ഹ്യുണ്ടായ് ഐ20 എന്‍ ലൈന്‍ ഇനി ഇന്ത്യയിലും: ബുക്കിംഗിന് തുടക്കം, സവിശേഷതകള്‍ അറിയാം

ഹ്യുണ്ടായിയുടെ ഇന്ത്യയിലെ ആദ്യത്തെ എന്‍ പെര്‍ഫോമന്‍സ് കാറായ ഹ്യുണ്ടായ് ഐ20 എന്‍ ലൈനിന്റെ ബുക്കിംഗിന് തുടക്കമായി. 25,000 രൂപ നല്‍കി ഓണ്‍ലൈന്‍ വഴിയോ ഡീലര്‍ഷിപ്പ് കേന്ദ്രങ്ങള്‍ മുഖേനയോ വാഹനം ബുക്ക് ചെയ്യാവുന്നതാണെന്ന് കമ്പനി അറിയിച്ചു. സെപ്റ്റംബര്‍ മുതല്‍ വാഹനം ഇന്ത്യയില്‍ ലഭ്യമാക്കി തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, വാഹനത്തിന്റെ വിലയെ കുറിച്ചുള്ള വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടില്ലെങ്കിലും സാധാരണ ഐ20 യേക്കാള്‍ 1-1.5 ലക്ഷം രൂപ കൂടുതലായിരിക്കുമെന്നാണ് വിലയിരുത്തല്‍.

സാധാരണ ഐ20 യില്‍നിന്ന് വ്യത്യസ്തമായി ഏവരെയും ആകര്‍ഷിപ്പിക്കുന്നതിന് സ്‌പോര്‍ട്ടി രൂപകല്‍പ്പനയിലാണ് ഐ20 എന്‍ ലൈന്‍ ഇന്ത്യയിലെത്തുക. ഒരു ഡ്യൂട്ട്-ടോണ്‍ ബമ്പര്‍, ഫോഗ്‌ലാമ്പ്, ബമ്പറിന്റെ ലോവര്‍ ലിപ്പിലെ റെഡ് സ്ട്രിപ്പ്, എന്‍ ലോഗോ എന്നിവയാണ് ഈ മോഡലിനെ ആകര്‍ഷണീയമാക്കുന്നത്.
കാഴ്ചയ്ക്ക് പുറമെ പെര്‍ഫോമന്‍സാണ് എന്‍ ലൈനപ്പിന്റെ മറ്റൊരു പ്രത്യേകത. എന്‍6 ഐഎംടി, എന്‍8 ഐഎംടി, എന്‍8 ഡിസിടി എന്നിങ്ങനെ മൂന്ന് പതിപ്പുകളിലാണ് ഈ മോഡല്‍ ഇന്ത്യയിലെത്തുക. 1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് ഹ്യുണ്ടായ് ഐ20 എന്‍ ലൈനിന് കരുത്തേകുന്നത്. 118 ബിഎച്ച്പി പവറും 172 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. കൂടാതെ, ആറ് സ്പീഡ് ഐഎംടി, ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലച്ച് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളിലും ഈ മോഡല്‍ ലഭ്യമാകും.




Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it