ടെസ്‌ല അടുത്ത വർഷം ഇന്ത്യയിലേക്ക്?
ലോകത്ത് ഇലക്ട്രിക് കാർ വിപ്ലവത്തിന് തുടക്കം കുറിച്ച കമ്പനിയാണ് ടെസ്‌ല. മറ്റുള്ള വാഹനനിർമ്മാതാക്കൾ ഇലക്ട്രിക് കാറുകളെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയപ്പോഴേക്കും വാണിജ്യാടിസ്ഥാനത്തിൽ അവ നിർമ്മിച്ച് വിജയം കൊയ്ത ചരിത്രമാണ് ഈ അമേരിക്കൻ കമ്പനിയുടേത്.
ടെസ്‌ല സ്ഥാപകനായ ഇലോൺ മസ്‌ക്ക് ട്വിറ്റെറിലൂടെയാണ് ഇന്ത്യയിലേക്ക് വരാനുള്ള പദ്ധതി അറിയിച്ചത്.
"ടെസ്‌ലയുടെ സർവീസ് ടീമിനോട് വടക്കേ അമേരിക്ക, കിഴക്കൻ യൂറോപ്പ്, ചൈന, ജപ്പാൻ എന്നീ രാജ്യങ്ങളിലെ മെട്രോ നഗരങ്ങൾക്ക് പുറമെയുള്ള സ്ഥലങ്ങളിൽ കൂടി കമ്പനിയുടെ പ്രവർത്തനം വിപുലപ്പെടുത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ, അടുത്ത വർഷം ഇന്ത്യ, ആഫ്രിക്ക, തെക്കേ അമേരിക്ക എന്നിവിടങ്ങളിൽ ഭാഗീകമായി കമ്പനിയുടെ സാന്നിധ്യം ഉറപ്പാക്കണം. 2020 ഓടെ ഇത് വിപുലപ്പെടുത്താം," മറ്റൊരാളുടെ ചോദ്യത്തിനുള്ള മറുപടിയായിരുന്നു മസ്‌ക്കിന്റെ ഈ ട്വീറ്റ്.
യുഎസിന് പുറമെ, കാനഡ, ചില യൂറോപ്യൻ രാജ്യങ്ങൾ, ചൈന, ജപ്പാൻ, ഹോങ്കോങ്ങ്, ദക്ഷിണ കൊറിയ, ഓസ്ട്രേലിയ എന്നിവിടങ്ങളിലെല്ലാം ടെസ്‌ലയുണ്ട്.
അതേസമയം ടെസ്‌ലയുടെ ബോർഡ് ചെയർ ആയി റോബിൻ ഡെൻഹോമിനെ നിയമിച്ചു. വിവാദമായ ഒരു ട്വീറ്റിനെ തുടർന്ന് മസ്‌ക്കിന് ആ സ്ഥാനത്തുനിന്നും മാറി നിൽക്കേണ്ടി വന്നിരുന്നു.