നാനോ പഠിപ്പിക്കുന്ന പാഠങ്ങള്‍

രത്തന്‍ ടാറ്റയുടെ സ്വപ്‌നപദ്ധതിക്ക് എന്തു സംഭവിച്ചു? ഒരു കാറിനും ലഭിക്കാത്ത ലോകശ്രദ്ധ നേടിയാണ് നാനോവിപണിയിലിറങ്ങിയത്. ബംഗാളിലെ ഇടതുപക്ഷത്തിന്റെ വിധിയെഴുത്തിന് വരെ നാനോ കാരണമായി. എന്നാല്‍ ഡിമാന്റില്‍ വന്ന ഇടിവുകൊണ്ട് നാനോയുടെ ഉല്‍പ്പാദനം കമ്പനി നിര്‍ത്തുകയാണ്.

ലോകോത്തരമായ സാങ്കേതികവിദ്യ, അതിശയിപ്പിക്കുന്ന വില... വിജയിക്കാനുള്ള എല്ലാ ഘടകങ്ങളുമുണ്ടായിട്ടും നാനോയ്ക്ക് എവിടെയാണ് കാലിടറിയത്? എല്ലാ സംരംഭകരും ഓര്‍ത്തുവെക്കേണ്ട ചില സുപ്രധാന പാഠങ്ങളാണ് നാനോ തരുന്നത്.

• കാര്‍ എന്നത് ഉപഭോക്താക്കളുടെ വെറും ആവശ്യം മാത്രമല്ല. എന്നുവെച്ചാല്‍ മഴ നനയാതെ യാത്ര ചെയ്യാനുള്ള വെറും ഉപാധി മാത്രമല്ലെന്നര്‍ത്ഥം. പലപ്പോഴും വാഹനമെന്നത് അവന്റെ ജീവിതത്തിലെ നേട്ടങ്ങളുടെ പ്രതിഫലനം കൂടിയാകുന്നു. മറ്റുള്ളവര്‍ക്ക് തങ്ങളുടെ ജീവിതവിജയം കാണിച്ചുകൊടുക്കാനുള്ള ഉപാധിയാണ് കാര്‍. ഉപഭോക്താവിന്റെ ഉള്ളിലുള്ള ആ ആഗ്രഹത്തെ തൃപ്തിപ്പെടുത്താന്‍ നാനോയ്ക്ക് കഴിഞ്ഞില്ല. 'ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ കാര്‍' എന്ന വിശേഷണം തന്നെ ആ ബ്രാന്‍ഡിന് തിരിച്ചടിയായി.

• ഇന്ത്യന്‍ യുവത്വത്തെ ആകര്‍ഷിക്കുന്നതില്‍ നാനോ ഏറെ പിന്നിലായി. ഇന്നത്തെ യുവത്വം വിലക്കുറവില്‍ വിശ്വസിക്കുന്നില്ല. ലോകത്തെ ഏറ്റവും മികച്ച സാങ്കേതികവിദ്യകളെക്കുറിച്ച് പോലും ബോധ്യമുള്ള അവരുടെ ആവശ്യത്തെ തൃപ്തിപ്പെടുത്താന്‍ ബ്രാന്‍ഡുകള്‍ക്ക് കൂടുതല്‍ ദൂരം പോകേണ്ടി വരും.

• ഡിസൈന് ഏറെ പ്രാധാന്യം കൊടുക്കുന്നവരാണ് ഇന്നത്തെ ഉപഭോക്താക്കള്‍. നാനോയുടെ രൂപം ഉള്‍ക്കൊള്ളാന്‍ ഭൂരിപക്ഷത്തിന് കഴിഞ്ഞില്ല.

• ഒരു ലക്ഷം രൂപയുടെ കാര്‍ എന്നായിരുന്നു വാഗ്ദാനമെങ്കിലും ഉല്‍പ്പാദനച്ചെലവുകള്‍ കൂടിക്കൊണ്ടിരിക്കുന്നതിനാല്‍ ആ വാഗ്ദാനം പിന്നീട് പാലിക്കാന്‍ കമ്പനിക്ക് കഴിഞ്ഞില്ല. എന്നാല്‍ 'ഏറ്റവും വിലകുറഞ്ഞ കാര്‍' എന്ന ഇമേജ് മാറിയില്ല. ഇത് ഉപഭോക്താക്കള്‍ക്ക് അസ്വസ്ഥതയുണ്ടാക്കി.

• യൂസ്ഡ് കാര്‍ വിപണിയില്‍ നിന്നുള്ള ശക്തമായ മല്‍സരം നാനോയ്ക്ക് വലിയ വെല്ലുവിളി സൃഷ്ടിച്ചു. നാനോയുടെ വിലയ്ക്ക് മികച്ച കാറുകള്‍ യൂസ്ഡ് കാര്‍ വിപണിയില്‍ ലഭിക്കുമെന്നത് ബ്രാന്‍ഡിന് തിരിച്ചടിയായി.

• നാനോ മറ്റ് കാറുകളെപ്പോലെ സുരക്ഷിതമാണ് എന്ന സന്ദേശം ഉപഭോക്താക്കള്‍ക്ക് കൊടുക്കുന്നതിലും കമ്പനി പരാജയപ്പെട്ടു.

Related Articles

Next Story

Videos

Share it