ഒന്നാം ദിവസം 600 കോടി രൂപയുടെ വില്‍പ്പനയുമായി ഒല ഇലക്ട്രിക്

24 മണിക്കൂറിനുള്ളില്‍ ഒരു ലക്ഷം ബുക്കിംഗ് നേടി രാജ്യത്തെ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയില്‍ വിപ്ലവം സൃഷ്ടിച്ച ഒല വീണ്ടും ശ്രദ്ധേയമാകുന്നു. ഒരു സെക്കന്‍ഡില്‍ നാല് യൂണിറ്റുകള്‍ വിറ്റഴിച്ച് ഒന്നാം ദിനം തന്നെ 600 കോടി രൂപയുടെ വില്‍പ്പന നേടിയിരിക്കുകയാണ് ഈ കമ്പനി. 24 മണിക്കൂറിനുള്ളില്‍ 600 കോടിയിലധികം വിലമതിക്കുന്ന എസ് 1, എസ് 1 പ്രോ സ്‌കൂട്ടറുകള്‍ വിറ്റഴിച്ചതായി ഒല വ്യക്തമാക്കി.

കഴിഞ്ഞയാഴ്ച വെബ്‌സൈറ്റ് തകരാറിലായതിനെ തുടര്‍ന്ന് ഇ-സ്‌കൂട്ടര്‍ വില്‍പ്പന മാറ്റിവയ്‌ക്കേണ്ടി വന്ന ഓല ഇലക്ട്രിക്, ബുധനാഴ്ചയാണ് വില്‍പ്പന ആരംഭിച്ചത്. പൂര്‍ണമായും ഒല ആപ്പ് വഴിയാണ് ഇ-സ്‌കൂട്ടറുകളുടെ വാങ്ങല്‍ പ്രക്രിയകള്‍ നടക്കുന്നത്. ജൂലൈ 15 നാണ് ഓല ബുക്കിംഗ് ആരംഭിച്ചത്. അതേസമയം, ബുക്ക് ചെയ്തവര്‍ക്ക് ഇന്ന് രാത്രി വരെ സ്‌കൂട്ടര്‍ വാങ്ങാവുന്നതാണെന്ന് കമ്പനി അറിയിച്ചു. ഇന്ന് രാത്രിയോടെ പര്‍ച്ചേഴ്‌സ് വിന്‍ഡോ ക്ലോസ് ചെയ്യുമെന്നും ഇപ്പോള്‍ വാഹനം വാങ്ങാത്തവര്‍ക്ക് റിസര്‍വില്‍ തുടരാവുന്നതാണെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ബുക്കിംഗ് ടോക്കണായി നല്‍കിയ 500 രൂപയ്ക്ക് പുറമെ 20,000 രൂപയാണ് ബുക്കിംഗ് സ്ഥിരീകരണത്തിന് അടയ്‌ക്കേണ്ടത്.
99,999 രൂപ മുതല്‍ ആരംഭിക്കുന്ന (സംസ്ഥാന സര്‍ക്കാര്‍ ഇന്‍സെന്റീവുകള്‍, രജിസ്‌ട്രേഷന്‍ ഫീസ്, ഇന്‍ഷുറന്‍സ് ചെലവ് എന്നിവ ഒഴികെ), ഓലയുടെ ഇ-സ്‌കൂട്ടറുകള്‍ക്ക് ആതര്‍ എനര്‍ജി, ഹീറോ ഇലക്ട്രിക്, ബജാജിന്റെ ചേതക്, ടിവിഎസ് ഐക്യൂബ് എന്നിവയാണ് പ്രധാന എതിരാളികളായി വിപണിയിലുണ്ടാവുക.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it