വില ₹ 1000 കോടി, ഇന്ത്യയിലെ ആദ്യത്തെ ബോയിംഗ് 737 മാക്സ് 9 വിമാനം സ്വന്തമാക്കി മുകേഷ് അംബാനി

ഇന്ത്യയിലെ ആദ്യത്തെ ബോയിംഗ് 737 മാക്സ് 9 സ്വന്തമാക്കിയിരിക്കുകയാണ് മുകേഷ് അംബാനി. ഏകദേശം 1,000 കോടി രൂപയാണ് ഈ അൾട്രാ ലോംഗ് റേഞ്ച് ബിസിനസ് ജെറ്റിന്റെ വില.
ഇന്ത്യയില്‍ ഒരു വ്യവസായിയുടെ കൈവശമുളള ഏറ്റവും ചെലവേറിയ സ്വകാര്യ ജെറ്റ് എന്ന നേട്ടവും ഇതോടെ മുകേഷ് അംബാനിയുടെ പേരിലായി. ഈ പുതിയ ജെറ്റിന് പുറമെ മറ്റ് ഒമ്പത് സ്വകാര്യ ജെറ്റുകള്‍ കൂടി റിലയൻസ് ഇൻഡസ്ട്രീസിനുണ്ട്.

വിമാനത്തിന്റെ പ്രത്യേകതകള്‍

ഒറ്റ പറക്കലില്‍ വിമാനത്തിന് 6,355 നോട്ടിക്കൽ മൈൽ (11,770 കിലോമീറ്റർ) ദൂരം സഞ്ചരിക്കാനാകും. രണ്ട് CFMI LEAP-1B എഞ്ചിനുകളില്‍ പ്രവർത്തിക്കുന്ന ലോകത്തിലെ ഏറ്റവും ചെലവേറിയ ജെറ്റുകളിൽ ഒന്നാണ് ബോയിംഗ് 737 MAX 9. മുൻഗാമിയായ ബോയിംഗ് MAX 8 നെ അപേക്ഷിച്ച് വലിയ ക്യാബിനും കാർഗോ സ്ഥലവും ഉളളതാണ്
737 MAX 9.
സ്വിറ്റ്‌സർലൻഡിലെ ബാസൽ-മൾഹൗസ്-ഫ്രീബർഗ് (ബി.എസ്.എൽ) യൂറോ എയർപോർട്ടില്‍ വിപുലമായ ക്യാബിൻ പരിഷ്‌ക്കരണങ്ങൾക്കും ഇന്റീരിയർ നവീകരണത്തിനും ശേഷമാണ് ബോയിംഗ് മാക്‌സ് 9 ഇന്ത്യയിലെത്തിയത്. ഇന്ത്യയിലെത്തുന്നതിനു മുമ്പായി ബാസൽ, ജനീവ, ലണ്ടനിലെ ലൂട്ടൺ വിമാനത്താവളങ്ങൾക്കിടയിൽ ജെറ്റ് ആറ് പരീക്ഷണ പറക്കലുകൾ പൂര്‍ത്തിയാക്കി.
നിലവിൽ വിമാനം ഡൽഹി എയർപോർട്ടിലാണ് പാർക്ക് ചെയ്തിരിക്കുന്നത്. റിലയൻസ് ഇന്‍ഡസ്ട്രീസിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന മുംബൈയിലേക്ക് ജെറ്റ് ഉടൻ എത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

റിലയന്‍സിന്റെ വിമാന ശേഖരം

18 വർഷത്തിലേറെയായി ഉപയോഗിക്കുന്ന എയർബസ് എ319 എ.സി.ജെയും രണ്ട് ബൊംബാർഡിയർ ഗ്ലോബൽ 5000 ജെറ്റുകളും റിലയന്‍സ് ഇൻഡസ്ട്രീസിന്റെ വിമാന ശേഖരത്തില്‍ ഉണ്ട്.
അതിവേഗ, ദീർഘദൂര യാത്രയ്ക്ക് അനുയോജ്യമായ ജെറ്റാണ് ബൊംബാർഡിയർ ഗ്ലോബൽ 6000. കാര്യക്ഷമതയ്ക്കും വിശ്വാസ്യതയ്ക്കും പേരുകേട്ട ഡസോള്‍ട്ട് ഫാല്‍കന്‍ 900എസ് വിമാനവും എംബ്രയർ ഇ.ആര്‍.ജെ-135 വിമാനവും കമ്പനിയുടെ സ്വകാര്യ ജെറ്റ് ശേഖരത്തില്‍ ഉള്‍പ്പെടുന്നു.
ചെറിയ റൂട്ടുകളില്‍ സഞ്ചരിക്കുന്നതിനായി രണ്ട് ഹെലികോപ്റ്ററുകളും റിലയൻസ് ഇൻഡസ്ട്രീസിന് സ്വന്തമായുണ്ട്. രാജ്യത്തിനകത്ത് കമ്പനിയുടെ വിവിധ ഓഫീസുകൾക്കും സൈറ്റുകൾക്കുമിടയിൽ വേഗത്തിലുള്ള യാത്രകൾക്കായി ഉപയോഗിക്കുന്ന ഡോഫിൻ ഹെലികോപ്റ്ററും ഹ്രസ്വദൂര യാത്രയ്ക്കുളള ആഡംബര ഹെലികോപ്റ്ററായ സിക്കോർസ്‌കി എസ് 76 ഉം കമ്പനി ഉപയോഗിക്കുന്നുണ്ട്.

Related Articles

Next Story

Videos

Share it