന്നുകയോ ചെയ്താല്‍ മെക്കാനിക്കിനെ കൊണ്ട് പരിശോധിപ്പിക്കുക.
3. ടയര്‍ മര്‍ദ്ദം പ്രധാനം: വാഹനത്തെ റോഡുമായി ബന്ധിപ്പിക്കുന്ന ഘടകമാണ് ടയറുകള്‍. കമ്പനി നിര്‍ദേശിച്ചിട്ടുള്ള അളവില്‍ മര്‍ദ്ദം ഉണ്ടാകുന്നത് ടയറുകളുടെ ദീര്‍ഘായുസിനും സുരക്ഷിതത്വത്തിനും ഇന്ധനക്ഷമതയ്ക്കും വളരെ പ്രധാനമാണ്. മര്‍ദ്ദം കൂടിപ്പോകാതിരിക്കാനും ശ്രദ്ധിക്കണം. അത് അപകടത്തിന് കാരണമായേക്കാം.
4. എന്‍ജിന്‍ ഓഫാക്കുക: ട്രാഫിക് ബ്ലോക്കില്‍ കുരുങ്ങിക്കിടക്കുമ്പോള്‍ എന്‍ജിന്‍ ഓഫാക്കാം. അതുപോലെ വാഹനം ഒതുക്കി ഫോണ്‍ വിളിക്കുമ്പോഴും കൂടെയുള്ളയാള്‍ സാധനങ്ങള്‍ വാങ്ങാനായി വാഹനത്തില്‍ നിന്നിറങ്ങി പോകുമ്പോഴുമൊക്കെ എന്‍ജിന്‍ ഓഫ് ചെയ്യാം. എസി നിര്‍ബന്ധമാണെങ്കില്‍ വാഹനം ന്യൂട്രല്‍ ഗിയറിലിട്ട് ഹാന്‍ഡ്‌ബ്രേക്കിട്ട ശേഷം എന്‍ജിന്‍ ഓഫാക്കാതെ എസി ഇടാം. എന്‍ജിന്‍ ഓഫാക്കുകയും പെട്ടെന്നുതന്നെ ഓണാക്കുകയും ചെയ്താല്‍ ഇന്ധനം കൂടുതല്‍ നഷ്ടമാകും എന്ന് ഓര്‍ക്കുക.
5. എസി ഇട്ടോളൂ: സാധാരണഗതിയില്‍ എയര്‍ കണ്ടീഷണര്‍ ഇട്ട് വാഹനം ഓടിക്കുന്നത് ഇന്ധനക്ഷമത കുറയ്ക്കുക തന്നെ ചെയ്യും. എന്നാല്‍ വാഹനം വളരെ വേഗത്തില്‍ പോകുമ്പോള്‍ വിന്‍ഡോകള്‍ തുറന്നിട്ടാല്‍ കാറ്റിന്റെ ശക്തിയെക്കൂടി വാഹനം പ്രതിരോധിക്കേണ്ടി വരും. ഇത് ഇന്ധനം കൂടുതല്‍ ചെലവാകാന്‍ കാരണമായേക്കാം. അതുകൊണ്ട് എസി ഓണാക്കി വിന്‍ഡോകള്‍ ക്ലോസ് ചെയ്ത് പോകുന്നതാണ് നല്ലത്.
6. ക്ലച്ചില്‍ കാല്‍ വിശ്രമിക്കുന്നുണ്ടോ?: വാഹനം ഓടിക്കുന്നതിനിടയില്‍ ഇങ്ങനെയൊരു ശീലമുണ്ടെങ്കില്‍ അത് മാറ്റുക. ക്ലച്ച് തേയ്മാനത്തിനും ഇന്ധനം കൂടുതല്‍ ചെലവാകാനും അത് കാരണമാകും. അതുപോലെ ഓട്ടോമാറ്റിക് കാര്‍ ഓടിക്കുന്നവര്‍ ഇടത്തുകാല്‍ ബ്രേക്കില്‍ വെച്ചുകൊണ്ടിരിക്കരുത്.
7. ഹ്രസ്വദൂര യാത്രകള്‍ പരമാവധി ഒഴിവാക്കുക: ചെറിയ ദൂരത്തിലുള്ള യാത്രകള്‍ക്ക് ഏറെ ഇന്ധനം ചെലവാകും. പ്രീമിയം കാറുമായി ഇത്തരം ഹ്രസ്വദൂരയാത്രകള്‍ നടത്തുന്നത് നിങ്ങളറിയാതെ പോക്കറ്റില്‍ നിന്ന് പണം ചോര്‍ത്തും. അടുത്തുള്ള കടയില്‍ നിന്ന് പാലുവാങ്ങാനും മറ്റും പോകുമ്പോള്‍ കാര്‍ ഉപയോഗിക്കാതെ ഇരുചക്രവാഹനങ്ങള്‍ ഉപയോഗിക്കാന്‍ ശ്രമിക്കുക. സമയമുണ്ടെങ്കില്‍ നടന്നുപോകുന്നത് നല്ലൊരു വ്യായാമവുമായിരിക്കും.
8. കാര്‍പൂളിംഗ് അവസരങ്ങള്‍ തേടുക: സ്ഥിരമായി ഒരേ റൂട്ടില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ചെലവ് വീതിച്ചെടുത്ത് ഒരുമിച്ചുപോകാം. ഇപ്പോള്‍ കാര്‍ പൂളിംഗിന് ആളെ കണ്ടെത്താന്‍ സഹായിക്കുന്ന മൊബീല്‍ ആപ്പുകള്‍ നിലവിലുണ്ട്. കഴിയുമെങ്കില്‍ റോഡില്‍ തിരക്കേറുന്ന സമയങ്ങള്‍ ഒഴിവാക്കി, അല്‍പ്പം നേരത്തെ യാത്ര ചെയ്യുക.
9. അമിതഭാരം ഇന്ധനം കുടിക്കും: ആളുകളെ കുത്തി നിറച്ചു കൊണ്ടുപോകുന്നതും അമിതഭാരം കയറ്റുന്നതും ഇന്ധനം കൂടുതല്‍ ഉപയോഗിക്കാന്‍ കാരണമാകും. ഭാരമുള്ള അനാവശ്യ സാധനങ്ങള്‍ വാഹനത്തില്‍ നിന്ന് എടുത്തുമാറ്റുക.
10. ഇവ ചെറുതല്ല: ഫ്യുവല്‍ ഫില്‍റ്റര്‍ സമയമാകുമ്പോള്‍ മാറ്റുക. വീല്‍ അലൈന്‍മെന്റ് കൃത്യമായ ഇടവേളകളില്‍ നടത്തുക. സ്പാര്‍ക്ക് പ്ലഗുകള്‍ പരിശോധിക്കുക,
വാഹനത്തിന്റെ എക്‌സോസ്റ്റ്, എമിഷന്‍ സംവിധാനങ്ങള്‍ പരിശോധിക്കുക... തുടങ്ങി ചെറുതെന്ന് തോന്നുന്ന കാര്യങ്ങളും ഇന്ധനക്ഷമതയില്‍ വളരെ പ്രധാനമാണ്.