പുതിയ കാറുകളില്‍ 70 ശതമാനം ഗാല്‍വനൈസ്ഡ് സ്റ്റീല്‍ നിര്‍ബന്ധമാക്കുന്നു

കാര്‍ ബോഡി പാനലുകളുടെ നിര്‍മ്മാണത്തില്‍ ഏഴുപതു ശതമാനം ഗാല്‍വനൈസഡ് സ്റ്റീല്‍ നിര്‍ബന്ധമാക്കന്നു. കേന്ദ്ര ഗതാഗത ഹൈവേ മന്ത്രാലയം ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശം കാര്‍ നിര്‍മ്മാതാക്കള്‍ക്ക് ഉടന്‍ നല്‍കും.

ബോഡി പാനലുകള്‍ അതിവേഗം തുരുമ്പെടുക്കുന്നതിനാല്‍ ഇന്ത്യന്‍ നിര്‍മിത കാറുകള്‍ക്ക് പലപ്പോഴും ഫലപ്രദമായ സുരക്ഷ ഉറപ്പുവരുത്താന്‍ കഴിയുന്നില്ലെന്നു മുംബൈ ഐഐടി ഗവേഷണ സംഘം 2015 ല്‍ നടത്തിയ പഠന റിപ്പോര്‍ട്ട് വെളിപ്പെടുത്തിയിരുന്നു.

റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിഷയത്തെക്കുറിച്ച് അന്വേഷണം നടത്തി വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഓട്ടോമൊട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യയോടും (ARAI) ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഓട്ടോമൊട്ടീവ് ടെക്‌നോളജിയോടും(ICAT) കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.

തുരുമ്പില്‍ നിന്നും സംരക്ഷണം നല്‍കുന്നതിനായി ഇരുമ്പ്, സ്റ്റീല്‍ എന്നിവയ്ക്കുമേല്‍ സിങ്ക് ആവരണം തീര്‍ക്കുന്ന പ്രക്രിയയെയാണ് ഗാല്‍വനൈസേഷന്‍ എന്നു പറയുന്നത്. തുരുമ്പെടുക്കാനുള്ള സാധ്യത കുറവായതിനാല്‍ കാറുകള്‍ക്ക് ദീര്‍ഘകാലം ദൃഢത ഉറപ്പാക്കാന്‍ ഇതു സഹായിക്കുന്നു. അതുകൊണ്ട് ഇന്ത്യയില്‍ നിര്‍മിക്കുന്നതും 10 ലക്ഷം രൂപയില്‍ താഴെ വില വരുന്നതുമായ വാഹനങ്ങള്‍ക്ക് ഈ നിയമം ബാധകമാക്കിയിട്ടുണ്ട്.

നിലവില്‍ ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തുന്ന കാറുകളില്‍ മുപ്പതു ശതമാനം മാത്രമാണ് ഗാല്‍വനൈസ്ഡ് സ്റ്റീലിന്റെ ഉപയോഗം. എന്നാല്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച് കയറ്റുമതി ചെയ്യുന്ന കാറുകളില്‍ ഏഴുപതു ശതമാനം ഗാല്‍വനൈസ്ഡ് സ്റ്റീല്‍ നിര്‍മ്മാതാക്കള്‍ ഉറപ്പുവരുത്തുന്നുണ്ട്.

ആഗോളനിലവാരം കണക്കിലെടുത്താല്‍ അമ്പതു ശതമാനമാണ് കാറുകളില്‍ ഉപയോഗിക്കുന്ന ശരാശരി ഗാല്‍വനൈസ്ഡ് സ്റ്റീല്‍.

ഇന്ത്യയില്‍ പുറത്തിറങ്ങുന്ന വാഹനങ്ങള്‍ക്ക് സുരക്ഷ കുറവാണെന്ന ആക്ഷേപം തുടച്ചുനീക്കാനുള്ള നടപടിയിലാണ് കേന്ദ്ര സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി 125 സിസിക്ക് മുകളിലുള്ള പുതിയ ഇരുചക്ര വാഹനങ്ങള്‍ക്ക് എബിഎസ് കേന്ദ്രം നിര്‍ബന്ധമാക്കിയിട്ടുണ്ട്.

അടുത്തവര്‍ഷം പുതിയ കാറുകള്‍ക്ക് ഭാരത് ന്യൂ വെഹിക്കിള്‍ സേഫ്റ്റി അസെസ്‌മെന്റ് പ്രോഗ്രാം (BNVSAP) കര്‍ശനമാവും. 2019 ഓക്ടോബര്‍ മുതല്‍ പൂര്‍ണ്ണ ഫ്രണ്ടല്‍ ഇംപാക്ട്, ഓഫ്‌സെറ്റ് ഫ്രണ്ടല്‍ ഇംപാക്ട്, സൈഡ് ഇംപാക്ട് എന്നീ ക്രാഷ് ടെസ്റ്റുകള്‍ക്കു ശേഷം മാത്രമെ പുതിയ കാറുകള്‍ക്ക് ഇന്ത്യയില്‍ വില്‍ക്കാന്‍ അനുമതി ലഭിക്കുകയുള്ളൂ.

Related Articles

Next Story

Videos

Share it