ഇന്ത്യയിലെ ആദ്യത്തെ എന്‍ പെര്‍ഫോമന്‍സ് കാര്‍ അവതരിപ്പിച്ച് ഹ്യുണ്ടായ്, ഉപഭോക്താക്കളെ കാത്തിരിക്കുന്നത് എന്തൊക്കെ? അറിയാം

ഇന്ത്യയിലെ ആദ്യത്തെ എന്‍ പെര്‍ഫോമന്‍സ് കാറായ ഐ20 എന്‍ ലൈന്‍ ഹ്യുണ്ടായ് അവതരിപ്പിച്ചു. മോട്ടോര്‍സ്‌പോര്‍ട്‌സില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഐ 20 എന്‍ ലൈനിന് 9.84 ലക്ഷം മുതല്‍ 11.76 ലക്ഷം രൂപ വരെ (എക്‌സ്-ഷോറൂം) യാണ് വില നിശ്ചയിച്ചിരിക്കുന്നത്. 88.3 കിലോവാട്ട് ശേഷിയുള്ള 1 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് എന്‍ പെര്‍ഫോമന്‍സ് മോഡലിലുള്ളത്. എന്‍ 6, എന്‍ 8 വേരിയന്റുകളില്‍ മോഡല്‍ ഉപഭോക്താക്കളിലേക്ക് എത്തുമെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.

നൂതന സാങ്കേതികവിദ്യകളും ഉല്‍പ്പന്നങ്ങളും ഞങ്ങള്‍ ഇന്ത്യയിലേക്ക് അവതരിപ്പിക്കുന്നത് തുടരുമ്പോള്‍, ഐ20 എന്‍ ലൈനിലൂടെ മോട്ടോര്‍സ്‌പോര്‍ട്ട് പ്രചോദിതമായ സ്‌റ്റൈലിംഗിലേക്ക് ഉപഭോക്താക്കള്‍ക്ക് ആവേശം പകരുകയാണെന്ന് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് (എച്ച്എംഐഎല്‍) മാനേജിംഗ് ഡയറക്ടറും സിഇഒയുമായ എസ്എസ് കിം പറഞ്ഞതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയിലെ 188 ഡീലര്‍ഷിപ്പ് കേന്ദ്രങ്ങള്‍ വഴിയും വാഹനം ലഭ്യമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
സാധാരണ ഐ20 യില്‍നിന്ന് വ്യത്യസ്തമായി ഏവരെയും ആകര്‍ഷിപ്പിക്കുന്നതിന് സ്പോര്‍ട്ടി രൂപകല്‍പ്പനയിലാണ് ഐ20 എന്‍ ലൈന്‍ ഒരുക്കിയിട്ടുള്ളത്. ഒരു ഡ്യൂട്ട്-ടോണ്‍ ബമ്പര്‍, ഫോഗ്ലാമ്പ്, ബമ്പറിന്റെ ലോവര്‍ ലിപ്പിലെ റെഡ് സ്ട്രിപ്പ്, എന്‍ ലോഗോ എന്നിവയാണ് ഈ മോഡലിനെ ആകര്‍ഷണീയമാക്കുന്നത്. കാഴ്ചയ്ക്ക് പുറമെ പെര്‍ഫോമന്‍സാണ് എന്‍ ലൈനപ്പിന്റെ മറ്റൊരു പ്രത്യേകത. കൂടാതെ, ഹില്‍ അസിസ്റ്റന്റ് സിസ്റ്റം, വെഹിക്കിള്‍ സ്റ്റെബിലിറ്റി മാനേജ്‌മെന്റ് എന്നീ സംവിധാനങ്ങോടുകൂടിയ ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ഇഎസ്സി) പോലുള്ള സുരക്ഷാ സവിശേഷതകള്‍ ഐ 20 എന്‍ ലൈനിനുണ്ട്.
അതേസമയം, ഐ20 എന്‍ ലൈനിന്റെ ബുക്കിംഗ് കമ്പനി നേരത്തെ ആരംഭിച്ചിരുന്നു. 25,000 രൂപ നല്‍കി ഓണ്‍ലൈന്‍ വഴിയോ ഡീലര്‍ഷിപ്പ് കേന്ദ്രങ്ങള്‍ മുഖേനയോ വാഹനം ബുക്ക് ചെയ്യാവുന്നതാണെന്ന് കമ്പനി അറിയിച്ചിരുന്നു.


Dhanam News Desk
Dhanam News Desk  
Next Story
Share it