ടി.വി.എസുമായി കൈകോര്‍ത്ത് മിത്സുബിഷി ഇന്ത്യയിലേക്ക്

ജാപ്പനീസ് കമ്പനിയായ മിത്സുബിഷി ഇന്ത്യന്‍ കാര്‍ വില്‍പ്പന വിപണിയിലേക്ക് എത്തുന്നു. രാജ്യത്ത് ഡീലര്‍ഷിപ്പുകള്‍ നടത്തുന്ന ടി.വി.എസ് മൊബിലിറ്റിയുമായി കൈകോര്‍ത്താണ് കാര്‍ വില്‍പ്പന വിപണിയില്‍ അരങ്ങേറ്റം കുറിക്കുക. ടി.വി.എസ് മൊബിലിറ്റിയുടെ 30 ശതമാനത്തിലധികം ഓഹരി മിത്സുബിഷി സ്വന്തമാക്കും. തുടര്‍ന്ന് ഡീലര്‍ഷിപ്പുകളില്‍ മിത്സുബിഷിയുടെ ഉദ്യോഗസ്ഥരെ വിന്യസിക്കും. ഇതിനായി മിത്സുബിഷി 275-550 കോടി രൂപ (5-10 ബില്യണ്‍ യെന്‍) വരെ നിക്ഷേപിക്കുമെന്നാണ് സൂചന.

ടി.വി.എസ് മൊബിലിറ്റിയുടെ നിലവിലുള്ള 150 ഔട്ട്ലെറ്റുകളുടെ ശൃംഖല പ്രയോജനപ്പെടുത്തി ഓരോ കാര്‍ ബ്രാന്‍ഡിനും പ്രത്യേക ഡീലര്‍ഷിപ്പ് സ്റ്റോറുകള്‍ മിത്സുബിഷി സ്ഥാപിക്കും. ടി.വി.എസ് മൊബിലിറ്റിയുടെ കാര്‍ വില്‍പ്പന വിഭാഗം പിരിച്ചുവിട്ട ശേഷമാകും മിത്സുബിഷിയുടെ നേതൃത്വത്തിലുള്ള ഡീലര്‍ഷിപ്പുകള്‍ എത്തുക. ടി.വി.എസ് മൊബിലിറ്റി ഇതിനകം കൈകാര്യം ചെയ്യുന്ന ഹോണ്ട കാറുകളുടെ വില്‍പ്പന വിപുലീകരിക്കുന്നതിലായിരിക്കും ഡീലര്‍ഷിപ്പിന്റെ പ്രാഥമിക ശ്രദ്ധ.

കൂടുതല്‍ ജാപ്പനീസ് കാര്‍ ബ്രാന്‍ഡുകളും മോഡലുകളും ഈ ഡീലര്‍ഷിപ്പ് വഴി എത്തിക്കാന്‍ മറ്റ് ജാപ്പനീസ് വാഹന നിര്‍മ്മാണ കമ്പനികളുമായി മിത്സുബിഷി ചര്‍ച്ചകള്‍ നടത്തും. ഡീലര്‍ഷിപ്പില്‍ വൈദ്യുത വാഹനങ്ങളുമുണ്ടാകും (ഇ.വി). വാഹന വില്‍പ്പനയ്ക്ക് പുറമേ ഇതുമായി ബന്ധപ്പെട്ട മെയിന്റനന്‍സ് അപ്പോയിന്റ്മെന്റുകളും ഇന്‍ഷുറന്‍സ് പര്‍ച്ചേസുകളും സ്മാര്‍ട്ട്ഫോണ്‍ ആപ്പ് വഴി സുഗമമാക്കാനും മിത്സുബിഷി പദ്ധതിയിടുന്നുണ്ട്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it