നിങ്ങളുടെ വാഹനത്തിന് 15 വര്‍ഷം പഴക്കമുണ്ടോ? രജിസ്‌ട്രേഷന്‍ പുതുക്കാന്‍ വന്‍ തുക ചെലവാകും

പഴയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കുന്നതിന് ഒക്ടോബര്‍ മുതല്‍ പുതുക്കിയ ഫീസ് നടപ്പാക്കാനൊരുങ്ങി കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം. 15 വര്‍ഷം പഴക്കമുള്ള കാറുകളുടെ പുനര്‍ രജിസ്‌ട്രേഷന് ഇനി മുതല്‍ 5000 രൂപ ഫീസ് ഈടാക്കും. നിലവിലെ ഫീസിനേക്കാള്‍ എട്ടു മടങ്ങ് കൂടുതല്‍ ആണ് പുതുക്കിയ നിരക്കുകള്‍. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റിനുള്ള ചാര്‍ജുകളിലും കുത്തനെയുള്ള വര്‍ധനയാണ് നടപ്പാക്കുന്നത്.

15 വര്‍ഷം പഴക്കമുള്ള ബസ്,ട്രക്ക് തുടങ്ങിയ വലിയ വാഹനങ്ങളുടെ ഫിറ്റ്‌നസ് പുതുക്കല്‍ സര്‍ട്ടിഫിക്കറ്റ് ഇനിമുതല്‍ 12,500 രൂപ ചാര്‍ജ് ഈടാക്കും. നിലവിലുള്ള ഓഫീസിനേക്കാള്‍ 21 മടങ്ങാണിത്. പഴയ ബൈക്കുകളുടെ രജിസ്‌ട്രേഷന്‍ പുതുക്കുന്നതിനുള്ള ഫീസ് 300 ല്‍ നിന്ന് 1000 രൂപയിലേക്കും, ടാക്‌സി ഓട്ടോറിക്ഷകള്‍ക്ക് 1000 രൂപയില്‍നിന്ന് 3500 രൂപയിലേക്കും ഉയര്‍ത്തിയിട്ടുണ്ട്. ഇറക്കുമതി വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നിരക്ക് 5,000 ത്തില്‍ നിന്ന് 40,000 രൂപയിലേക്കാണ് വര്‍ദ്ധിപ്പിച്ചിട്ടുള്ളത്.പുതിയ വാഹന സ്‌ക്രാപ്പ് (പൊളിക്കല്‍) നയം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഫീസ് നിരക്കിലെ ഈ വര്‍ദ്ധനവ്. ഒക്ടോബര്‍ മുതല്‍ പുതുക്കിയ ഫീസ് നടപ്പാക്കാന്‍ കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം കരട് വിജ്ഞാപനം പുറപ്പെടുവിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

സ്വകാര്യവാഹനങ്ങള്‍ രജിസ്‌ട്രേഷന്‍ പുതുക്കുന്നതിന് കാലതാമസമുണ്ടായാല്‍ പ്രതിമാസം 500 രൂപ വരെ പിഴ ഈടാക്കാമെന്നും, വാണിജ്യ വാഹനങ്ങളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് പുതുക്കുന്നതിന് കാലതാമസമുണ്ടായാല്‍ ദിവസേന 50 രൂപ പിഴ ഈടാക്കുമെന്നും പുതിയ നയത്തിന്റെ ഭാഗമായുള്ള നിര്‍ദേശങ്ങളില്‍ പറയുന്നു. പഴയതും മലിനീകരണം സൃഷ്ടിക്കുന്നതുമായ വാഹനങ്ങള്‍ സ്വമേധയാ ഒഴിവാക്കാന്‍ സര്‍ക്കാര്‍ പുതിയ നിര്‍ദ്ദേശങ്ങള്‍ പ്രഖ്യാപിച്ചു തുടങ്ങിയപ്പോള്‍, ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലുമുള്ള 10 ഉം 15 ഉം വര്‍ഷം പഴക്കമുള്ള ഡീസല്‍ പെട്രോള്‍ വാഹനങ്ങളുടെ നിരോധനം പുനപ്പരിശോധിക്കാന്‍ സര്‍ക്കാര്‍ ദേശീയ ഹരിത െ്രെടബ്യൂണലിനയോ സുപ്രീം കോടതിയെയോ സമീപിക്കുമോയെന്ന് ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു.

പുതിയ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് സ്വകാര്യ വാഹനങ്ങളുടെ കാര്യത്തില്‍ ഉടമകള്‍ 15 വര്‍ഷത്തിനുശേഷം ഓരോ 5 വര്‍ഷത്തിലും ആര്‍സി പുതുക്കേണ്ടതുണ്ട്. വാണിജ്യ വാഹനങ്ങളില്‍ എട്ടു വര്‍ഷം കഴിഞ്ഞാല്‍ എല്ലാവര്‍ഷവും ഫിറ്റ്‌നസ് പുതുക്കല്‍ നിര്‍ബന്ധമാണ്. രജിസ്‌ട്രേഷന്‍,ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുകള്‍ പുതുക്കുന്നതിനുള്ള ഫീസിലെ വര്‍ദ്ധന ഉടമകളെ അവരുടെ പഴയ വാഹനങ്ങള്‍ സൂക്ഷിക്കുന്നതില്‍നിന്നും നിരുത്സാഹപ്പെടുത്തും. ഇലക്ട്രിക് വാഹനങ്ങളെയും മറ്റിതര ഇന്ധനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളെയും ഈ വര്‍ദ്ധനവ് ബാധിക്കുമോയെന്നും വ്യക്തമല്ല.

ഫിറ്റ്‌നസ് പരിശോധനയില്‍ പരാജയപ്പെടുന്ന വാഹനങ്ങള്‍ പൊളിക്കുന്നതിന് മതിയായ സൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതിനായി രജിസ്റ്റര്‍ ചെയ്ത വാഹന പൊളിക്കല്‍ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള മാനദണ്ഡങ്ങളും കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം ഇതിനോടൊപ്പം അവതരിപ്പിച്ചിട്ടുണ്ട്. പുതിയ നിര്‍ദ്ദേശപ്രകാരം വാഹന ഉടമക്ക് പഴയ വാഹനങ്ങള്‍ രാജ്യത്തെ ഏത് പൊളിക്കല്‍ കേന്ദ്രങ്ങളിലേക്കും കൊണ്ടുപോകാന്‍ സ്വാതന്ത്ര്യമുണ്ട്. പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിന് പ്രോത്സാഹനം ലഭിക്കുന്നതിനായി ഈ കേന്ദ്രങ്ങളില്‍ നിന്നു ലഭിക്കുന്ന സ്‌ക്രോപ്പിംഗ് സര്‍ട്ടിഫിക്കറ്റുകള്‍ കൈമാറ്റം ചെയ്യാനും സാധിക്കും. വാഹനങ്ങള്‍ പൊളിക്കുന്നതിനു മുന്‍പ് പൊളിക്കല്‍ കേന്ദ്രങ്ങള്‍ വാഹനങ്ങളുടെ യഥാര്‍ത്ഥ ഉടമസ്ഥാവകാശം പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതും പ്രധാനമാണ്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it