ഏഴ് മാസം കൊണ്ട് മൂന്ന് ലക്ഷം ബിഎസ് 6 കാറുകള്‍ വിറ്റതായി മാരുതി സുസുകി

ഏഴ് മാസങ്ങള്‍ക്കുള്ളില്‍ ഇന്ത്യയില്‍ മൂന്ന് ലക്ഷം ബിഎസ് 6 കാറുകള്‍ വിറ്റതായി മാരുതി സുസുകി. ഇതത്രയും പെട്രോള്‍ എന്‍ജിന്‍ ഉപയോഗിക്കുന്നവയാണ്. ഉല്‍സവ കാലമായ ഒക്ടോബറില്‍ മാത്രം ഒരു ലക്ഷത്തോളം ബിഎസ് 6 കാറുകള്‍ വില്‍ക്കാന്‍ മാരുതി സുസുകിക്ക് കഴിഞ്ഞു.
മാരുതി സുസുകിയാണ് ഇന്ത്യന്‍ വിപണിയില്‍ ഏറ്റവുമധികം ബിഎസ് 6 പെട്രോള്‍ വാഹനങ്ങളുള്ള കാര്‍ നിര്‍മാതാവ്. ഈ ഏപ്രിലിലാണ് ബലേനോയുടെയും ഓള്‍ട്ടോയുടെയും ബിഎസ് 6 മോഡലുകള്‍ വിപണിയിലെത്തിച്ചത്. സ്വിഫ്റ്റ്, ഡിസയര്‍, എസ്-പ്രെസോ, എര്‍ട്ടിഗ, എക്സ്എല്‍6, വാഗണ്‍ആര്‍ (1.0 ലിറ്റര്‍, 1.2 ലിറ്റര്‍) എന്നിവയും ബിഎസ് 6 മോഡലുകളാണ്. ബിഎസ് 4 ഗ്രേഡ് ഇന്ധനം ഉപയോഗിച്ച് പ്രശ്നങ്ങളൊന്നുമില്ലാതെ ബിഎസ് 6 പെട്രോള്‍ വാഹനങ്ങള്‍ക്ക് ഓടാന്‍ കഴിയുമെന്ന് കമ്പനി വ്യക്തമാക്കി. ബിഎസ് 6 മാനദണ്ഡമുള്ള ഡീസല്‍ വാഹനങ്ങള്‍ മാരുതി സുസുകി വില്‍ക്കുന്നില്ല.
തങ്ങളുടെ എല്ലാ പെട്രോള്‍ കാറുകളും ബിഎസ് 6 പാലിക്കുന്നതായി ബിഎംഡബ്ല്യു ഇന്ത്യ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഹ്യുണ്ടായ്, കിയ മോട്ടോഴ്സ് എന്നീ കാര്‍ നിര്‍മാതാക്കളും ഇന്ത്യയില്‍ ബിഎസ് 6 വാഹനങ്ങള്‍ അവതരിപ്പിച്ചിരുന്നു. കിയ സെല്‍റ്റോസിന് ബിഎസ് 6 ഡീസല്‍ എന്‍ജിന്‍ കരുത്തേകുന്നു. 2020 ഏപ്രില്‍ ഒന്ന് മുതല്‍ ഇന്ത്യയില്‍ വില്‍ക്കുന്ന എല്ലാ കാറുകള്‍ക്കും ബിഎസ് 6 എന്‍ജിന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.അതിനുമുമ്പായി എല്ലാ നഗരങ്ങളിലും ബിഎസ് 6 ഇന്ധനം ലഭ്യമാകുമെന്നാണു പ്രതീക്ഷ.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline