മാരുതി വില കൂടും, അടുത്ത മാസം

വിവിധ മോഡലുകളിലുള്ള കാറുകളുടെ വില 2020 ജനുവരിയില്‍ വര്‍ദ്ധിപ്പിക്കുമെന്ന് മാരുതി സുസുക്കി ഇന്ത്യ അറിയിച്ചു. നിര്‍മ്മാണ ചെലവ് വര്‍ദ്ധിക്കുന്നതാണ് കാരണം. എന്നാല്‍ ഏതൊക്കെ മോഡലുകളുടെ വില എത്ര നിരക്കില്‍ വര്‍ദ്ധിപ്പിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല.

നിര്‍മ്മാണ ചെലവുകളുടെ ഉയര്‍ച്ച കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വാഹനങ്ങളുടെ വിലയെ പ്രതികൂലമായി ബാധിച്ചുവെന്ന് മാരുതി സുസുക്കി ഇന്ത്യ റെഗുലേറ്ററി ഫയലിംഗില്‍ വ്യക്തമാക്കി. അതിനാല്‍, 2020 ജനുവരി മുതല്‍ വിവിധ മോഡലുകളുടെ വിലവര്‍ധനയിലൂടെ കമ്പനിയുടെ അധിക ചെലവ് ഒരു പരിധി വരെ കുറയ്ക്കാനാകുമെന്നും വില വര്‍ദ്ധനവ് വിവിധ മോഡലുകള്‍ക്ക് അനുസരിച്ച് വ്യത്യാസപ്പെടുമെന്നും കമ്പനി അറിയിച്ചു.

2019 ല്‍ ഇതുവരെ രണ്ടു തവണ മാത്രമാണ് മാരുതി സുസുക്കി ഇന്ത്യയുടെ മൊത്ത വില്‍പ്പന ഉയര്‍ന്നത്. ഒക്ടോബറില്‍ 4.5 ശതമാനവും ജനുവരിയില്‍ 0.2 ശതമാനവും വര്‍ദ്ധിച്ചു. ശേഷിക്കുന്ന മാസങ്ങളില്‍ വില്‍പ്പന ഇടിഞ്ഞു. നവംബറില്‍ 1.9 ശതമാനം, സെപ്റ്റംബറില്‍ 24.4 ശതമാനം, ഓഗസ്റ്റില്‍ 32.7 ശതമാനം, ജൂലൈയില്‍ 33.5 ശതമാനം, ജൂണില്‍ 14 ശതമാനം, മെയ് മാസത്തില്‍ 22 ശതമാനം, ഏപ്രിലില്‍ 17.2 ശതമാനം , മാര്‍ച്ചില്‍ 1.6 ശതമാനം, ഫെബ്രുവരിയില്‍ 0.8 ശതമാനം ഇടിവ് രേഖപ്പെടുത്തി.

അറീന, നെക്‌സ ഡീലര്‍ഷിപ്പുകള്‍ വഴിയാണ് മാരുതിയുടെ കാര്‍ വില്‍പ്പന. ചെറു കാറുകളെ അറീനയിലൂടെയും പ്രീമിയം കാറുകളെ നെക്‌സ ശൃഖലയിലൂടെയും കമ്പനി വില്‍ക്കുന്നു. ആള്‍ട്ടോ, വാഗണ്‍ആര്‍, സെലറിയോ, എസ്-പ്രെസ്സോ, സ്വിഫ്റ്റ്, ഡിസയര്‍, വിറ്റാര ബ്രെസ്സ, എര്‍ട്ടിഗ, ഈക്കോ മോഡലുകളാണ് മാരുതിയുടെ അറീന ഡീലര്‍ഷിപ്പുകളിലുള്ളത്. പ്രീമിയം മുഖച്ഛായ അവകാശപ്പെടുന്ന ഇഗ്‌നിസ്, ബലെനോ, സിയാസ്, എസ്-ക്രോസ്, തഘ6 കാറുകളുടെ ചുമതല നെക്‌സ ഡീലര്‍ഷിപ്പുകള്‍ ഏറ്റെടുക്കുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles
Next Story
Videos
Share it