മാര്‍ച്ച് പാദത്തില്‍ 2670 കോടി രൂപയുടെ അറ്റാദായം നേടി മാരുതി സുസുക്കി ഇന്ത്യ
ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ 2022-23 സാമ്പത്തിക വര്‍ഷം മാര്‍ച്ച് പാദത്തില്‍ 2670 കോടി രൂപയുടെ സംയോജിത അറ്റാദായം നേടി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 1,875.8 കോടി രൂപയായിരുന്നു. 43 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. കമ്പനിയുടെ പ്രവര്‍ത്തന വരുമാനം മുന്‍ വര്‍ഷത്തെ 25,513.2 കോടി രൂപയില്‍ നിന്ന് അവലോകന പാദത്തില്‍ 20 ശതമാനം ഉയര്‍ന്ന് 32,048 കോടി രൂപയായി.
കമ്പനിയുടെ മൊത്തം ചെലവ് മുന്‍ വര്‍ഷം ഇതേ പാദത്തിലെ 25,024.2 കോടി രൂപയില്‍ നിന്ന് 18 ശതമാനം വര്‍ധിച്ച് 29,546.9 കോടി രൂപയായി. അവലോകന പാദത്തിലെ പലിശ, നികുതി തുടങ്ങിയ ബാധ്യതകള്‍ക്ക് മുമ്പുള്ള ലാഭം (EBITDA) 38 ശതമാനം ഉയര്‍ന്ന് 3,350 കോടി രൂപയെത്തി. മാര്‍ച്ച് പാദത്തില്‍ കമ്പനി മൊത്തം 514,927 വാഹനങ്ങള്‍ വിറ്റഴിച്ചു. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി ഒരു ഓഹരിക്ക് 90 രൂപ ലാഭവിഹിതം ബോര്‍ഡ് പ്രഖ്യാപിച്ചു.
അധിക ശേഷി സൃഷ്ടിക്കും
കയറ്റുമതി ഉള്‍പ്പെടെയുള്ള വിപണി ആവശ്യകതയുടെ ഭാഗമായി പ്രതിവര്‍ഷം 10 ലക്ഷം വാഹനങ്ങള്‍ വരെ ചേര്‍ത്ത് അധിക ശേഷി സൃഷ്ടിക്കുന്നതിന് ബോര്‍ഡ് തത്വത്തില്‍ അംഗീകാരം നല്‍കി. നിലവില്‍ മനേസറിലും ഗുരുഗ്രാമിലുമായി ഏകദേശം 13 ലക്ഷം വാഹനങ്ങളാണ് മാരുതി സുസുക്കിയുടെ ശേഷി.
2022-23 സാമ്പത്തിക വര്‍ഷത്തില്‍
മാര്‍ച്ചില്‍ അവസാനിച്ച മുഴുവന്‍ സാമ്പത്തിക വര്‍ഷം കണക്കിലെടുത്താല്‍ കമ്പനിയുടെ വാര്‍ഷിക വിറ്റുവരവ് 1 ലക്ഷം കോടി രൂപ കടന്നു. ഇലക്ട്രോണിക്‌സ് ഘടകങ്ങളുടെ കുറവുണ്ടായിട്ടും കമ്പനി എക്കാലത്തെയും ഉയര്‍ന്ന വാര്‍ഷിക വില്‍പ്പന രേഖപ്പെടുത്തി. കമ്പനിയുടെ അറ്റാദായം 2021-22 സാമ്പത്തിക വര്‍ഷത്തിലെ 3,766 കോടി രൂപയില്‍ നിന്ന് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 8,049 കോടി രൂപയായി.