Begin typing your search above and press return to search.
ജാവ യെസ്ഡിയുടെ ഏറ്റവും വലിയ വിപണികളിലൊന്നായി കേരളം; ഉടനെത്തും പുത്തന്‍ മോഡല്‍
വിഖ്യാത മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡുകളായ ജാവ, യെസ്ഡി എന്നിവയുടെ ഇന്ത്യയിലെ ഏറ്റവും വലിയ വിപണികളിലൊന്നാണ് കേരളമെന്ന് ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍സ് സി.ഇ.ഒ ആശിഷ് സിംഗ് ജോഷി പറഞ്ഞു. കമ്പനിയുടെ ജാവ 42, യെസ്ഡി അഡ്വഞ്ചര്‍ ബൈക്കുകള്‍ക്ക് കേരളത്തില്‍ വലിയ സ്വീകാര്യതയാണുള്ളത്.
കമ്പനിയുടെ ഇന്ത്യയിലെ മൊത്തം വില്‍പനയില്‍ 42 ശതമാനവും കേരളം ഉള്‍പ്പെടുന്ന ദക്ഷിണേന്ത്യയില്‍ നിന്നാണ്. 13 ഷോറൂമുകളാണ് നിലവില്‍ കമ്പനിക്ക് കേരളത്തിലുള്ളത്. ഇന്ത്യയിലാകെ 400ഓളവും. രണ്ടുവര്‍ഷത്തിനകം മൊത്തം ഷോറൂമുകള്‍ 750ലേക്ക് ഉയര്‍ത്തും. കേരളത്തിലെ ഷോറൂമുകള്‍ 20ഓളമായും കൂടുമെന്ന് അദ്ദേഹം പറഞ്ഞു. 'ചെറുകിട' മോട്ടോസോണ്‍ ഷോറൂമുകളാണ് പ്രധാനമായും പുതുതായി ഉദ്ദേശിക്കുന്നത്.
ജാവ, യെസ്ഡി ബൈക്കുകള്‍ക്കായി അവതരിപ്പിക്കുന്ന മെഗാ സര്‍വീസ് ക്യാമ്പിന്റെ ആരംഭത്തോട് അനുബന്ധിച്ച് കൊച്ചിയിലെത്തിയതായിരുന്നു ആശിഷ് സിംഗ് ജോഷി. സര്‍വീസ്, അധിക വാറന്റി നേടാനുള്ള അവസരം, എക്‌സ്‌ചേഞ്ച്, ബൈബാക്ക് തുടങ്ങിയ സേവനങ്ങളാണ് ക്യാമ്പിലൊരുക്കുന്നത്.
ഉടനെത്തും പുത്തന്‍ മോഡല്‍
ചെക്ക് റിപ്പബ്ലിക്കന്‍ വിഖ്യാത മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡായ ജാവ ഒരുവേള വിപണിയില്‍ നിന്ന് പിന്‍വലിഞ്ഞിരുന്നു. പിന്നീട് മഹീന്ദ്രയുടെ ചിറകിലേറി 2018-19ലാണ് തിരിച്ചെത്തിയത്. 300-350 സി.സി ശ്രേണിയിലാണ് കമ്പനി ബൈക്കുകള്‍ ഇറക്കുന്നത്. 2-2.5 ലക്ഷം രൂപ വിലനിലവാരത്തിലുള്ളവയാണ് ക്രൂസര്‍, അഡ്വഞ്ചര്‍ ശ്രേണികളിലെ ബൈക്കുകള്‍. 2018-19 മുതല്‍ ഇതിനകം രണ്ടുലക്ഷത്തോളം ബൈക്കുകള്‍ കമ്പനി വിറ്റഴിച്ചു.
കമ്പനിയുടെ പുത്തന്‍ മോഡല്‍ ജനുവരി ആദ്യം വിപണിയിലെത്തുമെന്ന് ആശിഷ് സിംഗ് ജോഷി പറഞ്ഞു. കേരളീയരുടെ അഭിരുചിക്ക് ഏറെ ഇണങ്ങുംവിധമുള്ള ബൈക്കാണിത്. 300-350 സി.സി. ശ്രേണിയില്‍ തന്നെ 2-2.50 ലക്ഷം രൂപ വില നിലവാരത്തിനുള്ളില്‍ തന്നെയുള്ളതാകും ഈ മോഡലുമെന്ന് അദ്ദേഹം പറഞ്ഞു.
ഇലക്ട്രിക് ബൈക്കുകള്‍ കമ്പനി പരിഗണിക്കുന്നുണ്ടെങ്കിലും സജീവമായ ഊന്നല്‍ നല്‍കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ബാറ്ററി റീചാര്‍ജിംഗിന് വ്യാപകമായ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കാതെ ദീര്‍ഘദൂര ക്രൂസര്‍, അഡ്വഞ്ചര്‍ ബൈക്കുകളെ ഇ.വിയാക്കി മാറ്റുക അപ്രായോഗികമാണ്.
വന്‍ നിക്ഷേപവുമായി മഹീന്ദ്ര
ജാവയില്‍ 60 ശതമാനം ഓഹരി പങ്കാളിത്തം മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയ്ക്കുണ്ട്. മഹീന്ദ്രയും ജാവയുടെ നിര്‍മ്മാതാക്കളായ ക്ലാസിക് ലെജന്‍ഡ്‌സും ചേര്‍ന്ന് മൊത്തം 875 കോടി രൂപയുടെ അധിക നിക്ഷേപം ജാവയില്‍ നടത്താന്‍ തീരുമാനമായിട്ടുണ്ട്.
525 കോടി രൂപ മഹീന്ദ്രയാണ് നിക്ഷേപിക്കുക. ബാക്കി 350 കോടി രൂപ ക്ലാസിക് ലെജന്‍ഡ്‌സും. ബൊമാന്‍ ഇറാനി (രസ്തം ഗ്രൂപ്പ് സി.എം.ഡി), അനുപം തരേജ (ഫൈ കാപ്പിറ്റല്‍ സ്ഥാപകനും മാനേജിംഗ് പാര്‍ട്ണറും) എന്നിവരാണ് ക്ലാസിക് ലെജന്‍ഡ്‌സിലെ മുഖ്യ ഓഹരിയുടമകള്‍. അടുത്ത 2-3 വര്‍ഷത്തിനകമാകും നിക്ഷേപം.
Next Story
Videos