കേരളത്തിന്റെ പ്രിയപ്പെട്ട കുഞ്ഞൻ എസ്‌യുവികൾ
ചെറുകാറുകളോട് ഇന്ത്യക്കാര്‍ക്കുള്ള പ്രിയം പ്രസിദ്ധമാണ്. ഏത് വിഭാഗത്തില്‍പ്പെട്ട കാറായാലും അതില്‍ ചെറുതിനോടുണ്ട് മമത. ഇതാ കേരളത്തിന് ഏറ്റവും പ്രിയപ്പെട്ട എസ് യു വികളിലെ ചെറു മോഡലുകള്‍
മാരുതി സുസുകി വിറ്റാര ബ്രെസ്സ
വിപണിയിലിറങ്ങി 35 മാസം കൊണ്ട് നാലു ലക്ഷം കാറുകളാണ് ബ്രെസ്സ വിറ്റു പോയത്. ഇത് റെക്കോര്‍ഡാണ്. ഡീസല്‍ വേരിയേഷന്‍ മാത്രമാണ് ലഭിക്കുന്നതെങ്കിലും 24.3 കിലോമീറ്റര്‍ മൈലേജ് ലഭിക്കുന്ന ബ്രെസ്സ വിപണിയിലെ താരമാണിപ്പോഴും.
മികച്ച എന്‍ജിനും കൂടുതല്‍ സുരക്ഷാ സവിശേഷതകളും ബ്രെസ്സയെ പ്രിയപ്പെട്ടതാക്കുന്നു. വഴിയാത്രക്കാര്‍ക്ക് പോലും സുരക്ഷ നല്‍കുന്ന തരത്തില്‍ ഇരട്ട എയര്‍ ബാഗും, ഇബിഡിയോട് കൂടിയ എബിഎസ് സംവിധാനവും വേഗത കൂടിയാല്‍ അറിയിക്കുന്നതിനുള്ള സൗകര്യവും റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സര്‍ തുടങ്ങിയവയെല്ലാം ബ്രെസ്സയെ വേറിട്ടതാക്കുന്നു. മാത്രമല്ല, മികച്ച സ്ഥല സൗകര്യവും ഇതിനകത്തുണ്ട്.
328 ലിറ്റര്‍ ബൂട്ട് സ്‌പേസും ബ്രെസ്സയ്ക്കുണ്ട്. മാത്രമല്ല, സാധാരണക്കാര്‍ക്കും താങ്ങാവുന്ന വിധത്തില്‍ പ്രീമിയം ലുക്കിലുള്ള ഒരു കോംപാക്ട് എസ് യുവി തന്നെയാണ് ബ്രെസ്സ. മാരുതി എന്ന ബ്രാന്‍ഡ് നെയിം മികച്ച റീ സെയ്ല്‍ വാല്യുവും ബ്രെസ്സയ്ക്ക് നല്‍കുന്നു. വില 7.99 ലക്ഷം മുതല്‍.
ടാറ്റ നെക്‌സോണ്‍
ഒരു ഇന്ത്യന്‍ കമ്പനി പുറത്തിറക്കുന്ന ആദ്യത്തെ കോംപാക്ട് എസ് യു വിയാണ് ടാറ്റ നെക്‌സോണ്‍. മാത്രമല്ല, ഗ്ലോബല്‍ എന്‍സിഎപിയുടെ സേഫ്റ്റി റേറ്റിംഗില്‍ 5 സ്റ്റാര്‍ ലഭിച്ച ഇന്ത്യയിലെ ആദ്യത്തെ കാര്‍ കൂടിയാണിത്. ശക്തികൂടിയ ഡീസല്‍-പെട്രോള്‍ വേരിയന്റുകളില്‍ ഇത് ലഭ്യമാണ്. മികച്ച സുരക്ഷാ ഫീച്ചറുകളാണ് ഏറ്റവും വലിയ പ്രത്യേകത.
സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, ഫോര്‍ ചാനല്‍ എബിഎസ് സിസ്റ്റം, ഇരട്ട എയര്‍ബാഗ് സംവിധാനം തുടങ്ങിയൊക്കെ നെക്‌സോണിനെ താങ്ങാവുന്ന വിലയില്‍ മികച്ച സുരക്ഷാ സംവിധാനങ്ങളുള്ള കാര്‍ ആക്കി മാറ്റുന്നു. ഫ്‌ളോട്ടിംഗ് ഇന്‍ഫോടൈയ്ന്‍മെന്റ് സ്‌ക്രീന്‍ ഹര്‍മന്റെ എട്ട് സ്പീക്കറുകള്‍ എന്നിവയൊക്കെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കൂടാതെ സണ്‍റൂഫ് ഒരുക്കാനുള്ള സൗകര്യവും നല്‍കുന്നു. ഓട്ടോമാറ്റിക്, മാന്വല്‍ വേരിയന്റുകളില്‍ ലഭ്യവുമാണ്. വിലയും മറ്റു സമാന മോഡലുകളേക്കാള്‍ കുറവാണ്. വില 6.67 ലക്ഷം മുതല്‍.
ഹ്യുണ്ടായ് ക്രെറ്റ
മികവുറ്റ ഡിസൈന്‍ ഹ്യൂണ്ടായ് ക്രെറ്റയെ യുവാക്കളുടെ പ്രിയപ്പെട്ട വാഹനമാക്കുന്നു. അഞ്ചു പേര്‍ക്ക് സുഖമായി യാത്ര ചെയ്യാനുള്ള സൗകര്യം ഇതില്‍ ലഭിക്കുന്നു. അപ്പപ്പോള്‍ നവീകരിച്ച മോഡലുകള്‍ പുറത്തിറക്കാനും ഹ്യൂണ്ടായ് ശ്രദ്ധിക്കുന്നു. പുതിയ ക്രെറ്റ മികച്ച ഫീച്ചറുകള്‍ക്കൊപ്പം സുരക്ഷയ്ക്കും മുന്‍ഗണന നല്‍കുന്നു.
