Begin typing your search above and press return to search.
വമ്പന്‍ മൈലേജ്, താങ്ങാവുന്ന വില; ഹസ്‌ലറുമായി മാരുതി ഉടന്‍ വിപണിയിലെത്തിയേക്കും
ഏറ്റവും പുതിയതും ആധുനികവുമായ ഒട്ടേറെ സവിശേഷതകൾ ഉളള ചെറിയ ബഡ്ജറ്റിലുളള എസ്.യു.വി ആയിരിക്കുമിത്
മൈലേജ് കൂടുതലുളള താങ്ങാവുന്ന വിലയില്‍ ലഭ്യമാകുന്ന കാറുകളോടാണ് ഇന്ത്യന്‍ മിഡില്‍ ക്ലാസിന് എന്നും പ്രിയം. ഇക്കാര്യത്തില്‍ എല്ലായ്പ്പോഴും വാഹന ഉപയോക്താക്കളുടെ പ്രതീക്ഷകള്‍ക്കൊത്ത് ഉയര്‍ന്ന കമ്പനിയാണ് മാരുതി സുസുക്കി. മാരുതി 800, ഓള്‍ട്ടോ കാറുകള്‍ തുടങ്ങിയവ ഇറക്കിയപ്പോഴും ഇന്ത്യയിലെ മധ്യവര്‍ത്തി കുടുംബം വലിയ വരവേല്‍പ്പാണ് ഈ മോഡലുകള്‍ക്ക് നല്‍കിയത്.
നാനോ കാര്‍ ഒരു ലക്ഷം രൂപയുടെ മോഹവിലയില്‍ ടാറ്റ മോട്ടോഴ്സ് അവതരിപ്പിച്ചപ്പോള്‍, ആദ്യം ലോവര്‍ മിഡില്‍ ക്ലാസ് വിഭാഗത്തില്‍ നിന്ന് വലിയ പ്രതികരണം ലഭിച്ചുവെങ്കിലും, പിന്നീട് ഈ കാറിന് വലിയ ചലനങ്ങളൊന്നും വാഹന വിപണിയില്‍ സൃഷ്ടിക്കാനായില്ല.
വമ്പന്‍ മൈലേജ്
ചെലവു കുറഞ്ഞ കാറുകളുടെ മുന്‍ നിരക്കാരന്‍ എന്ന നിലയില്‍ മാരുതി വേറിട്ട മറ്റൊരു പരീക്ഷണവുമായി എത്തിയിരിക്കുകയാണ്. കാറുകളില്‍ ഇതുവരെ കേട്ടിട്ടില്ലാത്ത വലിയ മൈലേജുമായിട്ടായിരിക്കും വാഹനം അവതരിപ്പിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. 23 കി. മീറ്റര്‍ മുതല്‍ 32 കി. മീ വരെ മൈലേജായിരിക്കും വാഹനത്തിനുണ്ടാകുക എന്നാണ് കരുതുന്നത്. മൈലേജിന്റെ കാര്യത്തില്‍ മാരുതി ഒരു സര്‍പ്രൈസ് ഒരുക്കിയാലും അത്ഭുതപ്പെടാനാകില്ല.
കാർ ഇന്ത്യയിൽ അവതരിപ്പിക്കുന്നതിനെക്കുറിച്ച് മാരുതി ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം പുറപ്പെടുവിച്ചിട്ടില്ല. 2024 ഓഗസ്റ്റില്‍ കമ്പനി വാഹനത്തിന്റെ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.
പുതിയ ഹസ്‌ലര്‍ അടുത്തു തന്നെ വിപണിയില്‍ അവതരിപ്പിക്കാനുളള തയാറെടുപ്പുകളാണ് പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. ടാറ്റ പഞ്ച് പോലുള്ള കാറുകളോട് നേരിട്ട് മത്സരിക്കാൻ ഒരുങ്ങുകയാണെന്നും മാരുതി വ്യക്തമാക്കിയിരുന്നു.
ആകര്‍ഷകമായ ഇന്ധനക്ഷമതയുള്ള ഒതുക്കമുള്ള കാർ എന്ന വിശേഷണവുമായാണ് ഹസ്‌ലർ മാരുതി അവതരിപ്പിക്കുന്നത്. ഉപയോക്താക്കള്‍ക്ക് ഏറ്റവും പുതിയതും ആധുനികവുമായ ഒട്ടേറെ സവിശേഷതകൾ ലഭിക്കുന്ന ചെറിയ ബഡ്ജറ്റിലുളള എസ്.യു.വി ആയിരിക്കുമിതെന്നും കമ്പനി പറയുന്നു.
വാഹനത്തിന്റെ എഞ്ചിന്‍
660 സി.സി 3-സിലിണ്ടർ പെട്രോൾ എഞ്ചിനാണ് വാഹനത്തിന് നൽകിയിരിക്കുന്നത്. നഗരത്തിൽ താമസിക്കുന്നവര്‍ക്ക് വലിയ ട്രാഫിക് ബ്ലോക്കുകള്‍ കാരണം വാഹനങ്ങള്‍ക്ക് മൈലേജ് കാര്യമായി ലഭിക്കുന്നില്ല പരാതികള്‍ നിരന്തരം കേള്‍ക്കുന്നതാണ്. ഈ വാഹനം ഇത്തരം പരാതികളുളള ആളുകൾക്ക് മികച്ച ഒന്നായിരിക്കുമെന്നാണ് കരുതുന്നത്.
മോഡലിന്റെ വില സംബന്ധിച്ച് വ്യക്തത കൈവന്നിട്ടില്ലെങ്കിലും സാധാരണക്കാരന് താങ്ങാവുന്ന വിലയിലായിരിക്കും ഹസ്‌ലര്‍ അവതരിപ്പിക്കുകയെന്നാണ് കരുതുന്നത്. 6 ലക്ഷത്തിനടുത്ത് ആയിരിക്കും വാഹനത്തിന്റെ വിലയെന്നും റിപ്പോര്‍ട്ടുകളുണ്ട്. കൃത്യമായ വില വാഹനം പുറത്തിറങ്ങിയ ശേഷമായിരിക്കും അറിയാന്‍ സാധിക്കുക.
Next Story
Videos