ആവേശം വാരിവിതറി 2019 ലോസ് ആഞ്ചല്‍സ് ഓട്ടോ ഷോ

കാര്‍പ്രേമികളുടെ കണ്ണും മനവും കുളിര്‍പ്പിക്കുകയാണ് ഇത്തവണത്തെ ലോസ് ആഞ്ചല്‍സ് ഓട്ടോ ഷോ. ഇലക്ട്രിക് കാറുകളും എസ്.യു.വികളും ആധിപത്യം പുലര്‍ത്തിയ ഷോയില്‍ എല്ലാ മുന്‍നിര ബ്രാന്‍ഡുകളും തങ്ങളുടെ താരങ്ങളെ അവതരിപ്പിച്ചു. ഓട്ടോഷോയില്‍ തിളങ്ങിയ വാഹനങ്ങളെ പരിചയപ്പെടാം

ഹ്യുണ്ടായ്

ഹ്യുണ്ടായ് ഒരു റേസ് കാര്‍ ഉള്‍പ്പടെ തങ്ങളുടെ വൈവിധ്യമാര്‍ന്ന വാഹനനിര ഓട്ടോഷോയില്‍ അവതരിപ്പിച്ചു. ഇതില്‍ കണ്‍സപ്റ്റ് T ആണ് എടുത്തുപറയേണ്ടത്. ഇതൊരു പ്ലഗ് ഇന്‍ ഹൈബ്രിഡ് എസ്.യു.വിയാണ്. RM 19 റേസ് കാറിന്റെ പ്രോട്ടോടൈപ്പും അവതരിപ്പിച്ചു. 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഫോര്‍ സിലിണ്ടര്‍ എന്‍ജിനാണ് ഇതിന്റേത്.

ടൊയോട്ട

ടൊയോട്ടയുടെ ആദ്യത്തെ പ്ലഗ്-ഇന്‍ ഹൈബ്രിഡ് ആയ RAV4 പ്രൈം ഓട്ടോഷോയിലെ ആകര്‍ഷണമായിരുന്നു. ഈ വിഭാഗത്തില്‍ ഏറ്റവും ഇന്ധനക്ഷമതയുള്ളതും പവര്‍ഫുള്ളുമായ വാഹനമാണിത്. 2.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഗ്യാസൊലിന്‍ എന്‍ജിനാണ് ഇതിന്റേത്. 5.8 സെക്കന്‍ഡുകള്‍ കൊണ്ട് പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗതയിലെത്താം. ഹൈബ്രിഡ് ഫ്യുവല്‍ സെല്‍ വാഹനവും ടൊയോട്ട അവതരിപ്പിച്ചു.

കിയ

2021 സെല്‍റ്റോസ്, സെല്‍റ്റോസ് എക്‌സ്-ലൈന്‍ കണ്‍സപ്റ്റ് കാറുകള്‍, നിറോ ഹൈബ്രിഡ് ഫേസ്‌ലിഫ്റ്റ് തുടങ്ങിയവയാണ് കിയ അവതരിപ്പിച്ചത്. യു.എസ് വിപണി ലക്ഷ്യമിട്ടിട്ടുള്ള 2021 സെല്‍റ്റോസിന് ചില മാറ്റങ്ങളുണ്ട്.

ഓഡി

ഇ-ട്രോണ്‍ സ്‌പോര്‍ട്ട്ബാക്കും ആര്‍എസ് ക്യൂ8ഉം അവതരിപ്പിച്ചുകൊണ്ടാണ് ഓഡി ഷോയില്‍ ശ്രദ്ധേയമായത്. 4.0 ലിറ്റര്‍ ട്വിന്‍ ടര്‍ബോ വി8 എന്‍ജിനോട് കൂടിയ സൂപ്പര്‍ എസ്.യു.വിയാണ് ആര്‍എസ് ക്യൂ8.

ഫോക്‌സ് വാഗണ്‍

ഐഡി സ്‌പേസ് വിസിയോണ്‍ അവതരിപ്പിച്ചുകൊണ്ട് കാണികളുടെ മനം കവരാന്‍ ഫോക്‌സ് വാഗണ് കഴിഞ്ഞു. ഐഡി 3, ഐഡി4 എന്നിവ കഴിഞ്ഞ് ഐഡി നിരയിലെ മൂന്നാമത്തെ മോഡലാണിത്. അറ്റലസ് ക്രോസ് സ്‌പോര്‍ട്ട് ആര്‍ എന്ന മോഡലും ഷോയില്‍ പ്രദര്‍ശിപ്പിച്ചു.

ലെക്‌സസ്

തങ്ങളുടെ ലെക്‌സസ് എല്‍സി500 കണ്‍വേര്‍ട്ടിബിള്‍ ആഗോളതലത്തില്‍ അവതരിപ്പിക്കാനുള്ള വേദിയാക്കി ഓട്ടോഷോയെ ലെക്‌സസ് മാറ്റി. 10 സ്പീഡ് ഗിയര്‍ബോക്‌സോട് കൂടിയ അഞ്ച് ലിറ്റര്‍ എന്‍ജിനാണ് ഇതിനുള്ളത്.

മെഴ്‌സിഡീസ് ബെന്‍സ്

മൂന്ന് പുതിയ എസ്.യു.വികള്‍ അവതരിപ്പിച്ചുകൊണ്ടാണ് ആഡംബര വിപണിയിലെ താരമായ മെഴ്‌സിഡീസ് ബെന്‍സ് ഓട്ടോഷോയില്‍ ശ്രദ്ധേയമായത്. AMG GLE 63, ZMG GLS 63, EQS എന്നിവയാണ് ഈ മൂന്ന് എസ്.യു.വികള്‍.

ബിഎംഡബ്ല്യു

M2 CS, M8 ഗ്രാന്‍ കൂപ്പെ, 2 സീരീസ് ഗ്രാന്‍ കൂപ്പെ എന്നിവ ആഗോളതലത്തില്‍ ആദ്യമായി അവതരിപ്പിച്ചു. കൂടാതെ എക്‌സ്5 എം, എക്‌സ്6 എം തുടങ്ങിയ ആഡംബര കാറുകളും ബിഎംഡബ്ല്യു അവതരിപ്പിച്ചു.

പോര്‍ഷെ

ഓട്ടോഷോയിലെ പോര്‍ഷെയുടെ ആകര്‍ഷണം മൂന്ന് കാറുകളായിരുന്നു. ടെയ്കാന്‍ 4S, മകാന്‍ ടര്‍ബോ, 99X എന്നിവയായിരുന്നു അവ. 79.2 കിലോവാട്ട് ബാറ്ററിപാക്കോടെ വരുന്ന എന്‍ട്രി ലെവല്‍ കാറാണ് ടെയ്കാന്‍ 4എസ്. 2.9 ലിറ്റര്‍ വി6 എന്‍ജിനാണ് മകാന്‍ ടര്‍ബോ.

Related Articles

Next Story

Videos

Share it