ആറ് എയര്‍ബാഗുകളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയില്‍ ഇപ്പോഴും മികച്ച രീതിയില്‍ വിറ്റുപോകുന്നുണ്ട് ക്രെറ്റ. പ്രീമിയം ലുക്ക് തോന്നിക്കുന്ന പുതിയ മോഡലില്‍ ഇന്‍ ബില്‍റ്റ് നാവിഗേഷന്‍ സൗകര്യം, ടച്ച് സ്‌ക്രീന്‍, ആപ്പ്ള്‍ കാര്‍ പ്ലേ, റിയര്‍ കാമറ തുടങ്ങിയ സൗകര്യങ്ങളെല്ലാം ലഭ്യവുമാണ്. വില 9.60 ലക്ഷം മുതല്‍.
ഫോര്‍ഡ് ഇക്കോ സ്‌പോര്‍ട്ട്
വിപണിയിലെ പുതിയ താരമല്ല ഇക്കോ സ്‌പോര്‍ട്ട്. എങ്കിലും ഇപ്പോള്‍ നവീകരിച്ച് പുറത്തിറക്കിയിരിക്കുന്ന ഇക്കോസ്‌പോര്‍ട്ടില്‍ നിരവധി പുതിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്
കമ്പനി. അപടകം സംഭവിച്ചാല്‍ എമര്‍ജന്‍സി സേവനങ്ങള്‍ ലഭ്യമാക്കുന്ന ഫോര്‍ഡ്‌സ് എമര്‍ജന്‍സി അസിസ്റ്റന്‍സ് സംവിധാനം കൂടി ഇതില്‍ ഒരുക്കിയിട്ടുണ്ട്.
ആറ് എയര്‍ബാഗുകള്‍, ഇബിഡിയോടു കൂടിയ എബിഎസ് സംവിധാനം, ലതര്‍ അപ്‌ഹോള്‍സ്റ്ററി, സ്റ്റീയറിംഗ് മൗണ്ടഡ് കണ്‍ട്രോള്‍സ്, കീ ലെസ് എന്‍ട്രി, പുഷ് സ്റ്റാര്‍ട്ട്/സ്‌റ്റോപ്പ് ബട്ടണ്‍, ഓട്ടോമാറ്റിക് ഹെഡ് ലാംപ്, ഓട്ടോമാറ്റിക് റെയ്ന്‍ സെന്‍സിംഗ് വൈപ്പേഴ്‌സ്, ഓട്ടോ ഡിമ്മിംഗ് ഐആര്‍വിഎം തുടങ്ങി നിരവധി പുതുമയുള്ള സൗകര്യങ്ങള്‍ ഇക്കോ സ്‌പോര്‍ട്ടില്‍ ഒരുക്കിയിട്ടുണ്ട്. വില 7.83 ലക്ഷം മുതല്‍
റെനോ ഡസ്റ്റര്‍
രാജ്യത്ത് കോംപാക്ട് എസ് യു വി തരംഗത്തിന് തുടക്കമിട്ടത് റെനോയുടെ ഡസ്റ്റര്‍ വിപണിയിലിറങ്ങിയതോടെയാണ്. ലോഗന്‍ എന്ന മോഡലുമായി മഹീന്ദ്ര & മഹീന്ദ്രയോടൊപ്പം ഇന്ത്യന്‍ വിപണിയിലിറങ്ങിയ യൂറോപ്യന്‍ കമ്പനിക്ക് ഡസ്റ്റര്‍ നല്‍കിയത് വലിയ കുതിപ്പാണ്.
വിപണിയിലിറങ്ങിയ ആദ്യ വര്‍ഷം തന്നെ വിപണി വിഹിതത്തിന്റെ 23 ശതമാനം കൈക്കലാക്കിയ ഡസ്റ്റര്‍ ഇപ്പോഴും മികച്ച രീതിയില്‍ തന്നെ വിറ്റു പോകുന്നു. പുതിയ ഡസ്റ്ററില്‍ നിരവധി ഫീച്ചറുകളാണ് കമ്പനി ഉള്‍പ്പെടുത്തിയിരിക്കുന്നത്. എക്‌സ് ട്രോണിക്‌സ് സിവിറ്റി ഗിയര്‍ ഷിഫ്റ്റ് സംവിധാനവും, സ്റ്റിയറിംഗിലെ മള്‍ട്ടി ഇന്‍ഫോര്‍മേഷന്‍ ഡിസ്‌പ്ലേയും ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഒആര്‍വിഎമ്മും ക്രൂസ് കണ്‍ട്രോള്‍ സിസ്റ്റവുമൊക്കെ ഡസ്റ്ററിനെ പുതുമയുള്ളതാക്കുന്നു.
മാത്രമല്ല 10 ശതമാനം കൂടുതല്‍ ഇന്ധനക്ഷമതയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. സുരക്ഷയുടെയും യാത്രാ സുഖത്തിന്റെയും കാര്യത്തിലും ഇതിനകം തന്നെ ഉപഭോക്താക്കളുടെ ഇഷ്ടം നേടാന്‍ ഡസ്റ്ററിനായിട്ടുണ്ട്. വില 7.99 ലക്ഷം മുതല്‍.