ഓട്ടോ എക്സ്പോ: നോയ്ഡ ഒരുങ്ങി

ഈ വര്‍ഷത്തെ ഓട്ടോ എക്സ്പോയ്ക്കുള്ള തയ്യാറെടുപ്പുകള്‍ ഡല്‍ഹിയില്‍ അവസാന ഘട്ടത്തിലേക്കു കടന്നു. ഗ്രേറ്റര്‍ നോയ്ഡയിലെ ഇന്ത്യ എക്സ്പോ മാര്‍ട്ടില്‍ ഫെബ്രുവരി 7 ന് മേള ആരംഭിക്കും. 12 വരെ നീണ്ടുനില്‍ക്കും.
ഇന്ത്യയില്‍ നിന്ന് മാത്രമല്ല ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍, ദക്ഷിണ കൊറിയ, ദക്ഷിണാഫ്രിക്ക, സിംഗപ്പൂര്‍, സ്വീഡന്‍, തായ്വാന്‍, യുകെ, യുഎസ്എ തുടങ്ങി 30 രാജ്യങ്ങളില്‍ നിന്നുള്ള ഓട്ടോമോട്ടീവ് കമ്പനികളുടെ പുതു സൃഷ്ടികളും ചരിത്രവും പരിചയപ്പെടാനും ആസ്വദിക്കാനുമുള്ള അവസരം തുറന്നുതരുന്നു രണ്ടു വര്‍ഷത്തിലൊരിക്കല്‍ അരങ്ങേറുന്ന ഓട്ടോ എക്സ്പോ. ഫോര്‍ഡ്, ഹ്യുണ്ടായ്, ടാറ്റ, ഫെരാരി, ലംബോര്‍ഗിനി, പോര്‍ഷെ, ഹോണ്ട, ഹീറോ തുടങ്ങി നിരവധി കമ്പനികള്‍ ഈ എക്സ്പോയുടെ ഭാഗമാകുന്നുണ്ട്.
ഓട്ടോ എക്‌സ്‌പോ എന്നത് കാറുകളുടെ മാത്രം പ്രദര്‍ശന വേദിയല്ല. ബൈക്കുകള്‍, ഇലക്ട്രിക് വാഹനങ്ങള്‍, പ്രത്യേക വാഹനങ്ങള്‍, കണ്‍സെപ്റ്റ് വാഹനങ്ങള്‍, ഡിസൈന്‍, ഓട്ടോമോട്ടീവ് സ്ഥാപനങ്ങള്‍, ത്രീ-വീലറുകള്‍, ഇരുചക്രവാഹനങ്ങള്‍ എന്നിവയ്ക്കായി വെവ്വേറെ വിഭാഗങ്ങളുണ്ടകും.
നൂറോളം വാഹനങ്ങള്‍ ഓട്ടോ ഷോയില്‍ പ്രദര്‍ശിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൂര്‍ണമായും പുതിയ മോഡലുകളും കണ്‍സെപ്റ്റുകളും നിലവിലെ മോഡലുകളുടെ ബിഎസ് 6 പതിപ്പുകളും അണിനിരത്തും. പുതിയ ചില വാഹന ബ്രാന്‍ഡുകളുടെ ഇന്ത്യന്‍ പ്രവേശനം ഓട്ടോ എക്സ്പോയിലൂടെ ആയിരിക്കും.2018 ല്‍ ഓട്ടോ എക്സ്പോ അരങ്ങേറിയിരുന്നു.
സംരംഭ ദിനം, ഗുഡ്വില്‍ ദിനം, കുടുംബ ദിനം, സ്ത്രീശക്തി ദിനം, ഹരിത ദിനം, ഡ്രൈവിംഗ് അനുഭവ ദിനം എന്നിങ്ങനെ ആറ് ദിവസങ്ങള്‍ക്കും ഓരോ പ്രമേയം ഉണ്ടായിരിക്കും. രാവിലെ 11 മുതല്‍ വൈകിട്ട് 7 മണി വരെ ആയിരിക്കും പ്രദര്‍ശനം. എന്നാല്‍ 8, 9 തീയതികളില്‍ രാത്രി 8 മണി വരെ സന്ദര്‍ശകരെ അനുവദിക്കും. അവസാന ദിവസമായ ഫെബ്രുവരി 12 ന് വൈകീട്ട് 6 മണി വരെ മാത്രമാണ് പ്രവേശനം.
ബുക്ക്മൈഷോയിലാണ് ഓട്ടോ ഷോ കാണുന്നതിനുള്ള ടിക്കറ്റുകള്‍ ലഭിക്കുന്നത്. ഇന്ത്യാ എക്സ്പോ മാര്‍ട്ടിലെ ബോക്സ് ഓഫീസില്‍നിന്നും ടിക്കറ്റ് വാങ്ങാം. ഡെല്‍ഹി-എന്‍സിആര്‍ മേഖലയില്‍ തെരഞ്ഞെടുത്ത മെട്രോ സ്റ്റേഷനുകളിലും ടിക്കറ്റ് ലഭിക്കും.
ഇന്ത്യയിലെ വാഹന നിര്‍മാതാക്കളുടെ കൂട്ടായ്മയായ സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബീല്‍ മാനുഫാക്ച്ചറേഴ്സ് ആണ് ഓട്ടോ എക്സ്പോ സംഘടിപ്പിക്കുന്നത്. ഓട്ടോമോട്ടീവ് കംപോണന്റ് മാനുഫാക്ച്ചറേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ, കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി എന്നിവ പിന്തുണയ്ക്കുന്നു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline